90 ദിവസം നീണ്ട് സാഹസിക യാത്ര; സ്‌കേറ്റ്‌ബോർഡിൽ മണാലിയിൽ നിന്ന് കന്യാകുമാരി വരെ..!

April 7, 2024

സ്‌കേറ്റിംഗ് എന്ന് കേള്‍ക്കുമ്പോള്‍ സ്‌കേറ്റ് പാര്‍ക്കുകളില്‍ കുതിച്ചുയരുന്ന കൗമാരക്കാരുടെ ചിത്രങ്ങള്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തും. ഇപ്പോള്‍ കൊച്ചുകുട്ടികളും സ്‌കേറ്റിംഗ് പരിശീലിക്കുന്നത് സാധാരണമാണ്. സാഹസികത നിറഞ്ഞ കായിക വിനോദം എന്നതിലുപരി സ്‌കേറ്റിംഗിന് എന്തെങ്കിലും സാധ്യതകള്‍ ഉണ്ടെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവാവ്. യാത്ര ചെയ്യാനായി വ്യത്യസ്തമായ യാത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ് നാം. എന്നാല്‍ യാത്രയും സ്‌കേറ്റിംഗും ഒരുപോലെ ഇഷ്ടപ്പെട്ടാല്‍ പിന്നന്ത് ചെയ്യും. ഇതോടെ സ്‌കേറ്റ്‌ബോര്‍ഡില്‍ നാട് ചുറ്റിക്കാണാന്‍ ഇറങ്ങിയിരിക്കുകയാണ് റിതിക് ക്രാറ്റ്‌സെല്‍. ( Man skateboards from Manali to Kanyakumari )

മണാലി മുതല്‍ കന്യാകുമാരി വരെ സ്‌കേറ്റ്‌ബോര്‍ഡില്‍ യാത്ര ചെയ്താണ് റിതിക് ശ്രദ്ധനേടുന്നത്. തന്റെ സ്‌കേറ്റ്‌ബോര്‍ഡും ഒരു ചെറിയ ബാക്ക്പാക്കും ഉപയോഗിച്ച് 90 ദിവസമെടുത്താണ് ഈ യാത്ര പൂര്‍ത്തിയാക്കിയത്. ഒരു പ്രൊഫഷണല്‍ സ്‌കേറ്റ്‌ബോര്‍ഡര്‍ ആണ് റിതിക് ക്രാറ്റ്‌സെല്‍. തന്റെ യാത്രയുടെ വീഡിയോകളും ചിത്രങ്ങളും റിതിക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചതോടെയാണ് ഈ സാഹസിക യാത്ര സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ആയിരുന്നു യുവാവിന്റെ യാത്ര. എന്നാല്‍ പലപ്പോഴും കനത്ത മൂടല്‍മഞ്ഞ് കാരണം ഗൂഗിള്‍ മാപ്പ് പ്രവര്‍ത്തിക്കാതെ വന്നത് യാത്രയുടെ പല ഘട്ടങ്ങളിലും വെല്ലുവിളി ഉയര്‍ത്തിയിരുന്നുവെന്നും റിതിക് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയില്‍ പറയുന്നു.

Read Also : സൗത്ത് കൊറിയയിൽ നിന്നും ചൈനയിലേക്ക്; കുഞ്ഞൻ പാണ്ടയ്ക്ക് ഉള്ളുതൊട്ട് യാത്രയയപ്പ് നൽകി ആയിരക്കണക്കിനാളുകൾ- വിഡിയോ

യാത്രയുടെ ആദ്യ ദിവസം മുതല്‍ തൊണ്ണൂറാം ദിവസം വരെയുള്ള മുഴുവന്‍ ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ റിതിക് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് പങ്കുവെച്ച് ഈ വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു. ഐതിഹാസിക നേട്ടമെന്നാണ് റിതിക് ക്രാറ്റ്‌സെലിന്റെ സ്‌കേറ്റ്‌ബോര്‍ഡ് യാത്രയെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ‘മണാലി മുതല്‍ കന്യാകുമാരി വരെയുള്ള സ്‌കേറ്റ് ബോര്‍ഡ് യാത്ര അവസാനിച്ചു. എന്നോടൊപ്പം ചേര്‍ന്നതിന് എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ അത് സാധ്യമാകുമായിരുന്നില്ല. എല്ലാവര്‍ക്കും നന്ദി’ – റിതിക് ക്രാറ്റ്‌സെല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Story highlights : Man skateboards from Manali to Kanyakumari