‘എക്കാലവും നീറിപ്പുകയുന്ന ഓർമ്മ’; ‘തങ്കമണി’ നാളെ ബിഗ് സ്ക്രീനിൽ!
ഒരു ബസ് തടയലും തുടർ സംഭവങ്ങളുമൊക്കെയായി കേരള ചരിത്രത്തിൽ ഏറെ ചർച്ചയായതാണ് തങ്കമണി സംഭവം. 38 വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ഒരു സിനിമ ഇപ്പോൾ തിയേറ്ററുകളിലെത്തുകയാണ്. ദിലീപിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായി മാർച്ച് ഏഴിന് ‘തങ്കമണി’ റിലീസ് ചെയ്യുകയാണ്. (Thankamani movie to hit theatres tomorrow)
ഉടൽ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടെയാണിത്. ഏറെ പ്രത്യേകതകളുമായാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങളാണ് സിനിമ സംസാരിക്കുന്നത്.
എൺപതുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം
എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ പോലീസ് നരനായാട്ടിൽ ചോരപ്പുഴയൊഴുക്കിയ നടുക്കുന്ന സംഭവത്തെ ചലച്ചിത്രമാക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികളേവരും ഉറ്റുനോക്കുന്നത്. ‘പെണ്ണിന്റെ പേരല്ല തങ്കമണി, വെന്ത നാടിന്റെ പേരല്ലോ തങ്കമണി…’ എന്ന ശീർഷക ഗാനവുമായെത്തുന്ന സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ പുറത്തിറങ്ങിയതോടെ ഇതിനകം ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. സോഷ്യൽമീഡിയയിലുള്‍പ്പെടെ സിനിമാഗ്രൂപ്പുകളിലെല്ലാം ‘തങ്കമണി’യെ കുറിച്ച് വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
38 വർഷങ്ങൾക്ക് മുമ്പത്തെ സംഭവം
38 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു യഥാർത്ഥ സംഭവം തന്നെയാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തങ്കമണിയെന്ന മലയോര ഗ്രാമത്തിൽ ബസ് സര്‍വീസിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ അക്രമങ്ങളിലേക്ക് വഴിവെച്ചത്. വ്യാപാര കേന്ദ്രമായ കട്ടപ്പന പട്ടണത്തിൽ നിന്നും തങ്കമണിയിലേക്ക് സഞ്ചരിക്കാന്‍ ചുരുക്കം ബസുകള്‍ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. തങ്കമണിയിലേക്കുള്ള റോഡും ഏറെ മോശമായിരുന്നു. ഇവിടേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ‘എലൈറ്റ്’ ബസ് തങ്കമണിയിലേക്ക് എത്താതെ തങ്കമണിക്ക് തൊട്ടടുത്തുള്ള പാറമടയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നത് പതിവായതോടെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഇതാണ് നിഷ്ഠൂരമായ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ച സംഭവങ്ങള്‍ക്ക് വഴി തുറന്നത്.
Read also: ഓര്‍മകളിൽ ആ ചാലക്കുടിക്കാരൻ; കലാഭവൻ മണിയുടെ വേർപാടിന് എട്ടാണ്ട്
ദിലീപിന്റെ വേറിട്ട മേക്കോവർ
ഇടുക്കി തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമായെത്തുന്ന ചിത്രം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തീക്ഷ്ണമായ കണ്ണുകളും നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ് എത്തുന്ന ചിത്രമാണെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരുന്നു. അതിന് പിന്നാലെ ഏറെ വ്യത്യസ്തമായി യുവാവായുള്ള സെക്കൻഡ് ലുക്കും എത്തിയിരുന്നു. ശേഷമിറങ്ങിയ ടീസറും ട്രെയിലറുമൊക്കെ ഗംഭീര ദൃശ്യവിരുന്ന് സമ്മാനിക്കുന്നൊരു ചിത്രമാണ് ‘തങ്കമണി’യെന്ന് ഉറപ്പ് നൽകുന്നതായിരുന്നു.
രതീഷ് രഘുനന്ദനന്റെ രണ്ടാം ചിത്രം
ഒട്ടേറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കമണി’ എന്നതിനാൽ തന്നെ ദിലീപിന്റെ കരിയറിലെ ഏറെ വ്യത്യസ്തമായൊരു ചിത്രം തന്നെയാകും എന്നാണ് പ്രേക്ഷകരേവരും കണക്കുകൂട്ടുന്നത്. ഇന്ദ്രൻസിന് തന്റെ കരിയറിലെ വേറിട്ട വേഷം നൽകിയ സംവിധായകൻ തീർച്ചയായും ജനപ്രിയ നായകനെ പ്രേക്ഷകർക്ക് മുന്നിൽ ഏറെ മികവോടെ അവതരിപ്പിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
അണിയറയിൽ ശ്രദ്ധേയർ
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും, തമിഴിലേയും വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റർ: ശ്യാം ശശിധരൻ, ഗാനരചന: ബി.ടി അനിൽ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ: സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ ‘അമൃത’, സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, മിക്സിംഗ്: ശ്രീജേഷ് നായർ, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, സ്റ്റണ്ട്: രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ: അഡ്സോഫ്ആഡ്സ്, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ് .
Story highlights: Thankamani movie to hit theatres tomorrow