പൊതുസ്ഥലങ്ങളിലെ ചാർജിങ് പോയിന്റ് ഉപയോഗിക്കുന്നവരാണോ..? കരുതിയിരിക്കാം ജ്യൂസ് ജാക്കിംഗ്‌

April 8, 2024

പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കമാര്‍ ഡാറ്റ ചോര്‍ത്തുമെന്ന മുന്നറിയിപ്പുമായി പൊലീസ്. നേരത്തെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടലുകള്‍ സൈബര്‍ കുറ്റവാളികള്‍ ദുരുപയോഗം ചെയ്തേക്കാമെന്നാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ( Kerala police warns people from Juice jacking )

ഇത്തരം പൊതു ചാര്‍ജിംഗ് പോയിന്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിംഗിനായുള്ള യുഎസ്ബി പോര്‍ട്ടുകളും പ്രീ പ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

പൊതു ചാര്‍ജിംഗ് സ്റ്റേഷനില്‍ മാല്‍വെയറുകള്‍ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാര്‍ ഒരു യു.എസ്.ബി കണക്ഷനാണ് ഉപയോഗിക്കുന്നത്. അല്ലെങ്കില്‍, മാല്‍വെയര്‍ ബന്ധിതമായ കണക്ഷന്‍ കേബിള്‍ മറ്റാരോ മറന്നുവെച്ച രീതിയില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനില്‍ പ്ലഗ് ഇന്‍ ചെയ്തിരിക്കും. മറ്റുള്ളവര്‍ ഇതുപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. ഇതിന് ഇരയാകുന്നവര്‍ പലരും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈല്‍ ഫോണിന്റെ ചാര്‍ജിങ്ങിനും ഡാറ്റ കൈമാറ്റത്തിനും ഒരേ കേബിള്‍ തന്നെ ഉപയോഗിക്കാന്‍ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറുന്നത്.

ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്വേഡുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്വേഡുകള്‍ റീസെറ്റ് ചെയ്ത് ഉപകരണത്തില്‍ നിന്ന് യഥാര്‍ത്ഥ ഉടമയെ ലോഗ് ഔട്ട് ചെയ്യിച്ച ശേഷം സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് പ്രവര്‍ത്തനരീതി. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളില്‍, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല.

Read Also : ഇന്ന് സമ്പൂർണ സൂര്യഗ്രഹണം- എന്തുകൊണ്ടാണ് ഇന്ത്യയുടെ ഉപഗ്രഹം ആദിത്യ എൽ1-ന് ദൃശ്യമാകാത്തത്?

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നാം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

  1. പൊതു ചാര്‍ജ്ജിംഗ് പോയിന്റുകളില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണ്‍, ടാബ് മുതലായവ സ്വിച്ച് ഓഫ് ചെയ്യുക.
  2. ഫോണ്‍ ചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പാറ്റേണ്‍ ലോക്ക്, വിരലടയാളം, പാസ്സ് വേഡ് തുടങ്ങിയ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത്.
  3. പൊതു യു.എസ്.ബി ചാര്‍ജിംഗ് യൂണിറ്റുകള്‍ക്ക് പകരം എ.സി പവര്‍ ഔട്ട്‌ലെറ്റുകള്‍ ഉപയോഗിക്കുക.
  4. യാത്രകളില്‍ കഴിവതും സ്വന്തം പവര്‍ ബാങ്ക് ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുക.
  5. കേബിള്‍ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാന്‍ യു.എസ്.ബി ഡാറ്റ ബ്ലോക്കര്‍ ഉപയോഗിക്കാം.

ഓര്‍ക്കുക, നിതാന്തജാഗ്രത കൊണ്ടു മാത്രമേ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ കഴിയൂ.

Story highlights : Kerala police warns people from Juice jacking