‘സിമന്റിന് പകരം നിർമാണത്തിന് വേപ്പിലയും ശർക്കരയും’; ഇത് യാഥാർത്യമായൊരു സുസ്ഥിര ഭവനം!

April 28, 2024

വേപ്പിലയും, ശർക്കരയും ഉലുവയും… പച്ചമരുന്ന് വല്ലതും ഉണ്ടാക്കാനുള്ള ചേരുവകളാണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ കേട്ടോളൂ ഇതൊക്കെ വീട് വെയ്ക്കാനുള്ള സാമഗ്രഹികളാണ്. (Zero Cement Sustainable House Built Using Neem and Jaggery)

പല നഗരങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന് രാജ്യത്തുടനീളം ഉഷ്ണതരംഗം ആഞ്ഞടിക്കുകയാണ്. എസിയില്ലാതെ ഒരു മിനിറ്റ് പോലും തള്ളിനീക്കാൻ കഴിയാത്ത ഗുരുതര അവസ്ഥയിലാണ് നമ്മുടെ കേരളവും. കാലാവസ്ഥ കൂടുതൽ തീവ്രമാകുമ്പോൾ, മാറിവരുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഒരു വീട്ടിൽ താമസിക്കുക എന്നത് നമ്മൾ പലരുടെയും സ്വപ്നമാണ്.

കെട്ടിട നിർമാണത്തിന് സിമൻ്റ് ആവശ്യമായി വരുന്നതിന് മുമ്പ് ഇത്തരം വീടുകൾ നിർമ്മിച്ചിരുന്നു. രാജസ്ഥാനിലെ അൽവാറിലാണ് ശിപ്ര സിംഘാനിയ എന്ന ഡിസൈനർ ഇത്തരമൊരു സ്വപ്നതുല്യമായ ഭവനം നിർമ്മിച്ചിരിക്കുന്നത്.

2014 മുതൽ തൻ്റെ സ്ഥാപനമായ സ്കെച്ച് ഡിസൈൻ സ്റ്റുഡിയോയിലൂടെ ഇൻ്റീരിയർ ഡിസൈനറായി പ്രവർത്തിക്കുകയാണ് ഷിപ്ര സിംഘാനിയ. എന്നാൽ 2020-ൽ ഒരു ക്ലയന്റ് ഷിപ്രയോട് തൻ്റെ ഫാമിൽ ഒരു അഗ്രോ-ടൂറിസം ഏരിയ രൂപകൽപ്പന ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീടങ്ങോട്ട് ഷിപ്രയുടെ ചിന്തകളിലും നിർമിതിയിലും വന്ന മാറ്റങ്ങൾ ചില്ലറയല്ല.

സുസ്ഥിര ഭവനങ്ങൾ നിർമിക്കുന്ന പദ്ധതിയിൽ പ്രവർത്തിച്ചതിൻ്റെ ഫലമായി, പ്രകൃതിദത്ത നിർമ്മാണത്തെക്കുറിച്ചും ലോകത്തിലെ പ്രകൃതിദത്ത അത്ഭുതങ്ങളെക്കുറിച്ചും കഴിയുന്നത്ര പഠിക്കാൻ അവർ തീരുമാനിച്ചു.

പരിസ്ഥിതി സൗഹൃദ രൂപകല്പനകൾ, സുസ്ഥിര ഭവനങ്ങൾ എന്നിവയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ ഷിപ്രയ്ക്ക് പിന്നീടൊരു മടങ്ങിപ്പോക്കുണ്ടായില്ല. പഠിച്ച കാര്യങ്ങളെല്ലാം മനസ്സിൽ കരുതി ഷിപ്ര കുടുംബത്തോടൊപ്പം തൻ്റെ രണ്ടാമത്തെ വീടിൻ്റെ നിർമ്മാണം ആരംഭിച്ചു.

നിർമ്മാണ വിദ്യകൾ അൽവാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടേണ്ട ആവശ്യമുണ്ടായിരുന്നു. അതിനാൽ, പ്രദേശത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ആൽവാർ നഗരത്തിൻ്റെ ഭൂപ്രകൃതിയെ ചുറ്റിപ്പറ്റിയുള്ള നിരവധി കോട്ടകളുടെയും മറ്റ് ശിലാ ഘടനകളുടെയും നിർമ്മാണത്തിൽ മണൽക്കല്ലുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.

വേനൽക്കാലത്ത് ശരാശരി 41 ഡിഗ്രി സെൽഷ്യസും ശൈത്യകാലത്ത് 8 ഡിഗ്രി സെൽഷ്യസ് താപനിലയുമാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. തീവ്രമായ കാലാവസ്ഥയായതിനാൽ, വീടിനുള്ളിൽ കാര്യമായ താപനില വ്യതിയാനം വരുത്താതെ ശക്തമായ കാറ്റിനെയും ഉയർന്ന താപനിലയെയും നേരിടാൻ കഴിയുന്ന തരത്തിലാണ് വീട് നിർമ്മിക്കേണ്ടത്.

Read also: വൈദ്യുതിയും കാറുകളും ആധുനിക സാങ്കേതിക വിദ്യകളൊന്നും ഇല്ല; ഇതിലും ലളിതമായെങ്ങനെ ഈ യന്ത്രലോകത്തില്‍ ജീവിക്കും…

പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് എങ്ങനെ ഒരു കെട്ടിടം നിർമ്മിക്കാം എന്നതിനെക്കുറിച്ച് അറിവ് നേടുന്നതിനായി ആർക്കിടെക്ചർ മേഖലയിലെ മറ്റ് വിദഗ്ധരുമായി അവർ സംസാരിച്ചു. ശേഷം പരിസ്ഥിതി സൗഹൃദ വസ്തുക്കളെ കുറിച്ച് അന്വേഷിച്ചു. പുരാതന നിർമാണ സങ്കൽപ്പങ്ങളിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കളെ ഉപയോഗപ്പെടുത്തുന്നതിന് തനതായ ശാസ്ത്രീയ അടിസ്ഥാനങ്ങളുണ്ടെന്ന് അവർ മനസിലാക്കി.

ഭർത്താവിന്റെ അമ്മയുടെ പിന്തുണയോടെയാണ് ഷിപ്ര മണ്ണും, കുമ്മായവും കൊണ്ട് വീട് നിർമാണം ആരംഭിച്ചത്. വേപ്പില, മഞ്ഞൾ, ശർക്കര തുടങ്ങിയ ഭക്ഷണസാധനങ്ങൾ ഉപയോഗിച്ചാണ് അവർ നിർമ്മാണ സാമഗ്രികൾ പോലും ഉണ്ടാക്കിയത്. വേപ്പിന്റെ ചിതലിനെ തുരത്താനുള്ള കഴിവ്, വസ്തുക്കളെ തമ്മിൽ ഒട്ടിച്ച് നിർത്താനുള്ള ശർക്കരയുടെ ശക്തി, മൺകട്ടകൾ ഉറപ്പിക്കാനുള്ള ഉലുവയുടെ കഴിവ്, എന്നിങ്ങനെയുള്ള ഗുണങ്ങൾ കാരണം ഈ ഭക്ഷണ വസ്തുക്കൾ നൂറ്റാണ്ടുകളായി മൺ കെട്ടിട നിർമിതിയിൽ ഉപയോഗിക്കുന്നു.

പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ഘടനകളുടെ നിലനിൽപ്പിനെക്കുറിച്ച് അവർക്ക് ആദ്യം സംശയമുണ്ടായിരുന്നു. പക്ഷേ ക്രമേണ സംശയങ്ങൾ മാറിത്തുടങ്ങുകയായിരുന്നു. കെട്ടിടത്തിൻ്റെ നിർമാണത്തിന് അൽപം പോലും സിമൻ്റ് ഉപയോഗിച്ചിട്ടില്ല. ഒരു വർഷം നീണ്ട നിർമ്മാണ പ്രക്രിയയ്ക്ക് ശേഷം 2021-ൽ 2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു ഷിപ്രയുടെ കുടുംബം.

പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് വീട് നിർമിക്കുക മാത്രമല്ല, ഭക്ഷണത്തിനാവശ്യമായ ഒരു ചെറിയ അടുക്കള തോട്ടവും അമ്മയും മകളും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഇടവേളകൾ ചെലവഴിക്കാനും, നഗരത്തിന്റെ തിരക്കുകളിൽ നിന്ന് വിശ്രമിക്കാനും പ്രകൃതിക്കും തങ്ങൾക്കും ഇണങ്ങിയ ഒരു വീട് അവർ അണിയിച്ചൊരുക്കി. കേൾക്കുന്നവരുടെ മനസിൽ ചോദ്യങ്ങൾ ഒരുപക്ഷെ ഇനിയും ബാക്കിയുണ്ടാകാം. എന്നാൽ ഷിപ്ര ഒരുക്കിയ വീട് തന്നെ ഇത്തരം നിർമിതികൾ ഇക്കാലത്തും സാധ്യമാണ് എന്നതിന് സാക്ഷ്യമാണ്.

Story highlights: Zero Cement Sustainable House Built Using Neem and Jaggery