നടനകലയുടെ സൗകുമാര്യം ; സുകുമാരിയമ്മ അരങ്ങൊഴിഞ്ഞിട്ട് 11 ആണ്ട്

March 26, 2024

മലയാള സിനിമയിലെ അനശ്വര നായിക സുകുമാരിയമ്മ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷങ്ങള്‍. ആറ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമ ജീവിതത്തില്‍ നായികയായും അമ്മയായും അമ്മൂമ്മയും അഭിനയിച്ച് പ്രേക്ഷകരുമായി ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാന്‍ സുകുമാരിക്ക് സാധിച്ചിരുന്നു. കുശുമ്പും ആസൂയയും കുറുമ്പും ഹൃദയം നിറഞ്ഞൊഴുകുന്ന വാത്സല്യവുമെല്ലാം മിന്നിമായുന്ന മുഖം ആ മുഖം ഇന്നും പ്രേക്ഷക ഹൃദയങ്ങളിലുണ്ട്. അസൂയക്കാരിയായ അയല്‍ക്കാരിയും പൊങ്ങച്ചം പറയുന്ന പരിഷ്‌കാരിയായ അമ്മായിയായും സ്‌നേഹം വാത്സല്യവും തുളുമ്പുന്ന അമ്മയായും അവര്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. ( Remembering legandary Actress Sukumari )

ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ മലയാളം, തമിഴ്, തെലുഗു, കന്നട, ബംഗാളി, ഹിന്ദി ഭാഷകളിലായി 2500 ലേറെ സിനിമകളിലാണ് സുകുമാരിയമ്മ വേഷമിട്ടിട്ടുള്ളത്. 60 വര്‍ഷത്തിലധികം വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന അപൂര്‍വ്വം ചില അഭിനേത്രികളില്‍ ഒരാള്‍ കൂടിയായിരുന്നു സുകുമാരി.

10-ാം വയസില്‍ ഒരിരവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി സിനിമ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. 1956ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. പിന്നീടങ്ങോട്ട് ആറ് പതിറ്റാണ്ടുകള്‍ നീണ്ട സിനിമ ജീവിതത്തില്‍ 2500ഓളം ചിത്രങ്ങളിലാണ് വേഷമിട്ടത്. ചെയ്തുവച്ച ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കും പ്രത്യേക സുകുമാരി ടച്ചുണ്ടായിരുന്നു എന്ന് വേണം പറയാം.

Read Also : ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

മഴത്തുള്ളിക്കിലുക്കത്തിലെ കിക്കിലിച്ചേടത്തിയെപ്പോലെ കുടുകുടാ ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍. മിഴികള്‍ സാക്ഷിയിലെ നബീസയെപ്പോലെ ഒരു നോവായി കടന്നുപോയ മുഖങ്ങള്‍. ബോയിങ് ബോയിങ്ങില്‍ മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായി, പൂച്ചക്കൊരു മൂക്കുത്തിയിലെ വെസ്റ്റേണ്‍ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന, എല്ലായ്‌പ്പോഴും വൃത്തിയായി ഒരുങ്ങി നടക്കുന്ന രേവതിയമ്മ, വന്ദനത്തിലെ കാര്‍ക്കശ്യക്കാരിയായ മാഗിയാന്റി, തലയണമന്ത്രത്തിലെ മുക്കുകണ്ണാടി വച്ച്, പരിഷ്‌കാരത്തോടൊപ്പം പരദൂഷണവും അലങ്കാരമാക്കി നടക്കുന്ന നടക്കുന്ന സുലോചന തങ്കപ്പന്‍. അങ്ങനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആറ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന അഭിനയ ജീവിതത്തിലൂടെ സമ്മാനിച്ച ഓര്‍മകള്‍. അനശ്വരമാക്കിയ വേഷങ്ങളിലൂടെ സുകുമാരി പ്രേക്ഷകമനസുകളില്‍ നിലനില്‍ക്കും.

Story highlights : Remembering legandary Actress Sukumari