‘100 ശതമാനം തയ്യാര്‍, ലോകകപ്പ് ടീമിലിടം നേടാന്‍ പരമാവധി പ്രയത്‌നിക്കും’- ദിനേശ് കാർത്തിക്

April 21, 2024

കഴിഞ്ഞ മാസം തന്റെ കൂടെയിരുന്ന് കമന്ററി പറഞ്ഞിരുന്ന ഒരാളാണ് ഇതെന്ന് സങ്കൽപ്പിക്കാനാകുന്നില്ലെന്നാണ് സൺറൈസേഴ്സിനെതിരെ ദിനേഷ് കാർത്തിക്കിന്റെ ബാറ്റിങ് കണ്ട മുൻ ഇം​ഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ പറഞ്ഞത്. അസാധ്യമെന്ന് തോന്നിപ്പിച്ച വിജയലക്ഷ്യത്തിലേക്ക് അത്രമേൽ ആത്മവിശ്വാസത്തോടെയാണ് 38 കാരനായ ഡികെ ബാറ്റു വീശിയത്. ഐപിഎല്ലിന്റെ ഈ സീസണോടെ കളി മതിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഈ വെറ്ററൻ താരം. അന്താരാഷ്ട്ര കരിയർ ഏറക്കുറെ അവസാനിച്ച മട്ടിലുമായിരുന്നു. പിന്നീട് കളത്തിന് പുറത്ത കമന്റേറ്റർ റോളിലായിരുന്ന ആരാധകർ ഡികെയെ കണ്ടിരുന്നത്. ( Dinesh Karthik wants to be on flight to T20 World Cup )

ഐപിഎൽ നടപ്പു സീസണിൽ മികച്ച പ്രകടനം തുടരുന്ന ഡി.കെയെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന മുറവിളിയുമായി ആരാധകർ രംഗത്തുവന്നിരുന്നു. അതിനു പിന്നാലെ ഇന്ത്യന്‍ ജഴ്‌സിയില്‍ വീണ്ടും കളത്തിലിറങ്ങാനുള്ള തന്റെ സ്വപ്നം ഉപേക്ഷിച്ചിട്ടില്ലെന്ന് തുറന്നുപറയുകയാണ് വെറ്ററൻ വിക്കറ്റ് കീപ്പർ. ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുന്നതിനേക്കാള്‍ വലുതായി ജീവിതത്തില്‍ മറ്റൊന്നും നേടാനില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. ഇതോടെ ജൂണിൽ യു.എസിലും വെസ്റ്റീൻഡീസിലുമായി നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള താരത്തെ കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ പരിശീലകൻ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കും ഉറച്ച തീരുമാനമുണ്ടെന്നും അവരുടെ നിലപാട് എന്തായാലും അതിനെ പിന്തുണക്കുമെന്നും കാര്‍ത്തിക് വ്യക്തമാക്കി. അവരോടെല്ലാം എനിക്ക് പറയാനുള്ളത് ഇത്രമാത്രം. ഞാൻ 100 ശതമാനം തയ്യാറായിരിക്കും. ലോകകപ്പ് ടീമില്‍ ഇടം നേടാനായി എന്റെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം നടത്തും -കാര്‍ത്തിക് വ്യക്തമാക്കി.

കാർത്തികും ഫോമിലേക്കുയർന്നതോടെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ആരെയെല്ലാം പരി​ഗണിക്കും എന്ന ആശയക്കുഴപ്പത്തിലാണ് സെലക്ഷൻ കമ്മിറ്റി. കഴിഞ്ഞ കുറച്ചുകാലങ്ങളായി മികച്ച വിക്കറ്റ് കീപ്പറുടെ അഭാവം ഇന്ത്യൻ ടീമിന്റെ ബലഹീനതയാണ്. 2022 ഡിസംബറിൽ കാറപകടത്തിൽ പരിക്കേറ്റ് നീണ്ട ഇടവേളക്കുശേഷം ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത്, സഞ്ജു സാംസൺ ഇഷാൻ കിഷൻ കെ എൽ രാഹുൽ വിക്കറ്റ് കീപ്പർമാരായി പരിഗണിക്കുന്നവരുടെ പട്ടികയിൽ മുൻനിരയിലുണ്ട്.

ഈ സീസണിൽ ഫിനിഷർ റോളിൽ മിന്നും ഫോമിൽ കളിക്കുന്ന ദിനേശ് കാർത്തിക് ആർസിബിയുടെ റൺവേട്ടക്കാരിൽ 226 റൺസുമായി മൂന്നാമതാണ്. വിരാട് കോലി (361), നായകൻ ഫാഫ് ഡുപ്ലെസി (232) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. 200 മുകളിൽ പ്രഹരശേഷിയിലാണ് വെറ്ററൻ താരം ബാറ്റുവിശുന്നത്.

Read Also : മൂന്നാം നമ്പർ ഗോൾകീപ്പറില്‍ നിന്നും റയലിന്റെ സൂപ്പർ ഹീറോയിലേക്കുള്ള ദൂരം; ആൻഡ്രിൻ ലുനിൻ ഹാപ്പിയാണ്..!

ഈ ലോകകപ്പിൽ ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും താരത്തെ എത്രത്തോളം പരി​ഗണിക്കുമെന്ന് ഉറപ്പില്ല. 2022ൽ ഓസ്ട്രേലിയ വേദിയായ ടി20 ലോകകപ്പിൽ താരം കളിച്ചിട്ടുണ്ട്. അതും ഇതുപോലെ ഐപിഎല്ലിലെ പ്രകടനത്തിന്റെ മികവിലാണ് ടീമിലിടം പിടിച്ചത്. എന്നാൽ സെലക്ടർമാരുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ട് കാർത്തികിന്റെ പ്രകടനം അമ്പേ പരാജയമായിരുന്നു. ഇന്ത്യക്കായി താരം അവസാനമായി കളിച്ചതും ഈ ടൂർണമെന്‍റിലാണ്. പിന്നീട് കളത്തിന് പുറത്ത് കമന്‍റേറ്റർ റോളിലായിരുന്നു കാർത്തിക്.

Story highlights : Dinesh Karthik wants to be on flight to T20 World Cup