ചെറുപ്രായത്തിലെ വിവാഹത്തോടെ പഠനം മുടങ്ങി;ഒടുവിൽ മകൾക്കൊപ്പം പത്താം ക്ലാസ് പാസായി 34-കാരി
പ്രായം ഒന്നിന്റെയും അതിരല്ല എന്ന് തെളിയിച്ചിട്ടുള്ള ഒട്ടേറെ അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്. അറിവുകള്‍ നേടുക എന്നത് ഒരു ചെറിയ കാര്യമല്ല. ഏതുപ്രായത്തിലായാലും വിദ്യഭ്യാസത്തിന് വളരെയധികം പ്രസക്തിയുണ്ട്. പലര്‍ക്കും വിവാഹവും സാമ്പത്തിക ബുദ്ധിമുട്ടും അടക്കം നിരവധി കാരണങ്ങളാല്‍ പഠനം മുടങ്ങിയവരുണ്ട്. അതില്‍ ചിലരെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം വിവിധ പരീക്ഷകള്‍ വിജയിക്കാറുണ്ട്. ഇപ്പോള്‍ പഠനം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പത്താം ക്ലാസ് പാസായിരിക്കുകയാണ് അസമില്‍ നിന്നുള്ള 34-കാരി. 16 -കാരിയായ മകള്‍ക്കൊപ്പമാണ് പരീക്ഷ പാസായതെന്നത് ഇരട്ടിമധുരമായി. ( Assam woman and daughter clear 10th class exam )
വിവാഹത്തെ തുടര്‍ന്നാണ് 34 -കാരിയായ മാസിയ ഖാത്തൂണ്‍ തന്റെ പഠനം ഉപേക്ഷിച്ചത്. ബിശ്വനാഥ് ജില്ലയിലെ സിലമാരി ഗ്രാമത്തിലെ താമസക്കാരിയായ മാസിയ ഖാത്തൂണ്‍ 49 ശതമാനവും മകള്‍ അഫ്സാന 52 ശതമാനം മാര്‍ക്കോടെയാണ് പത്താം ക്ലാസ് പരീക്ഷ പാസായത്. എഫ്എ അഹമ്മദ് ഹൈസ്കൂളിലാണ് ഇരുവരും പത്താം ക്ലാസ് പരീക്ഷ എഴുതിയത്. പഠിക്കാന്‍ വലിയ ആഗ്രഹമായിരുന്നു മാസിയയ്ക്ക്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിഞ്ഞതോടെ പഠിക്കുക എന്ന അവളുടെ സ്വപനം പാതിവഴിയില്‍ മുടങ്ങി.
ഇപ്പോള്‍ മാസിയ ഒരു അങ്കണവാടി ജീവനക്കാരിയായി ജോലി ചെയ്യുകയായിരുന്നു. അപ്പോഴും അവരുടെ മനസില്‍ പഠിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ പത്താം ക്ലാസ് പാസായതോടെ കൂടുതല്‍ പഠിക്കാന്‍ താല്‍പ്പര്യമില്ലെന്നും തന്റെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും മാസിയ പറഞ്ഞു. എനിക്ക് പത്താം ക്ലാസ് ജയിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. എന്റെ ഏഴ് സഹോദരങ്ങളില്‍ ഒരാളായിരുന്നു ഞാന്‍. 2006 -ല്‍ എന്റെ വിവാഹവും കഴിഞ്ഞു. എന്നാല്‍, ഇനിയുള്ള മാതാപിതാക്കള്‍ അവരുടെ മക്കളെ വിവാഹം കഴിപ്പിക്കാന്‍ അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നത് വരെ എങ്കിലും കാത്തിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” മാസിയ പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു.
പല അങ്കണവാടി ജീവനക്കാരും മെട്രിക്കുലേറ്റുകാരാണ്. എന്നാല്‍ തന്റെ സിലമാരി ഗ്രാമത്തില്‍ അക്കാലത്ത് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തതിനാണ് യോഗ്യതയില്ലെങ്കിലും തനിക്ക് ജോലി ലഭിച്ചതെന്നും മാസിയ പറഞ്ഞു.
Story highlights : Assam woman and daughter clear 10th class exam