ഒരിക്കൽ ക്ലാസിലെ പയ്യന്റെ പല്ലടിച്ച് തെറിപ്പിച്ച വികൃതിക്കാരി, ഇന്ന്..! വൈറലായി അധ്യാപികയുടെ കുറിപ്പ്‌

March 29, 2024

സ്‌കൂള്‍ പഠനകാലം ഏതൊരു വിദ്യാര്‍ഥിയുടെ വ്യക്തിത്വം വളര്‍ത്തിയെടുക്കുന്നതിന്റെ പ്രധാനഘട്ടമാണെന്ന് പറയാറുണ്ട്. മികച്ച അധ്യാപകരുടെയും കീഴിലുള്ള പഠനവും നല്ല സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടുമെല്ലാം ഇതില്‍ പ്രധാനമാണ്. അധ്യാപകര്‍ക്ക് തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകാന്‍ കഴിയും. അതുപോലെതന്നെ സ്‌കൂളിലേക്ക് വരുന്നതിനും പഠനകാര്യങ്ങളില്‍ ഏര്‍പ്പെടുന്നിനോടുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് മടുപ്പ് തോന്നിപ്പിക്കുന്നതിലും ചില അധ്യാപകര്‍ക്കെങ്കിലും പങ്കുണ്ടാകും. വര്‍ഷങ്ങള്‍ക്ക് ശേഷം പല അധ്യാപകരും തങ്ങളുടെ വിദ്യാര്‍ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ അഭിനന്ദനവുമായി എത്താറുണ്ട്. അത്തരത്തിലൊരു അധ്യാപിക തന്റെ ഒരു വിദ്യാര്‍ത്ഥിനിയെ കുറിച്ച അഭിമാനത്തോടെ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ആളുകളെ വല്ലാതെ സ്പര്‍ശിക്കുന്നത്. ( Woman Shares Wholesome Story Of Naughtiest Student )

ഒരിക്കല്‍ എല്ലാവരും വികൃതിക്കാരിയായി കണ്ട തന്റെയാ പഴയ വിദ്യാര്‍ത്ഥിനി ഇന്നൊരു അധ്യാപികയാണ് എന്നാണ് അവളുടെ പഴയ അധ്യാപിക സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. എക്‌സ് പ്ലാറ്റ്‌ഫോമിലെ Revs എന്ന അക്കൗണ്ടിലാണ് അധ്യാപിക തന്റെ വിദ്യാര്‍ത്ഥിനിയുടെ പഴയതും പുതിയതുമായ ചിത്രം പങ്കുവച്ചിട്ടുള്ളത്. വിദ്യാര്‍ഥിനിയുടെ പേര് അലിഷ എന്നാണ് കുറിപ്പില്‍ പങ്കുവച്ചിട്ടുള്ളത്. അലിഷയുടെ കൂടെയുള്ള രണ്ട് ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളും തമ്മില്‍ 13 വര്‍ഷത്തെ വ്യത്യാസമുണ്ട്. തന്റെ ക്ലാസിലെ ഏറ്റവും വികൃതിക്കാരിയായ കുട്ടിയില്‍ നിന്നും ഇന്ന് ഭിന്നശേഷിക്കാരായ, പ്രത്യേകം ശ്രദ്ധ ആവശ്യമായ കുട്ടികളുടെ അധ്യാപികയായി അലിഷ മാറി എന്നും കുറിപ്പില്‍ പറയുന്നു.

സ്‌കൂളിലെ മറ്റ് അധ്യാപകര്‍ തനിക്ക് അലിഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവളുടെ ഭാവിയെക്കുറിച്ച് അവള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അത് അവള്‍ ചെയ്തു കാണിച്ചു. അധ്യാപകരുടെ വാക്കുകളും സ്‌കൂളിലെ പ്രവൃത്തികളും കണ്ട് താനും ഒരു നിമിഷം അവളുടെ ഭാവിയെക്കുറിച്ച് വാചാലയായിരുന്നുവെന്നും അവളുടെ ജീവിതം മെച്ചപ്പെടുത്താന്‍ തനിക്കെന്ത് ചെയ്യാനാവുമെന്നും ആലോചിച്ചിരുന്നതായും അധ്യാപിക കുറിച്ചു. ക്ലാസില്‍ അവളെ ബുദ്ധിമുട്ടിച്ച ഒരു ആണ്‍കുട്ടിയുടെ പല്ല് വരെ അവള്‍ ഇടിച്ചു തകര്‍ത്തിരുന്നതായും അധ്യാപിക പറയുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം ആ സ്ഥാപനത്തിലെ തന്റെ ഫെലോഷിപ്പ് കഴിഞ്ഞതോടെ അവിടെ നിന്നും മടങ്ങി. എന്നാല്‍, അലിഷ എഴുതിയ ഒരു കുറിപ്പ് അവിടുത്തെ ഒരു ടീച്ചര്‍ തനിക്ക് അയച്ചു തന്നിരുന്നു. അതില്‍ അവളെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായി തന്നെക്കുറിച്ചാണ് അവള്‍ എഴുതിയിരുന്നത്. അതുപോലെ ആരും അവളെ വിശ്വസിക്കാതിരുന്നപ്പോഴും അവളെ വിശ്വസിച്ചിയാളെന്ന നിലയില്‍ അലിഷ അധ്യാപികയോട് നന്ദിയും അറിയിക്കുന്നുണ്ട്. ഈ വര്‍ഷമാണ് അലിഷ മുംബൈയിലെ ഒരു സ്‌കൂളില്‍ സ്‌പെഷ്യല്‍ കിഡ്‌സിന്റെ അധ്യാപികയായി മാറിയത്. അവളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് അധ്യാപിക ട്വീറ്റില്‍ പറയുന്നത്. കുട്ടികളുടെ ജീവിതം രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് നിര്‍ണായകമാണെന്ന് ഈ കഥ വീണ്ടും തെളിയിക്കുകയാണ്.

Read Also : ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പിൽ ആദ്യ മനുഷ്യൻ; ക്രിസ് ബ്രൗൺ നീന്തിയെത്തിയ പോയിന്റ് നെമോ!

Story highlights : Woman Shares Wholesome Story Of Naughtiest Student