മലയാളത്തിന്റെ ഹിറ്റ് ജോഡി; വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു

April 19, 2024

മലയാളി പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ മോഹൻലാലും ശോഭനയും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. 20 വർഷങ്ങൾക്കു ശേഷം ഇരുവരും നായികാനായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലം എന്ന സിനിമയിലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി വെള്ളിത്തിരയിലെത്തിയത്. 2009-ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ( Mohanlal and Shobana to-reunite for Tharun Moorthy movie )

ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്.

നീണ്ട ഇടവേളയ്ക്കുശേഷം താൻ വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുകയാണെന്നും മോഹൻലാലും താനും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ അറിയിച്ചു. നാല് വർഷങ്ങൾക്കു ശേഷമാണ് ശോഭന മലയാള സിനിമയിലേക്ക് എത്തുന്നത്.

Read Also : കശ്മീരിലെ സദാഫ് മസാലയും വീൽചെയറിലെ ഉടമസ്ഥയും!

പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സാധാരണക്കാരായ ജനങ്ങളെയും അവരുടെ ജീവിതത്തെയും ആസ്പദമാക്കി ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. ഒരു ഇടവേളയ്ക്കു ശേഷം മോഹൻലാൽ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫർ കുടെയായ കെആര്‍ സുനിലിന്‍റെ തന്നെയാണ് കഥ.

Story highlights : Mohanlal and Shobana to-reunite for Tharun Moorthy movie