ഈ നാട്ടിൽ കാറുകൾക്ക് നിരോധനം! ചരിത്രമായ ഹോക്സ്ഹെഡ്
ചരിത്രപരമായി അതിശയകരവും മനോഹരവുമായ ഒരു ഗ്രാമമാണ് ഹോക്സ്ഹെഡ്. വെള്ള നിറത്തിലുള്ള വീടുകൾ, അലങ്കരിച്ച പാതകൾ, തുടങ്ങി കാഴ്ചകളുടെ ഉത്സവമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ ഗ്രാമത്തിൽ കാറുകൾ നിരോധിച്ചിരിക്കുന്നതുകൊണ്ട് ഇവിടുത്തെ സംസ്കാരിക വൈവിധ്യം ചുറ്റിനടന്നു കാണാൻ അവസരമുണ്ട്.ഒരു പുരാതന ടൗൺഷിപ്പാണ് ഹോക്സ്ഹെഡ്.
പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഗ്രാമത്തിന് പുറത്തുള്ള ഹോക്സ്ഹെഡ് ഹാൾ സന്യാസിമാരുടേതായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ സന്യാസികൾ ഇവിടം ഉപേക്ഷിച്ചതോടെ ഹോക്സ്ഹെഡ് ഒരു മാർക്കറ്റ് സ്ഥലമായി വളർന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പല കെട്ടിടങ്ങളും ഇവിടെ നിലനിൽക്കുന്നു എന്നതാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. സെന്റ് മൈക്കിൾസ്, ഓൾ ഏഞ്ചൽസ് ഇടവക പള്ളി തുടങ്ങിയവയെല്ലാം ചരിത്രം പേറി പതിനഞ്ചാം നൂറ്റാണ്ട് മുതൽ നിലകൊള്ളുകയാണ്.
സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായി മാറിയെങ്കിലും ഈ ഗ്രാമത്തിന്റെ സ്വാഭാവികതയ്ക്ക് യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഒരിക്കൽ വില്യം വേഡ്സ്വർത്തും ബിയാട്രിക്സ് പോട്ടറും കഴിഞ്ഞിരുന്ന ഇടങ്ങൾ ഇവിടെയുണ്ട്. അവരുടെ പഴയ വീടുകൾ ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു. കൂടാതെ അവർക്കായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയങ്ങളും ഗ്രാമത്തിനുള്ളിൽ സന്ദർശിക്കാം.
വിഖ്യാത കവിയായ വേഡ്സ്വർത്ത് ഇവിടെ ഗ്രാമർ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇന്ന് അദ്ദേഹത്തിന്റെ കൊത്തുപണികൾ കൊണ്ട് പൊതിഞ്ഞ പഴയ മേശകളും പ്രധാനാധ്യാപകന്റെ മേശയും ക്ലാസ് റൂമും അവയുടെ യഥാർത്ഥ രൂപത്തിൽ മ്യൂസിയം പോലെ നിലകൊള്ളുന്നു. എഴുത്തുകാരിയായ ബിയാട്രിക്സ് പോട്ടറുടെ പേരിൽ മ്യൂസിയവും ഗാലറിയും അവരുടെ യഥാർത്ഥ ഡ്രോയിംഗുകളും ഈ നാട്ടിൽ തലയെടുപ്പോടെ നിലകൊള്ളുന്നുണ്ട്.
വിനോദസഞ്ചാരം ഇപ്പോൾ ഗ്രാമത്തിലെ പ്രധാന വ്യവസായമാണ്. മനോഹരമായ ഗസ്റ്റ് ഹൗസുകൾ , ടീഷോപ്പുകൾ, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവയൊക്കെ വിനോദ സഞ്ചാരത്തിന്റെ പ്രോത്സാഹിപ്പിക്കാൻ അടുത്തകാലത്ത് ഒരുങ്ങിയതാണ്. ഗ്രാമത്തിനുള്ളിലെ കാഴ്ചകൾക്ക് പുറമെ വനവും വിനോദ സഞ്ചാരികൾക്കായി മുഖം മിനുക്കിയിട്ടുണ്ട്. ട്രീ റൂമുകൾ, ട്രീ ടോപ്പ് ട്രെക്ക് എന്നിവയുൾപ്പെടെ വളരെയധികം സൗകര്യങ്ങൾ കാടിനുള്ളിലുണ്ട്.
Read also: ‘മഞ്ഞുമ്മൽ ഗേൾസ് ഇൻ മുംബൈ’; വനിത പ്രീമിയര് ലീഗിലും തരംഗമായി മഞ്ഞുമ്മൽ..!
യുകെയിലെ ഏറ്റവും പ്രിയപ്പെട്ട ദേശീയ പാർക്കുകളിലൊന്നായ ലേക് ഡിസ്ട്രിക്റ്റിലാണ് ഹോക്സ്ഹെഡ് സ്ഥിതിചെയ്യുന്നത്. എസ്റ്റ്വൈറ്റ് വാട്ടർ, കോനിസ്റ്റൺ വാട്ടർ, വിൻഡർമീർ തടാകം എന്നിവയ്ക്ക് സമീപമാണ് ഈ പ്രദേശം.
Story highlights- The history of Hawkshead village