‘മഞ്ഞുമ്മൽ ഗേൾസ് ഇൻ മുംബൈ’; വനിത പ്രീമിയര്‍ ലീഗിലും തരംഗമായി മഞ്ഞുമ്മൽ..!
യഥാര്‍ഥ സംഭവത്തെ ആധാരമാക്കി ചിദംബരം സംവിധാനം നിര്‍വഹിച്ച മഞ്ഞുമ്മല്‍ ബോയ്സ് തരംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വനിത പ്രീമിയര്‍ ലീഗിലും മഞ്ഞുമ്മല്‍ ബോയ്സ് തരംഗമായി മാറിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരമായ സജന സജീവനും കീര്‍ത്തന ബാലകൃഷ്ണനും ചേര്‍ന്ന് ഡ്രസിങ് റൂമില്‍ വച്ചു മഞ്ഞുമ്മല്‍ ബോയ്സിലെ പാട്ട് പാടിയതാണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്. ( Sajana Sajeevan’s performance in WPL )
മുന്‍ ഇന്ത്യന്‍ വനിത താരം ജുവല്‍ ഗോസ്വാമിയും ഇരുവര്‍ക്കുമൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. മഞ്ഞുമ്മല്‍ ബോയ്സ് കണ്ടതിന് ശേഷമുള്ള സുഹൃത്തുക്കളുടെ ആഘോഷം എന്ന ക്യാപ്ഷ്നോടെയാണ് ഈ വീഡിയോ പങ്കുവച്ചത്.
നേരത്തെയും സജന പാട്ടുപാടി സഹതാരങ്ങളെ ഞെട്ടിച്ചിരുന്നു. ആരാധകര്‍ക്കൊപ്പമുള്ള ആഘോഷ പരിപാടിക്കിടെ കലാഭവന്‍ മണിയുടെ പാട്ടുപാടിയാണ് ശ്രദ്ധനേടിയത്. കാണികളില്‍ ഒരാള്‍ക്കൊപ്പമാണ് ചാലക്കുടി ചന്തക്ക് പോകുമ്പോള്‍ എന്ന ഗാനം ഗംഭീരമായി പാടിയിരുന്നത്.
Read Also: വീഞ്ഞ് പോലെ ആൻഡേഴ്സൺ; ടെസ്റ്റിൽ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളർ..!
മാനന്തവാടി സ്വദേശിനിയായ 26-കാരിയായ സജന സജീവന്. വനിത പ്രീമിയര്‍ ലീഗിലെ ഡല്‍ഹിക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ അവസാനത്തെ പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്സര്‍ പറത്തി മുംബൈയ്ക്ക് വിജയം നേടികൊടുത്തിരുന്നു. ഇതോടെ ലേഡി പൊള്ളാര്‍ഡ് എന്നാണ് സഹതാരങ്ങള്ക്കിടയില് മലയാളി താരം അറിയപ്പെടുന്നത്. ഫീല്‍ഡിങിലും പൊള്ളാര്‍ഡിനെ അനുസ്മരിപ്പിക്കുംവിധം തകര്‍പ്പന്‍ ക്യാച്ചുകളുമായി കളംനിറഞ്ഞിരുന്നു. അണ്ടര്‍ 23 വനിത ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവുതെളിയിച്ച സജന വനിത പ്രീമിയര്‍ ലീഗിലും തന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധനേടുകയാണ്.
Story highlights : Sajana Sajeevan’s performance in WPL