നേരിട്ടുകണ്ടു, സംസാരിച്ചു, പരിമിതികൾ മറന്ന് സഞ്ജുവിനെതിരെ പന്തെറിഞ്ഞ് 11-കാരൻ യാസീൻ..!

March 4, 2024

സാമൂഹിക മാധ്യമങ്ങളില്‍ മലയാളികളായ കായിക പ്രേമികളുടെ മനംകവര്‍ന്ന കൊച്ചു മിടുക്കനാണ് കായംകുളം സ്വദേശിയായ 11 വയസുകാരന്‍ മുഹമ്മദ് യാസീന്‍. ജന്മനാല്‍ ഒരു കയ്യും കാലുമില്ലാത്ത ഒരു കൈ പകുതി മാത്രമുള്ള യാസീന്‍ പന്ത് തട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ഈ വീഡിയോയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും ഒപ്പം മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരത്തെയും കാണണമെന്ന ആഗ്രഹവും പങ്കുവച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാനും അവര്‍ക്കൊപ്പം പന്ത് തട്ടാനും അവസരം കിട്ടിയ യാസീന് ഇപ്പോള്‍ സഞ്ജുവിനെ കാണാനും അവസരം ലഭിച്ചിരിക്കുകയാണ്. ( Sanju samson met Mohammed Yasin at Perinthalmanna )

യാസീന്‍ സഞ്ജുവിനെ നേരിട്ട് കാണണമെന്നും ക്രിക്കറ്റ് കളിക്കണമെന്നുമുള്ള ആഗ്രഹം വെളിപ്പെടുത്തിയതിന് പിന്നാലെ, സഞ്ജു യാസീനെ നേരിട്ട് വീഡിയോ കോള്‍ ചെയ്യുകയും വിശേഷങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. അടുത്ത തവണ നാട്ടിലെത്തുന്ന സമയത്ത് നേരിട്ട് കാണാമെന്നുള്ള ഉറപ്പും നല്‍കിയിരുന്നു. ഇപ്പോള്‍ ആ കൊച്ചുമിടുക്കന്റെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് സഞ്ജു. ഭിന്നശേഷിക്കാരനായ മുഹമ്മദ് യാസീന്റെ കൂടെയുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നേരിട്ടുകണ്ട സഞ്ജു യാസീനൊപ്പം കുറച്ചുസമയം ക്രിക്കറ്റ് കളിക്കുകയും ചെയ്തു. സഞ്ജു ബാറ്റെടുത്തതോടെ യാസീന്‍ പന്തെറിഞ്ഞ് നല്‍കുകയായിരുന്നു. ഒപ്പിട്ട തൊപ്പിയും സമ്മാനിച്ച സഞ്ജു കുടുംബത്തോടൊപ്പം വീട്ടില്‍ വരാമെന്നും യാസിനെ അറിയിച്ചിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സഞ്ജുവിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

Read Also : കണ്ടം ക്രിക്കറ്റ് കളിച്ചാലും കാര്യമുണ്ട്; സ്ട്രീറ്റ് ക്രിക്കറ്റ് ടീം ബാം​ഗ്ലൂർ സ്ട്രൈക്കേഴ്സിലേക്ക് ഹരീഷിന്റെ സൂപ്പർ എൻട്രി

ഐപിഎല്ലിന്റെ 17-ാം സീസണിനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. നിലവില്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ് മലയാളി താരം. അടുത്തിടെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ ഒരു കോടി പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡില്‍ സഞ്ജു ഇടം നേടി. ഇനി ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടമുറപ്പിക്കുക എന്നതാണ് ലക്ഷ്യം.

Story highlights : Sanju samson met Mohammed Yasin at Perinthalmanna