ഇത് ബുള്ളറ്റ് റാണി; വെല്ലുവിളികളെ നിഷ്പ്രഭമാക്കിയ വനിതാ മെക്കാനിക്!
ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് മാതൃകയും പ്രചോദനവുമേകുന്നവര്‍. ആര് രോഹിണി എന്ന മിടുക്കിയും നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമാകുകയാണ്. ‘ബുള്ളറ്റ് റാണി’ എന്നാണ് ഈ യുവതി അറിയപ്പെടുന്നത് പോലും. ആത്മവിശ്വാസത്തിന്റെ കരുത്തും പ്രതീക്ഷയുടെ വെളിച്ചവുമെല്ലാം പകരുന്ന ബുള്ളറ്റ് റാണി എന്ന ആര് രോഹിണിയുടെ ജീവിതത്തെക്കുറിച്ചറിയാം.
ജീവിതത്തിലെ വെല്ലുവിളികളേയെല്ലാം അതീജിവിച്ചുകൊണ്ട് മികച്ചൊരു മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണ് ആര് രോഹിണി. തമിഴ്നാട്ടിലെ കുംഭകോണമാണ് ഈ ബുള്ളറ്റ് റാണിയുടെ നാട്. ബുള്ളറ്റ് ഓടിക്കുന്നതിലും നന്നാക്കുന്നതിലുമെല്ലാം ബഹുമിടുക്കിയായതിനാലാണ് രോഹിണിയിക്ക് ബുള്ളറ്റ് റാണി എന്ന വിളിപ്പേര് വീണത്. സാധാരണ സ്ത്രീകള്‍ അധികമായി കടന്നുവരാത്ത മേഘലയാണ് ഇരു ചക്ര വാഹനങ്ങളുടെ മൈന്റനന്‍സ്. എന്നാല്‍ ആ മേഖലയില്‍ ഇന്ന് തിളങ്ങുന്ന നക്ഷത്രമാണ് ഈ ബുള്ളറ്റ് റാണി.
അച്ഛന്റെ ജീവിത മാതൃക പിന്തുടര്ന്നുകൊണ്ടാണ് രോഹിണി മെക്കാനിക്കിങിലേയ്ക്ക് തിരിഞ്ഞത്. ബുള്ളറ്റുകളുടെ എഞ്ചിന് കംപ്ലേയ്ന്റ് പരിഹരിക്കാനും ടയറുകള്‍ മാറ്റാനും വെല്‍ഡിങ് ചെയ്യാനുമെല്ലാം രോഹിണിയ്ക്കറിയാം. ചെറുപ്പം മുതല്ക്കേ അച്ഛനൊപ്പം വര്‍ക്ക് ഷോപ്പില്‍ പോയിരുന്ന രോഹിണിയുടെ ജീവിതത്തില്‍ രണ്ട് അപകടങ്ങളുണ്ടായി. ഈ അപകടങ്ങള്‍മൂലം വിദ്യാഭ്യാസവും പാതിവഴിയില്‍ മുടങ്ങി.
2008-ലായിരുന്നു ഒരു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയില് മെയിന്‍ റോഡില്‍ വെച്ച് ഒരു ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രോഹിണി പിന്നീട് ദിവസങ്ങളോളം കിടപ്പിലായിരുന്നു. അതോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മുടങ്ങി. പിന്നീട് ഏറെക്കാലത്തേയ്ക്ക് തലവേദനയും ശരീരവേദനയും രോഹിണിയെ പിന്തുടര്ന്നു. അതുകൊണ്ടുതന്നെ പിന്നീട് സ്കൂളില്‍ പോകാനോ പഠനം തുടരാനോ രോഹിണിയ്ക്ക് സാധിച്ചില്ല. അങ്ങനെ അച്ഛനൊപ്പം രോഹിണി വര്‍ക് ഷോപ്പില്‍ ഇരുന്നുതുടങ്ങി. ഇതിനിടെ ഒരിക്കല്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവേ ബ്രേക്കിന് കംപ്ലെയ്ന്റ് വന്നതോടെ മറ്റൊരു അപകടവും ഉണ്ടായി. എന്നാല്‍ ഈ അപകടത്തേയും മനോധൈര്യം കൊണ്ട് രോഹിണി ചെരുത്തു തോല്പിച്ചു.
Read also: ഇത് ‘ഐറിസ്’- കേരളത്തിലെ ആദ്യത്തെ ജനറേറ്റീവ് AI ടീച്ചർ ശ്രദ്ധനേടുന്നു
രോഹിണിയേ മാത്രമല്ല, മറ്റ് പെണ്മക്കളേയും ഭാര്യയേും അച്ഛന് വര്‍ക്ക് ഷോപ്പില്‍ സഹായത്തിന് കൂട്ടിയിരുന്നു. ഇത് സ്ത്രീകള്‍ക്ക് ചേരുന്ന ജോലിയല്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെയാണ് അദ്ദേഹം കുടുംബത്തെ ഒപ്പം ചേര്‍ത്തത്. അതുകൊണ്ടുതന്നെ മെക്കാനിക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഈ കുടുംബത്തിന് നല്ല അറിവുണ്ട്. മികച്ച വിദ്യാഭ്യാസം സ്വന്തമാക്കിയില്ലെങ്കിലും ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അറിയാമെന്ന് രോഹിണി പറയുന്നു. അതും ആത്മവിശ്വാസത്തോടെയും നിറഞ്ഞ സന്തോഷത്തോടെയും. പ്രതിമാസം മികച്ച ഒരു വരുമാനവും ഈ മേഖലയില്‍ നിന്നും രോഹിണി നേടുന്നുണ്ട്. മാത്രമല്ല പല സ്ത്രീകളേയും പരിശീലിപ്പിയ്ക്കുന്നുമുണ്ട്. ജോലി ഇല്ലാത്ത സ്ത്രീകള്‍ക്ക് മികച്ച ഒരു കരിയര്‍ സാധ്യതകൂടി പരിചയപ്പെടുത്തുകയാണ് ബുള്ളറ്റ് റാണി എന്ന രോഹിണി.
Story highlights- Story of a women mechanic