കോൺ വീടുകളുടെ വെയ്റിബോ; 1984 വരെ പുറത്തുനിന്നാരും പ്രവേശിക്കാത്ത ഇന്തോനേഷ്യൻ ഗ്രാമം..!
ഇന്തോനേഷ്യ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുക അവിടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബാലിയുടെ ചിത്രമാകും. സഞ്ചാരികള്‍ക്കായി അനേകം അദ്ഭുതങ്ങള്‍ കാത്തുവച്ചിട്ടുള്ള ഒരു രാജ്യമാണ് ഇന്തോനേഷ്യ. സാധാരണ സഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന ബാലിയില്‍ നിന്നും വ്യത്യസ്തമായ ഒരു നാടാണ് ഫ്ളോറസ് ദ്വീപിലെ വെയ്റിബോ ഗ്രാമം. എംബാരു നിങ് എന്നു പേരുള്ള, കോണാകൃതിയിലുള്ള വീടുകളാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ഗ്രാമത്തിന്റെ പ്രധാന ആകര്‍ഷണം. ( Waerebo Village in Flores Island )
അഞ്ചു തട്ടുകള്‍ ഉള്‍പ്പെടുന്നതാണ് എംബാരു നിങ് വീടുകളുടെ ഘടന. ഇതില്‍ ഏറ്റവും താഴെയുള്ള തട്ടിലാണ് താമസിക്കാനുള്ള സ്ഥലം ഒരുക്കിയിട്ടുള്ളത്. രണ്ടാമത്തെ തട്ടിലാണ് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കുന്നത്. മൂന്നാം തട്ടായ ലെന്റാറില്‍ അടുത്ത കൃഷിയുടെ ആവശ്യത്തിനായുള്ള വിത്തുകളും നാലാമത്തെ തട്ടായ ലെംപാ റേയില്‍ ക്ഷാമമോ ദുരിതമോ വന്നാല്‍ അടിയന്തര ഉപയോഗത്തിനായുള്ള ഭക്ഷ്യധാന്യങ്ങളുമാണ് സൂക്ഷിക്കുന്നത്. അഞ്ചാമത്തേതും ഏറ്റവും മുകളിലുള്ളതുമായ നിലയില്‍ പൂര്‍വികര്‍ക്കായി കാഴ്ചകള്‍ സമര്‍പ്പിക്കാനുള്ള സവിശേഷമായ ഇടമായിട്ടാണ് കാണുന്നത്.
പരിസ്ഥിതി വിനോദ സഞ്ചാരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് വെയ്റിബോ. തദ്ദേശീയരായ മംഗരായ് ഗോത്രത്തിലുള്ള ഏകദേശം 1200-ഓളം പേര് മാത്രമാണ് ഇവിടെ താമസിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1,200 മീറ്റര്‍ ഉയരത്തില്‍, ടോഡോ മഴക്കാടുകളിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. അടുത്തുള്ള പട്ടണമായ ലാബുവന്‍ ബാജോയില്‍ നിന്നും 108 കിലോമീറ്റര്‍ ദൂരമുണ്ട്. അവിടെനിന്നും ചെളി നിറഞ്ഞ പാതയിലൂടെ ഏകദേശം ഏഴ് മണിക്കൂറോളം മോട്ടര്‍ സൈക്കിള്‍ ടാക്സിയില്‍ യാത്ര ചെയ്താല്‍ മാത്രമെ ഈ ഗ്രാമത്തില്‍ എത്താന്‍ കഴിയൂ.
Read Also : ഒരു വഴക്കിലൂടെ ലോകപ്രസിദ്ധമായ വീട്; ഇത് ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്
എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ദിനംപ്രതി ശരാശരി 50 വിനോദസഞ്ചാരികള്‍ ഈ ഗ്രാമം കാണാന്‍ എത്തുന്നുണ്ട്. നേരത്തെ പറഞ്ഞ കോണാകൃതിയിലുള്ള കുടിലുകളില്‍ താമസിക്കാനും പരമ്പരാഗത ഭക്ഷണം ആസ്വദിക്കാനും വേണ്ടിയാണ് സഞ്ചാരികള്‍ ഇങ്ങോട്ടെത്തുന്നത്. വെയ്റിബോ ഗ്രാമത്തില്‍ ഒറ്റ ദിവസം തങ്ങി മടങ്ങുന്നതാണ് പതിവ്. അതില്‍ നിന്നും വ്യത്യസ്തമായി ഒരാഴ്ച്ച തങ്ങുന്നവരും ഉണ്ട്. 1984 വരെ ഈ ഗ്രാമത്തില്‍ പുറത്തുനിന്നൊരാള്‍ എത്തിയിട്ടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിനോദസഞ്ചാരത്തില്‍ നിന്നുള്ള പണം വെയ്റിബോ നിവാസികള്‍ക്ക് ഒരു വരുമാനമാര്‍ഗമാകുന്നുണ്ട്.
Story highlights : Waerebo Village in Flores Island