7.5 കോടി രൂപ ആസ്തി; താമസം മുംബൈയിലെ 1.2 കോടി രൂപയുടെ ഫ്ലാറ്റിൽ- ഇത് ലോകത്തെ ഏറ്റവും സമ്പന്നനായ യാചകൻ
ഇന്ത്യയിൽ തെരുവുകളിൽ ഏറ്റവുമധികം കാണുന്ന ഒരു കാഴ്ചയാണ് യാചകരുടേത്. പൊതു നിരത്തുകളിൽ, പൊതുവാഹനങ്ങളിൽ, ആരാധനാലയങ്ങളിൽ തുടങ്ങി എവിടെയും ഇക്കൂട്ടരെ കാണാൻ സാധിക്കും. ഏറ്റവും ദരിദ്രരായ വ്യക്തികളായാണ് യാചകരെ പൊതുവെ കണക്കാക്കുന്നത്. എന്നാൽ, മുംബൈയിലെ ഭരത് ജെയിൻ എന്ന വ്യക്തിയുടെ കഥ കേട്ടാൽ ഭിക്ഷാടനം ഒരു തൊഴിലാക്കിയാലോ എന്നുപോലും ചിലപ്പോൾ ചിന്തിച്ചേക്കും. കാരണം ഭിക്ഷാടനത്തിലൂടെ ഇയാൾ സമ്പാദിക്കുന്നത് ചെറിയ തുകയല്ല.
ലോകത്തിലെ ഏറ്റവും ധനികനായ യാചകനാണ് ഭരത് ജെയിൻ. ഇദ്ദേഹത്തിന്റെ കഥ ഭിക്ഷാടനമെന്നതിന്റെ പരമ്പരാഗത ധാരണയെ വെല്ലുവിളിക്കുകയും ഭിക്ഷാടനത്തിൻ്റെ ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ഉൾകാഴ്ച നൽകുകയും ചെയ്യുന്നു. 7.5 കോടി രൂപ ആസ്തിയുള്ള ഭരത് ജെയിനിൻ്റെ ഭിക്ഷാടനത്തിൽ നിന്നുള്ള വരുമാനം വളരെ തുച്ഛമാണ് ഒരു വൈറ്റ് കോളർ ജോലിയിൽ പോലും കിട്ടുന്നതിൽ അധികമാണ്. അയാളുടെ പ്രതിമാസ വരുമാനം 60,000-75,000 രൂപയ്ക്കിടയിലാണ്. എങ്ങനെ നോക്കിയാലും ഇത് ഗണ്യമായൊരു തുകയാണ്. ഭിക്ഷാടനത്തിലൂടെ മാത്രമല്ല ഭരത് തന്റെ സമ്പത്ത് വിപുലമാക്കിയത്. റിയൽ എസ്റ്റേറ്റിലെ സൂക്ഷ്മമായ നിക്ഷേപമാണ് സഹായിച്ചത്. മുംബൈയിൽ 1.2 കോടി രൂപ വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ഒരു ഫ്‌ളാറ്റും താനെയിൽ 30,000 രൂപ പ്രതിമാസ വാടക വരുമാനം നൽകുന്ന രണ്ട് കടകളും ഇയാൾക്കുണ്ട്.
വിവാഹിതനാണ് ഭാരത് ജെയിൻ. രണ്ടുമക്കളുമുണ്ട്. മക്കൾ രണ്ടുപേരും കോൺവെന്റ് സ്‌കൂളിലാണ് പഠനം പൂർത്തിയാക്കിയതും. താൻ അനുഭവിച്ച ദാരിദ്ര്യത്തിന്റെ ചങ്ങല പൊട്ടിച്ച് ഭദ്രമായ ഭാവി മക്കൾക്ക് നൽകാൻ അയാൾക്ക് സാധിച്ചു എന്നതാണ് ശ്രദ്ധേയം. ഇത്രയും വലിയ സമ്പത്തുള്ള ഒരാൾ തെരുവിൽ ഭിക്ഷാടനം ഇപ്പോഴും തുടരുകയാണ്. ഛത്രപതി ശിവാജി ടെർമിനസ് അല്ലെങ്കിൽ ആസാദ് മൈതാനം പോലുള്ള പ്രധാന സ്ഥലങ്ങളിൽ ഭരത് ജെയിൻ പലപ്പോഴും കാണപ്പെടാറുണ്ട്. 10 മുതൽ 12 മണിക്കൂറിനുള്ളിൽ, പ്രതിദിനം 2000-2500 രൂപ സമാഹരിക്കാൻ അദ്ദേഹത്തിന് കഴിയുന്നു, ഇത് ഒന്നിലധികം ജോലി ചെയ്യുന്ന വ്യക്തികൾ മണിക്കൂറുകൾ അധ്വാനിച്ചിട്ടും നേടാൻ പാടുപെടുന്ന നേട്ടമാണ്.
Story highlights- world’s most richest begger bharath jain