ആദമിന്റെ യാരെൻ; 13 വർഷം പിന്നിട്ട തുർക്കിയുടെ ‘ദേശീയ സൗഹൃദം’

April 4, 2024

പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യന്‍ ഇണക്കിവളര്‍ത്താറുണ്ട്. സാധാരണയായി ഇണക്കിവളര്‍ത്താത്ത വ്യത്യസ്ത പക്ഷികള്‍ മനുഷ്യരുമായി കൂട്ടുകുടുന്നതും നമുക്കിടയില്‍ കൗതകം ഉണ്ടാക്കാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ സൗഹൃദത്തിന്റെ കഥ പറയാനുണ്ട് തുര്‍ക്കിക്കാരനായ ആദമിന്. ( Adam and Yaren Turkey’s national friendship )

തുര്‍ക്കിയിലെ എസ്‌കികരാച് ഗ്രാമത്തിലെ താമസക്കാരനാണ് ആദം യില്‍മാസ്. ഗ്രാമത്തിലെ തടാകത്തില്‍ നിന്നും മീന്‍ പിടിച്ചാണ് ജീവിതം മു്‌ന്നോട്ടുപോകുന്നത്. അങ്ങനെ ഒരു ദിവസം തന്റെ വള്ളത്തിലിരുന്ന് വല വലിക്കുകയാണ് ആ മീന്‍പിടിത്തക്കാരന്‍. കൃത്യമായി പറഞ്ഞാല്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ആ സമയത്താണ് തന്റെ പിന്നിലൊരു ശബ്ദം കേട്ട് ആദം തിരിഞ്ഞ് നോക്കിയപ്പോള്‍ വള്ളത്തിന്റെ അമരത്ത് ഒരു സുന്ദരന്‍ പക്ഷി ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. കഴുത്തിലും നെഞ്ചിലും തിളങ്ങുന്ന വെള്ളത്തൂവലുകള്‍ നിറഞ്ഞ, ചിറകുകളില്‍ കറുത്ത തൂവലുകളുമായി കാണാനേറെ ചന്തമുള്ള ഒരു പക്ഷി.

കാലങ്ങളായി തടാകത്തിലെ മീന്‍ പിടിത്തക്കാരനായ ആദമിന് അവിടെ വരുന്ന പക്ഷികളെയെല്ലാം സുപരിചതമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വള്ളത്തില്‍ വന്നിരിക്കുന്നത് കൊക്ക് വര്‍ഗത്തില്‍ പെടുന്ന വൈറ്റ് സ്റ്റോര്‍ക് ആണെന്ന് ആദം യില്‍മാസിന് മനസിലായി.

ഇതോടെ വലയില്‍ നിന്നും ഒരു മീനെടുത്ത് ആ പക്ഷിക്ക് ഇട്ടുകൊടുത്തു. ഞൊടിയിടയില്‍ മീനിനെ അകത്താക്കിയ കൊക്ക് വീണ്ടും അവിടെ ഇരിപ്പുറപ്പിച്ചു. ഉടന്‍ തന്നെ ഒന്നുകൂടി കൊടുത്തു, അതും വിഴുങ്ങി. തുടര്‍ന്ന് ആദം നല്‍കിയ മീനെല്ലാം കഴിച്ചു. അവിടെ തുടങ്ങിയാതാണ് 13 വര്‍ഷമായി തുര്‍ക്കിക്കാര്‍ക്ക് കൗതുകമായി മാറിയ രണ്ട് ജീവി വര്‍ഗങ്ങള്‍ തമ്മിലെ അസാധാരണ സൗഹൃദ കഥ. ഒരു പ്രാദേശിക ഫോട്ടോഗ്രാഫര്‍ വഴിയാണ് ആദമിന്റെയും കൊക്കിന്റെയും സൗഹൃദത്തിന്റെ കഥ സമൂഹമാധ്യമം വഴി രാജ്യത്ത് ഹിറ്റായത്. പിന്നീട് ഈ സൗഹൃദ കഥ ലോകമെങ്ങും പ്രചരിക്കുകയായിരുന്നു.

തുര്‍ക്കി ഭാഷയില്‍ ഉറ്റ സുഹൃത്ത് എന്ന് അര്‍ഥം വരുന്ന ‘യാരെന്‍’ എന്നു പേരിട്ട കൊക്ക് പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷവും ഒരേ കാലത്ത് ആദമിനെ തേടി വള്ളത്തിന്റെ അമരത്തെത്തും. ദേശാടനപക്ഷികളുടെ കേന്ദ്രമായ എസ്‌കികരാച് ഗ്രാമത്തിന്റെ പ്രശസ്തി ഇപ്പോള്‍ രാജ്യാതിര്‍ത്തിയും കടന്നിരിക്കുന്നു. സൗഹൃദ കഥയറിഞ്ഞ് ആയിരക്കണക്കിന് ടൂറിസ്റ്റുകളും പ്രകൃതിസ്‌നേഹികളും ഇന്ന് ഗ്രാമത്തിലെത്തുന്നു. അസാധാരണമായ സൗഹൃദം പ്രമേയമാക്കി ‘യാരെന്‍’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ഫിലിം തയ്യാറാക്കിയിട്ടുണ്ട്.

Story highlights : Adam and Yaren Turkey’s national friendship