സമ്മതിദായകന്റെ ചൂണ്ടുവിരലിലെ മായാത്ത മഷിയടയാളം; അറിയാം മൈസൂരിലെ മഷിക്കമ്പനിയുടെ വിശേഷങ്ങൾ..!

March 8, 2024

ലോക്‌സഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പല കാര്യങ്ങള്‍ക്കും മാറ്റം സംഭവിച്ചെങ്കിലും ഇന്നും തുടരുന്ന ഒന്നാണ് സമ്മിതിദായകന്റെ വിരലില്‍ പുരട്ടുന്ന മഷിയടയാളം. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ 1962ലെ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച ഈ രീതിയ്ക്ക് ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഇന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുകുമാര്‍ സെന്നാണ് ഈ മഷി തെരഞ്ഞെടുപ്പ് പ്രകിയയുടെ ഭാഗമാക്കിയത്. ( What is the indelible ink used in the Election )

എന്നാല്‍ വിരലില്‍ പുരട്ടിയത് മുതല്‍ ആഴ്ചകളോളം മായ്ക്കാന്‍ കഴിയാത്ത ഈ മഷി നിര്‍മ്മിക്കുന്നത് ഇന്ത്യയിലെ ഒരേയൊരു കമ്പനി മാത്രമാണ്. കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള മൈസൂര്‍ പെയ്ന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡാണ് ഈ മഷി നിര്‍മിക്കുന്നത്. 1961-ല്‍ ഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ നിര്‍മിച്ച ഈ മഷിയുടെ പേറ്റന്റ്, തൊട്ടടുത്ത വര്‍ഷം കര്‍ണാടകയിലെ കമ്പനി സ്വന്തമാക്കുകയായിരുന്നു. ചില രാസവസ്തുക്കളും സില്‍വര്‍ നൈട്രേറ്റും ചേര്‍ത്താണ് ഈ മഷി നിര്‍മിക്കുന്നത്.

ഈ മഷിയിലെ പ്രധാന രാസവസ്തുവായ സില്‍വര്‍ നൈട്രേറ്റാണ് കറുത്ത പാടായി മാറുന്നതിന് സഹായിക്കുന്നത്. കയ്യില്‍ പുരട്ടുന്നതോടെ സില്‍വര്‍ നൈട്രേറ്റ് പുറംതൊലിയില്‍ വ്യാപിക്കും. ഇത് നമ്മുടെ ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥിയില്‍ നിന്നും വരുന്ന ക്ലോറിനുമായി പ്രവര്‍ത്തിച്ച് ഒരു ഒരു സെമി-പെര്‍മനന്റ് മാര്‍ക്കായി മാറുകയാണ് ചെയ്യുന്നത്. വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ മായ്ച്ച് കളയാനാകില്ല. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അത് മായ്ച്ചുകളയുന്നവരും ഉണ്ട്.

Read Also : അവനേറെ ഇഷ്ടപ്പെട്ട ഫുട്‌ബോൾ ‘ആ കൈകളിലേക്ക്’ വച്ചുകൊടുത്ത് പിതാവ്; കണ്ടുനിന്നവരുടെ കണ്ണ് നിറച്ച കാഴ്ച

10 മില്ലി ലിറ്ററിന്റെ ഒരു ബോട്ടില്‍ ഉപയോഗിച്ച് 700 പേരുടെ വിരലില്‍ മഷി പുരട്ടാനാകും. ഈ വര്‍ഷം 26.6 ലക്ഷം ബോട്ടിലുകളുടെ 55 കോടി രൂപയുടെ ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ മഷിയുടെ നിര്‍മാണം മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയാകും. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ലബനന്‍, ഇറാഖ് തുടങ്ങിയ ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ മാത്രമാണ് ഇലക്ഷന്‍ മഷി ഉപയോഗിക്കുന്നത്.

Story highlights : What is the indelible ink used in the Election