‘ഒരിക്കൽ തൂപ്പുകാരി, ഇന്ന് ഡെപ്യൂട്ടി കളക്ടർ’; സ്വപ്നങ്ങൾക്ക് ചിറക് നൽകിയ ആശ!

April 4, 2024

അഞ്ച് വർഷം നീണ്ട വിവാഹ ജീവിതം ഒടുവിൽ തകരുന്നു. രണ്ട് മക്കൾ മാത്രം മാത്രം ബാക്കിയായ ആശയുടെ മുന്നിൽ എല്ലാ വാതിലുകളും അടഞ്ഞു കിടക്കുകയായിരുന്നു. മുന്നിൽ എന്തെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം അവരുടെ ജീവിതം വഴിമുട്ടി നിൽക്കുകയായിരുന്നു. അങ്ങനെയാണ് ഒടുവിൽ ആശ വീട്ടുചെലവുകൾക്കായി തൂപ്പുകാരിയായി ജോലി നോക്കുന്നത്. (Asha’s Journey from Sweeper to Deputy Collector)

എന്നാൽ ആ അവസ്ഥയിൽ ജീവിതം ജീവിച്ച് തീർക്കാൻ ജോധ്‌പൂർകാരി ആശക്ക് സമ്മതമല്ലായിരുന്നു. തനിക്കും മക്കൾക്കും കുടുംബത്തിനും വേണ്ടി വിദ്യാഭ്യാസം നേടാൻ അവർ തീരുമാനമെടുത്തു.

ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം ആശ തൻ്റെ വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ചു. 2016-ൽ ബിരുദ പഠനം പൂർത്തിയാക്കി. സാമ്പത്തികമായി സ്വാതന്ത്രയാകാനും മക്കളെ മികച്ച രീതിയിൽ വളർത്തുന്നതും അവൾ എപ്പോഴും സ്വപ്നം കണ്ടു.

പിന്നീട് രാജസ്ഥാൻ അഡ്മിനിസ്ട്രേഷൻ സർവീസസ് (RAS) പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങി. പരീക്ഷയിൽ മികച്ച വിജയം നേടാനായി പകൽ മുഴുവൻ നീണ്ട കഠിനപ്രയത്നത്തിനൊടുവിൽ രാത്രിയിൽ പഠനം തുടങ്ങി.

Read also: ഭാരം കുറയ്ക്കാനായി തുടങ്ങിയ പരിശീലനം ചാമ്പ്യനാക്കി മാറ്റി; കെറ്റിൽബെല്ലിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത!

2018-ൽ ആശ RAS പരീക്ഷ എഴുതിയെങ്കിലും കൊവിഡ് കാരണം ഫലത്തിനായി വളരെക്കാലം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ, 2021 ജൂലൈ 15-ന്, 728-ാം റാങ്കോടെ താൻ പരീക്ഷയിൽ വിജയിച്ച വാർത്ത ആശയുടെ കാതുകളിലെത്തി. മറ്റുള്ളവരിൽ നിന്നും ജാതിയുടെയും വർണ്ണത്തിന്റെയും ദാരിദ്ര്യത്തിന്റെയും പേരിൽ കേട്ട കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളുമാണ് ആശയുടെ വിജയത്തിന്റെ രഹസ്യം.

ആശയുടെ പ്രചോദനം അവരുടെ പിതാവായിരുന്നു, കാരണം അദ്ദേഹം വിദ്യാസമ്പന്നനായിരുന്നു. വിദ്യാഭ്യാസത്തിൻ്റെ മൂല്യം കൃത്യമായി മനസിലാക്കിയ ആളായിരുന്നു അദ്ദേഹം.

ഡെപ്യൂട്ടി കളക്റ്റർ പദവിയിലേക്കുള്ള യാത്ര ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നെങ്കിലും ഇന്ന് തന്നെപോലെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ആശയുടെ ലക്ഷ്യം. ഒരിക്കൽ തൂപ്പുകാരിയായി ജോലി നോക്കിയ അതേ സ്ഥാപനത്തിൽ ഭരണ പദവിയിലേക്കുയരാൻ ആശയെ സഹായിച്ചതും മുന്നേറാനുള്ള വാശി തന്നെയായിരുന്നു.

Story highlights: Asha’s Journey from Sweeper to Deputy Collector