ജന്മനാൽ സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിലേക്ക് ഒതുങ്ങിയ ജീവിതം; നിശ്ചയദാർഢ്യം കൊണ്ട് സിവിൽ സർവീസ് നേടി ശാരിക

April 16, 2024

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുകയാണ്. നിരവധി മലയാളികള്‍ ആദ്യ 100 റാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും വടകര കീഴരിയൂര്‍ സ്വദേശിനി ശാരിക എ.കെ നേടിയ വിജയം ഏവരെയും പ്രചോദിപ്പിക്കുകയാണ്. സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്ന ആദ്യ വ്യക്തി എന്ന നേട്ടമാണ് ശാരിക സ്വന്തമാക്കിയത്. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ചതോടെ വീല്‍ചെയറിലേക്ക് ഒതുങ്ങിയ അവളുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ശാരികയെ സ്വപ്‌നം നേടിക്കൊടുക്കുന്നതിലേക്ക് നയിച്ചത്. ( Sharika overcame cerebral palsy and cracked Indian Civil service )

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നതിനായി ആരംഭിച്ച ‘പ്രൊജക്ട് ചിത്രശലഭം’ എന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തില്‍ വഴിത്തിരിയവായത്. അബ്‌സല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകനും എഴുത്തുകാരനും മോട്ടിവേഷനല്‍ സ്പീക്കറുമായ ഡോ. ജോബിന്‍ എസ്. കൊട്ടാരം ആണ് ഈ ഈ പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശരീരം ഭാഗികമായി തളര്‍ന്ന് വീല്‍ചെയറിലായ വയനാട്ടുകാരി ഷെറിന്‍ ഷഹാനയും ‘ചിത്രശലഭം’ പദ്ധതിയുടെ കീഴില്‍ പരിശീലനം നേടി യുപിഎസ്‌സി പാസായരുന്നു.

ഇടത് കൈയിലെ മൂന്ന് വിരലുകള്‍ മാത്രമാണ് ശാരികയ്ക്ക് ചലിപ്പിക്കാനാകുന്നത്. ഈ പരിമിതികളെ മനക്കരുത്ത് കൊണ്ട് പൊരുതിത്തോല്‍പ്പിച്ചാണ് ശാരിക നേട്ടത്തിന്റെ നെറുകയില്‍ എത്തിയത്. വടകര കീഴരിയൂര്‍ എരേമ്മന്‍ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ് ശാരിക.

2023 മെയ് മാസത്തിലായിരുന്നു പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ നടന്ന മെയിന്‍സ് പരീക്ഷ പാസായി. തുടര്‍ന്ന് ജനുവരി 30ന് ഡല്‍ഹിയില്‍ നടന്ന അഭിമുഖത്തില്‍ മികവ് തെളിയിച്ചു. ഓണ്‍ലൈനായും തിരുവനന്തപുരത്ത് നേരിട്ടെത്തിയുമായിരുന്നു ശാരിക പരിശീലനം നടത്തിയിരുന്നത്.

Read Also : ബാല വിവാഹത്തിൽ നിന്നും രക്ഷപ്പെട്ട 15-കാരി; ഇന്ന് 440 ൽ 421 മാർക്ക്, നിർമലയ്ക്ക് ആഗ്രഹം ഐപിഎസ് ഓഫിസറാകാൻ

മൂന്ന് വര്‍ഷം മുമ്പാണ് ഡോ. ജോബിന്‍ എസ് കൊട്ടാരം ‘പ്രൊജക്റ്റ് ചിത്രശലഭം’ ആരംഭിച്ചത്. സിവില്‍ സര്‍വീസ് അടക്കമുള്ള നേതൃരംഗത്ത് ഭിന്നശേഷിക്കാരായ ആളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതായിരുന്നു ഈ പരിശീലന പദ്ധതിയുടെ സ്ഥാപകലക്ഷ്യം. ശാരികയെയും ഷെറിന്‍ ഷഹാനയെയും പോലുള്ളവര്‍ തങ്ങളുടെ ശാരീരിക പരിമിതികളോട് പടപൊരുതി സ്വപനനേട്ടങ്ങള്‍ എത്തിപ്പിടിക്കുമ്പോള്‍ ഈ അധ്യാപകന്റെ സന്തോഷം ഇരട്ടിയാകുകയാണ്.

Story highlights : Sharika overcame cerebral palsy and cracked Indian Civil service