ഹൃദയം തൊടുന്ന ഒരു ‘തങ്കമണി’ സിനിമ യാത്ര; പ്രേക്ഷക കയ്യടി നേടി ദിലീപ് ചിത്രം
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത, മലയാളക്കരയുടെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്താനിടയാക്കിയ തങ്കമണി സംഭവം. കെ കരുണാകരന് മന്ത്രിസഭയെ താഴെയിറക്കുന്നതിലേക്ക് പോലും കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ച തങ്കമണി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ ഇറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാടുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ക്ക് സ്വര്‍ണത്തിളക്കം നല്‍കിയാണ് ദിലീപ് നായകനായ തങ്കമണി ആദ്യ ദിനം തന്നെ കയ്യടി വാങ്ങുന്നത്. ഉടല് എന്ന മികച്ച സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദന് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ സംവിധായക മികവുകൊണ്ടുകൂടി ശ്രദ്ധേയമാണ്. തുടര്‍ച്ചയായി മികച്ച ചിത്രങ്ങള്‍ 2024-ല്‍ പുറത്തിറങ്ങി തിയേറ്ററില്‍ ആളെ കയറ്റുന്ന കാഴ്ച്ചയുടെ തുടര്‍ച്ച തങ്കമണിയും സൃഷ്ട്ടിക്കും എന്നുറപ്പിക്കാം. ( Thankamani malayalam movie review )
ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസിന്റെ ക്രൂരമായ നരനായാട്ടിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമ പക്ഷെ തങ്കമണി സംഭവത്തിനൊപ്പം മറ്റു സംഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. വേഷപ്പകര്ച്ചകൊണ്ട് എന്നും കാഴ്ചക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള ദിലീപിന്റെ വ്യത്യസ്ത വേഷ പകര്ച്ചകളിലുള്ള അഭിനയവും സിനിമയുടെ എടുത്ത് പറയേണ്ട ഘടകമാണ്. കട്ടപ്പന – തങ്കമണി റൂട്ടില്‍ ഓടിയിരുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കും തങ്കമണിക്കാരായ കോളജ് വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ആരംഭിച്ച തര്‍ക്കംവും അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും, ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ സംഭവങ്ങളിലേക്ക് നയിച്ചതെങ്ങനെയെന്നും അവിടെ അരങ്ങേറിയ വേദനയുടെ ത്രീവ്രത എത്രത്തോളമെന്നും ഈ സിനിമ കൃത്യമായി കാണിച്ച് തരുന്നുണ്ട്. ദിലീപ് അവതരിപ്പിച്ച ആബേല്‍ ജോഷ്വ മാത്തന് എന്ന കഥാപാത്രത്തിന്റെ കാഴ്ചകളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണെങ്കിലും – പ്രണയം, പ്രതികാരം തുടങ്ങിയ ഘടകങ്ങള്‍ കൂടി സിനിമയില്‍ കല്ലുകടിയാകാതെ ഇഴ ചേര്‍ത്തിട്ടുണ്ട്. സിനിമ സമ്മാനിക്കുന്ന കാഴ്ചാനുഭവവും ഹൃദയം തൊടുന്ന കഥയും സിനിമ പൂര്‍ത്തിയാകുമ്പോളും പ്രേക്ഷകരെ കസേരയില്‍ തന്നെ ഇരിപ്പുറപ്പിക്കുന്നതാണ്. 1986 കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചത് കല സംവിധായകന്റെ മിടുക്കാണ്. മനു ജഗത് എന്ന കല സംവിധായകന്റെ മികവ് ഇടുക്കിയിലേക്കും തങ്കമണിയിലേക്കും പ്രേക്ഷകനെ കൂട്ടികൊണ്ട് പോകാന്‍ അവസരമൊരുക്കി.
രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. ദിലീപിനൊപ്പം നീതാ പിള്ള, പ്രണിത സുഭാഷ്, സിദ്ദിഖ്, മനോജ് കെ ജയന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, മാളവിക മേനോന് തുടങ്ങി ഒരു വന്‍ താരനിരകൂടിയുണ്ട്. ചിത്രത്തെ ആദ്യ ദിനം തന്നെ വന്‍കുതിപ്പിന് സഹായിച്ചത് ഇവരുടെ അഭിനയ മികവ് കൂടിയാണ്. മനോജ് പിള്ളയുടെ ക്യാമറയും സിനിമയുടെ പ്രധാന ആകര്‍ഷണമാണ്. എണ്‍പതുകളിലെ തങ്കമണിയെ ഭംഗി ചോരാതെ ക്യാമറയിലാക്കിയിട്ടുണ്ട് മനോജ് പിള്ള. വില്യം ഫ്രാന്‍സിസിന്റെ സംഗീതവും എടുത്ത് പറയേണ്ടതാണ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം.
Read Also : സൗന്ദര്യ മത്സരവേദികളും സിനിമയും ഉപേക്ഷിച്ചു; ആഡംബരങ്ങളില്ലാതെ ബുദ്ധസന്യാസിനിയായ നടി
ഹൃദയം തൊടുന്ന ഉള്ളുലയ്ക്കുന്ന കഥയുമായെത്തി ആദ്യ ദിനം തന്നെ പ്രേക്ഷക മനസില്‍ കുടിയേറുന്ന തങ്കമണിയ്ക്ക് നിങ്ങള്‍ക്ക് ഉറപ്പായും നിങ്ങള്‍ക്ക് ടിക്കറ്റെടുക്കാം. ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല..
Story highlights : Thankamani malayalam movie review