‘മുംബൈ തെരുവുകളിൽ നിന്ന് മൈക്രോസോഫ്റ്റിലേക്ക്’; ഷഹീന തിരുത്തിയെഴുതിയ സ്വന്തം വിധി!
ജനനം ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലായിരുന്നെങ്കിലും നഗരത്തിൽ താമസിക്കുന്ന പിതാവിനൊപ്പം കഴിയാൻ ഷഹീനയുടെ കുടുംബം മുംബൈയിലേക്ക് മാറി. ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപമുള്ള മുംബൈയിലെ ദർഗ ഗല്ലി ചേരിയിലാണ് ഷഹീന അത്തർവാല തൻ്റെ ചെറുപ്പകാലം ചെലവഴിച്ചത്. (Shaheena Attarwala’s Journey from Mumbai slums to Microsoft)
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പലപ്പോഴും ദിവസങ്ങൾ കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ട് ഷഹീനയ്ക്ക്. പൊതു ശുചിമുറികൾ മാത്രമുള്ള ഇടത്ത് പലപ്പോഴും തുറസ്സായ ഇടങ്ങളിൽ സ്വകാര്യ ആവശ്യങ്ങൾ നടത്തേണ്ട സാഹചര്യങ്ങളും വന്നു ചേർന്നിട്ടുണ്ട്. കഠിനമായ ജീവിതസാഹചര്യങ്ങൾ കാരണം അവൾ പലപ്പോഴും തെരുവിൽ പല രാത്രികളും തള്ളി നീക്കിയിട്ടുണ്ട്.
സ്ത്രീ എന്ന നിലയിൽ പല തരത്തിലുള്ള വേർതിരിവുകളും അവഗണനകളും പീഡനങ്ങളും ഷഹീനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരു ഇരയായി അവശേഷിക്കാൻ അവൾ ആഗ്രഹിച്ചില്ല. വെല്ലുവിളികൾക്കിടയിലും, തനിക്കായി മറ്റൊരു ജീവിതം സൃഷ്ടിക്കാനുള്ള അവളുടെ ആഗ്രഹത്തിന് ആക്കം കൂടുക മാത്രമേ ചെയ്തുള്ളു.
Read also: രാജ്യത്തെ അന്ധയായ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥ; പ്രഞ്ജൽ കണ്ട സ്വപ്നങ്ങൾക്ക് ആയിരം സൂര്യന്റെ തെളിച്ചം!
പെൺകുട്ടികൾ വളരുന്നത് വിവാഹിതരായി പോകാൻ മാത്രമാണെന്ന് വിശ്വസിച്ചിരുന്ന മാതാപിതാക്കൾക്കും ചുറ്റുമുള്ളവർക്കും മുൻപിൽ പഠിക്കാനും മുന്നേറാനുമുള്ള തൻ്റെ ആഗ്രഹത്തിന് അവൾ മൂല്യം നൽകി.
2015-ൽ, ചേരിയിൽ നിന്ന് മാറി സ്വന്തം പാത കെട്ടിപ്പടുക്കാനുള്ള ധീരമായ തീരുമാനം അവരെടുത്തു. താമസിച്ചിരുന്നത് ഒരു ചേരിയിലായിരുന്നെങ്കിലും, പഠനത്തിൽ മിടുക്കിയായ അവൾ മുംബൈ സർവകലാശാലയിൽ നിന്ന് എസ്എസ്സി, എച്ച്എസ്സി പൂർത്തിയാക്കി. പിന്നീട് ബി.കോമിന് ചേർന്നു.
ബിരുദ പഠനത്തിനിടയിൽ, ഡിസൈനും മാനേജ്മെൻ്റും അവൾ പര്യവേക്ഷണം ചെയ്തു. മികച്ച രീതിയിൽ ബിരുദം നേടിയ ശേഷം അവൾ NIIT യിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിലും ഡിസൈനിലും ഡിപ്ലോമ നേടി.
അവളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട്, പ്രശസ്ത കമ്പനികളിൽ നിന്ന് അവൾക്ക് ഒന്നിലധികം ജോലി ഓഫറുകൾ ലഭിച്ചു. അക്കൂട്ടത്തിൽ നിന്ന് ഷഹീന തെരഞ്ഞെടുത്തത് മൈക്രോസോഫ്റ്റായിരുന്നു. രാജ്യത്ത് മൈക്രോസോഫ്റ്റിൽ മികച്ച ജോലി ലഭിച്ച ചുരുക്കം ചില വിദ്യാർത്ഥികളിൽ ഷഹീനയും ഉൾപ്പെടുന്നു. ഇന്ന്, മൈക്രോസോഫ്റ്റിൽ പ്രോഡക്റ്റ് ഡിസൈൻ മാനേജർ സ്ഥാനം വഹിക്കുകയാണ് ഈ മിടുക്കി.
202-ൽ ഷഹീനയുടെ കുടുംബം ഒരു മനോഹരമായ അപ്പാർട്ട്മെന്റിലേക്ക് താമസം മാറ്റി. പക്ഷികളും നിറയെ പച്ചപ്പും നിറഞ്ഞ ആ വീട്ടിൽ ഇന്ന് സ്വപ്നം കണ്ടിരിക്കുമ്പോൾ, വഴിയോര കച്ചവടക്കാരനായ അച്ഛനൊപ്പം തെരുവിൽ ഉറങ്ങിയ കാലവും അന്ന് എത്തപ്പെടാൻ കഴിയാത്ത ആഗ്രഹങ്ങളെ കിനാവ് കണ്ടുറങ്ങിയ ദിവസങ്ങളും അവൾക്ക് വലിയ ഓർമപ്പെടുത്തലാണ്. ജീവിതം ദുഃഖം സമ്മാനിക്കുമെന്ന് വാശി പിടിക്കുമ്പോൾ നമ്മൾ മനുഷ്യർ തോൽക്കാൻ തയ്യാറല്ലെങ്കിൽ എന്തൊക്കെ സംഭവിക്കും എന്നതിന്റെ ഓർമ്മപ്പെടുത്തൽ.
Story highlights: Shaheena Attarwala’s Journey from Mumbai slums to Microsoft