കനത്ത മഴയിൽ ദുരിതംപേറി ഗൾഫ്; സഹായമെത്തിച്ച് മലയാളികൾ

April 19, 2024

കേരളത്തിൽ പ്രളയമുണ്ടായപ്പോൾ മലയാളികളുടെ ഐക്യം ലോകം കണ്ടതാണ്. അതുപോലെ തന്നെയാണ് ലോകത്തിന്റെ ഏത് മൂലയിലും ഒരു പ്രതിസന്ധി ഉണ്ടായാൽ മലയാളികളുടെ നിലപാട്. ഗൾഫ് രാജ്യങ്ങളെ വലച്ച കനത്ത മഴയിലും ആ മലയാളി മാതൃക ആവർത്തിക്കപ്പെടുകയാണ്. യുഎഇ-യിൽ മലയാളികളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കയ്യടി ഉയരുകയാണ്. തുടർച്ചയായി ഒരു വർഷത്തിൽ കിട്ടേണ്ട മഴയാണ് 24 മണിക്കൂറിൽ പെയ്തുനിറഞ്ഞത്. മഴയൊഴിഞ്ഞാലും പലയിടങ്ങളിലും വെള്ളക്കെട്ടുകൾ കൊണ്ടുള്ള പ്രതിസന്ധികൾ ശക്തമാണ്.

ഒട്ടേറെ മലയാളി സന്നദ്ധപ്രവർത്തകരാണ് സഹായവുമായി ദുരിത പേമാരി താണ്ടി സജീവമാകുന്നത്. ആരും നിർദേശിച്ച പ്രകാരമല്ല ഇവരാരും പ്രവർത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എല്ലാവരും സ്വയം സന്നദ്ധരായാണ് രംഗത്ത് എത്തിയിരിക്കുന്നത്. യുഎഇ-യിലെ ഏഴ് എമറൈറ്റ്സുകളിലും പ്രത്യേകം വാട്സാപ്പ് കൂട്ടായ്മയും സംഘങ്ങളും രൂപീകരിച്ച് മറ്റു പ്രവാസികളോടുംകൂടി സഹകരിച്ചും സഹായം സ്വീകരിച്ചുമാണ് മലയാളികൾ അവിടെ മറ്റൊരു കേരള മോഡൽ ഉയർത്തുന്നത്.

Read also: ‘ഗാർഹികപീഡനം മുതൽ ആത്മഹത്യ വരെ’; ഒടുവിൽ ഇരയാകാതെ അതിജീവിതയായി മാറിയ പോലീസുകാരി!

മഴ വളരെയധികം ശക്തമായ ചൊവ്വാഴ്ച രാത്രിയിൽ തന്നെ സഹായങ്ങളുമായി ഇവരെല്ലാം സജീവമായിരുന്നു. മഴയിൽ മുങ്ങിയ വാഹനങ്ങൾ കരകയറ്റാനും മറ്റു സഹായങ്ങൾക്കും അവർ അന്ന് തന്നെ എത്തിയിരുന്നു. അതേസമയം, മഴമാറിയിട്ടും പലയിടങ്ങളിലും കനത്ത വെള്ളക്കെട്ടുകൾ ഉണ്ട്. ആ ഇടങ്ങളിൽ നീന്തി എത്തി അവർ സഹായം എത്തിക്കുകയാണ്. അതുപോലെ, കടകൾ പലതും മുങ്ങിപോയതിനാൽ ഇത്തരം ഇടങ്ങളിൽ അവശ്യ വസ്തുക്കൾ എത്തിക്കുന്നതിലാണ് മലയാളി കൂട്ടായ്മ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Story highlights- Malayalees from across the UAE rallied together