‘ആർആറിന്റെ പിങ്ക് പ്രോമിസ്’ ; സോളാര്‍ വെളിച്ചം 78 വീടുകളിൽ
അടിയ്ക്കുന്ന ഓരോ സിക്സിനും ആറ് വീടുകള്‍ക്ക് വീതം സോളാര്‍ പവര്‍ എത്തിക്കും എന്നതായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നതിന് മുന്നോടിയായി രാജസ്ഥാന് റോയല്‍ പ്രഖ്യാപിച്ച സ്പെഷ്യല്‍ പിങ്ക് പ്രോമിസ്. ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സാവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പിങ്ക് നിറത്തിലുള്ള പ്രത്യേക ജഴ്സി അണിഞ്ഞെത്തിയ രാജസ്ഥാന് മത്സര ശേഷം തെരഞ്ഞെടുക്കപ്പെട്ട 78 വീടുകളിലാണ് സോളാര്‍ പവര്‍ എത്തിക്കുക. രാജസ്ഥാനിലെ സ്ത്രീ ശാക്തീകരണത്തോട് ഐക്യപ്പെട്ടാണ് റോയല്‍സ് ടീമിന്റെ പിങ്ക് പ്രോമിസ്. ( Rajasthan Royals Fulfill Pink Promise IPL 2024 )
മത്സരത്തില്‍ രാജസ്ഥാന്റെ പിങ്ക് പ്രോമിസിന് തുടക്കം കുറിച്ചത് ബെംഗളൂരു താരം വിരാട് കോലിയും. ബെംഗളൂരു നിരയില്‍ നിന്ന് മൊത്തം ഏഴ് സിക്സറുകള്‍ പിറന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ആറ് സിക്സറുകള്‍ നേടി. മൊത്തം 13 സിക്സറുകളാണ് മത്സരത്തില്‍ പിറന്നത്. ഇങ്ങനെ 78 വീടുകളിലാണ് സോളാര്‍ എത്തുക. റോയല്‍സ് മാനേജ്മെന്റിന് കീഴിലുള്ള റോയല്‍ രാജസ്ഥാന് ഫൗണ്ടേഷന് എന്ന സന്നദ്ധസംഘടനയുടെ കീഴിലാണ് ഈ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. പ്രത്യേക പിങ്ക് ജഴ്സിയുടെ വില്പന വഴി ലഭിക്കുന്ന പണം സംഘടനയ്ക്ക് നല്‍കും. മത്സരത്തിലെ ഓരോ ടിക്കറ്റിനും നൂറ് രൂപ വീതവും നല്‍കും.
ജയ്പൂരില്‍ നടന്ന ‘റോയല്‍’ പോരാട്ടത്തില്‍ വിജയം രാജസ്ഥാനൊപ്പമായിരുന്നു. രണ്ട് സെഞ്ച്വറികള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സഞ്ജുവും സംഘവും തുടര്‍ച്ചയായ നാലാം ജയം നേടിയത്. വിരാട് കോലിയുടെ 8ാം ഐപിഎല്‍ സെഞ്ച്വറിയ്ക്ക് ജോസ് ബട്ലറുടെ അപരാജിത സെഞ്ച്വറിയിലൂടെയാണ് രാജസ്ഥാന് മറുപടി പറഞ്ഞത്. കോലി 72 പന്തില്‍ പുറത്താകാതെ 113 റണ്‍സ് നേടി.
നാല് തുടര്‍ ജയത്തോടെ രാജസ്ഥാന് പോയിന്റ് പട്ടികയില്‍ ഒന്നാമത്.ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. രാജസ്ഥാന് നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി 189 റണ്‍സെടുത്ത് വിജയം തൊട്ടു. 58 പന്തില്‍ 100 റണ്‍സാണ് ജോസ് ബട്ലര് അടിച്ചെടുത്തത്.
Story highlights : Rajasthan Royals Fulfill Pink Promise IPL 2024