43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കോട്ടയം മെഡിക്കൽ കോളേജ്; ഇരുപത്തിനാലുകാരന് പുതുജീവൻ
43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ്. വലിയ ആശുപത്രികൾ പോലും കയ്യൊഴിഞ്ഞ സങ്കീർണ്ണമായ അവസ്ഥയാണ് മെഡിക്കൽ കോളജ് കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും വിജയകരമാക്കിയത്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ഡോക്ടർ ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ അപൂർവ്വമായ ശസ്ത്രക്രിയ നടത്തിയത്. 43 കിലോഗ്രാം ഭാരമുള്ള ട്യൂമറാണ് ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്.
ബികാം പഠനം കഴിഞ്ഞ് ലോജിസ്റ്റിക്ക് കോഴ്സും പൂർത്തിയാക്കി ജോലിയിൽ ഇരിക്കെ
മൂന്നു വർഷം മുൻപാണ് ഈ രോഗബാധ ഉണ്ടായത്. അന്നുമുതൽ ഒരോ ആശുപത്രി കയറി ഇറങ്ങുകയായിരുന്നു ഇവർ . ശസ്ത്രക്രിയ സാധ്യമല്ല എന്ന് പറഞ്ഞ് മടക്കുകയായിരുന്നു എല്ലാവരും. ഒടുവിലാണ് കോട്ടയത്ത് എത്തിയത്.
ശ്വാസകോശത്തിന്റെ ഒരുഭാഗവും വാരിയെല്ലുകളും നെഞ്ചിന്റെ ഇടതു ഭാഗവുമൊക്കെ നീക്കം ചെയ്യേണ്ടിവന്നു. അതെല്ലാം പ്ലാസ്റ്റിക്ക് സർജറിയിലൂടെ പൂർവ്വസ്ഥിതിയിലാക്കുകയായിരുന്നു. കാർഡിയോ തൊറാസിക്ക് വിഭാഗവും, പ്ലാസ്റ്റിക്ക് സർജറി വിഭാഗവും സംയുക്തമയാണ് മണിക്കുറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. ഡോക്ടർ ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കാർഡിയോ തൊറാസിക്ക് ടീമിനു പുറമെ പ്ളാസ്റ്റിക്ക് സർജറി വിഭാഗത്തിലെ ഡോക്ടർമാരായ ലക്ഷ്മി, ആതിര എന്നിവരുടെ സംഘവും ഇതിൽ പങ്കാളികളായി.
കഴിഞ്ഞ മാസം 25ന് ഏറെ വെല്ലുവിളികളുള്ള ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. 20 ലിറ്റര്‍ ഫ്ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. തീവ്രപരിചരണത്തിന് ശേഷം രോഗിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ കൈയ്ക്ക് ചെറിയ സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.
കേരളത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ നടക്കുന്നത്. ആരോഗ്യരംഗത്ത് പകരം വയ്ക്കാനില്ലാത്ത ഒട്ടേറെ നേട്ടങ്ങൾ രചിച്ച കോട്ടയം മെഡിക്കൽ കോളജിന്റെ മികവിൽ മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഈ ശസ്ത്രക്രിയ എന്ന് സാമൂഹിക രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു.
Story highlights- A tumor weighing 43 kg was surgically removed at Kottayam Medical College