ഐടി ജീവനക്കാരൻ കർഷകനായപ്പോൾ മണ്ണിലൊരുങ്ങിയ സ്വർഗം!
ഇന്ന് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ടമില്ലാത്ത പല കോഴ്സുകളും കഷ്ടപ്പെട്ട് പഠിച്ച് ഒടുവിൽ ജോലിക്ക് കയറുമ്പോൾ പൊടുന്നനെ ജീവിതമാകെ വഴിമുട്ടി നിൽക്കുന്നവരുണ്ട്. സ്വത്വം തന്നെ നഷ്ടപ്പെട്ട് എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാൻ പോലും കഴിയാതെ സ്വപ്നങ്ങൾക്കും യാഥാർഥ്യത്തിനും മുന്നിൽ പകച്ചു നിൽക്കുന്ന അവസ്ഥ. (Shihab’s Transformation from an IT Professional to a Farmer)
എന്നാൽ മലപ്പുറം എടപ്പാൾ സ്വദേശി ശിഹാബ് കുഞ്ഞുമുഹമ്മദ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഭയപ്പെട്ടില്ല. ചില്ലുകൂട്ടിലുള്ള ബെംഗളൂരു ഐടി ജീവിതം അവസാനിപ്പിച്ച് 2015-ൽ മണ്ണിലേക്കിറങ്ങുമ്പോൾ അയാളുടെ മനസിൽ ഉത്തരമില്ലാത്ത പല ചോദ്യങ്ങളും ഉണ്ടായിരുന്നിരിക്കാം. പക്ഷെ കൈമുതലായി ആവോളം ആത്മവിശ്വാസമുണ്ടായിരുന്ന അയാൾ ഇന്ന് ആ മണ്ണിൽ പൊന്ന് വിളയിക്കുകയാണ്.
2010-ൽ പുറത്തിറങ്ങിയ ‘ഇവിടം സ്വർഗമാണ്’ എന്ന ചിത്രമാണ് ജീവിതത്തിലെ ഏറ്റവും നിർണായകമായ ആ തീരുമാനമെടുക്കാൻ ശിഹാബിന്റെ പ്രേരിപ്പിച്ചത്. ചിത്രം കണ്ടതോടെ അത്തരമൊരു സംരംഭത്തിൽ തനിക്കും ഭാഗമാകണം എന്ന തീരുമാനത്തിൽ അയാൾ എത്തുകയായിരുന്നു.
Read also: ‘സിമന്റിന് പകരം നിർമാണത്തിന് വേപ്പിലയും ശർക്കരയും’; ഇത് യാഥാർത്യമായൊരു സുസ്ഥിര ഭവനം!
കൃഷിക്ക് അനുയോജ്യമായ ഇടം ബെംഗളൂരുവിൽ കണ്ടെത്താനാകാതെ വന്നതോടെയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്നാട് കർണാടക അതിർത്തിയായ ഹൊസൂരിൽ ആരും കൊതിക്കുന്ന സ്വപ്നലോകം ശിഹാബ് ഒരുക്കിയത്. തരിശായി കിടന്ന മണ്ണിൽ ഇന്ന് നാടൻ ചക്കയും, കിഴങ്ങും, അപൂർവയിനം പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും, ആട്, പശു, കോഴി താറാവ്, എന്നിവരൊക്കെ ചേർന്ന പുതിയൊരു ലോകം അയാൾ സൃഷ്ടിച്ചു.
കൃഷിയെ എങ്ങനെ കൃത്യമായി വിപണിയിലെത്തിക്കണമെന്നും ശിഹാബിനറിയാം. ഫാം ടൂറിസത്തിന്റെ എല്ലാ ചേരുവകളും ആ മണ്ണിലൊരുക്കി സഞ്ചാരികളെയും നിക്ഷേപകരെയും അദ്ദേഹം തൻ്റെ സ്വർഗത്തിലേക്ക് ആകർഷിച്ചു. അങ്ങനെ 5 ഏക്കറിൽ തുടങ്ങിയ ആ സംരംഭം ഇന്ന് 250 ഏക്കറിലെത്തി നിൽക്കുന്ന വിജയ കഥയാണ്.
Story highlights: Shihab’s Transformation from an IT Professional to a Farmer