തലമുറകളുടെ വിസ്മയം; ക്രിക്കറ്റ് ദൈവം പിറവിയെടുത്തിട്ട് 51 വര്‍ഷങ്ങൾ
ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ പിറവിയെടുത്തിട്ട് 51 വര്‍ഷങ്ങള്‍. ഒരു ജനതയെ മുഴുവന്‍ സ്വാധീനിച്ച സച്ചിന്റെ ജന്മദിനമായ ഏപ്രില്‍ 24 ക്രിക്കറ്റ് ലോകത്ത് ചരിത്രപരമായ ഒരു ദിവസമായി തന്നെ കണക്കാക്കാം. സച്ചിന് ദേവ് ബര്‍മന്റെ പാട്ടുകളോടുള്ള ആരാധന കാരണം മകന് സച്ചിന് എന്ന പേരിട്ടപ്പോള്‍ ബാറ്റ് കൊണ്ട് സംഗീതം തീര്‍ത്താണ് സച്ചിന്, അച്ഛന് രമേഷ് ടെണ്ടുല്‍ക്കറുടെ മനസ് നിറച്ചത്. ( Sachin Tendulkar 51st birthday )
1989 നവംബര്‍ 15, കറാച്ചിയില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ തന്റെ പതിനാറാം വയസിലാണ് സച്ചിന് ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത്. പിന്നീടുള്ള 24 വര്‍ഷങ്ങള്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലാക്കിയാണ് സച്ചിന് ടെണ്ടുല്‍ക്കര്‍ കളം വിട്ടത്. 2013 ല്‍ ഇന്ത്യന്‍ ജഴ്സിയോട് വിടപറഞ്ഞെങ്കിലും ഇന്നും ഇന്ത്യന്‍ കായിക മേഖലയുടെ അഭിമാനവും ആവേശവുമായി തുടരുകയാണ്.
രണ്ട് പതിറ്റാണ്ടിലധികം നീണ്ട തന്റെ കരിയറില്‍ ഇന്ത്യയെ 200 ടെസ്റ്റുകളിലും 463 ഏകദിനങ്ങളിലും സച്ചിന് പ്രതിനിധീകരിച്ചു. ഇരു ഫോര്‍മാറ്റിലുമായി 100 സെഞ്ച്വറികള്‍ സ്വന്തമാക്കിയ ലോക ക്രിക്കറ്റിലെ ഏക
ബാറ്ററാണ് സച്ചിന്. ടെസ്റ്റ് ക്രിക്കറ്റില്‍ 15,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടതും സച്ചിന് മാത്രമാണ്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സച്ചിന്റെ പേരിലാണ്. 16 വയസും 205 ദിവസവുമായിരുന്നു ടെസ്റ്റില്‍ അരങ്ങേറുമ്പോള്‍ സച്ചിന് പ്രായം.
ക്രിക്കറ്റിലെ മഹാരഥനോട് ചരിത്രം പോലും നീതി കാണിച്ചത് നമുക്ക് കാണാനാകും. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം സച്ചിനുവേണ്ടി മാറ്റിവെച്ചപ്പോള്‍ തന്റെ അവസാന ലോകകപ്പ് സമ്മാനിച്ചാണ് ചരിത്രം അദ്ദേഹത്തോട് നീതി കാണിച്ചത്. ക്രിക്കറ്റിലെ ചരിത്ര നേട്ടമായിരുന്നു ഇതിഹാസ താരത്തിന്റെ ഇരട്ട സെഞ്ച്വറി. 2010 ഫെബ്രുവരി 24 നാണ് സച്ചിന് ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി നേടുന്നത്. ഗ്വാളിയോറില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തിലാണ് 147 പന്തില്‍ പുറത്താകാതെ 200 റണ്‍സ് അടിച്ചെടുത്തത്. പിന്നീട് ഇരട്ട സെഞ്ച്വറികള്‍ പിന്നീട് നിരവധി താരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ആദ്യ ഇരട്ട സെഞ്ച്വറി എന്ന സുവര്‍ണ നേട്ടം എക്കാലവും സച്ചിന് മാത്രം അവകാശപ്പെട്ടതാണ്. 2011ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് നേടിയത്.
ക്രിക്കറ്റില്‍ സ്വന്തമാക്കാന്‍ കഴിയുന്ന നിരവധി നേ്ട്ടങ്ങളില് തന്റെ പേര് പതിപ്പിച്ച സച്ചിന് 2012-ല്‍ ചിരവൈരികളായ പാകിസ്ഥാനെതിരായ പരമ്പരയോടെ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. 2013-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ വിക്കറ്റിന് ഇടയിലെ 24 വര്‍ഷം നീണ്ടുനിന്ന മനോഹരമായ ഇന്നിങ്സിന് സച്ചിന് വിരാമമിട്ടു.
Story highlights : Sachin Tendulkar 51st birthday