സൗത്ത് കൊറിയയിൽ നിന്നും ചൈനയിലേക്ക്; കുഞ്ഞൻ പാണ്ടയ്ക്ക് ഉള്ളുതൊട്ട് യാത്രയയപ്പ് നൽകി ആയിരക്കണക്കിനാളുകൾ- വിഡിയോ
പാണ്ടകൾ വളരെ രസകരമായ പെരുമാറ്റരീതികളിലൂടെ ചിരി പടർത്തുന്നവരാണ്. അവയെ നിരീക്ഷിച്ച് മണിക്കൂറുകളോളം ഇരുന്നാലും അല്പം പോലും മടുപ്പ് തോന്നില്ല. എന്നാൽ, പാണ്ടകളോളം മടിയുള്ള മറ്റൊരു ജീവിയും ഇല്ല. അവ വളരെ അലസരാണ്. എന്തായാലും ഒരിക്കൽ കണ്ടാൽ വലിയ ആത്മബന്ധം നമുക്ക് അവയോട് തോന്നും എന്നത് സത്യമാണ്.
അങ്ങനെ ആളുകൾ ഹൃദയത്തിലേക്ക് ചേർത്തുവെച്ച ഒരു കുഞ്ഞൻ പാണ്ട പെട്ടെന്നൊരു ദിവസം മറ്റൊരു നാട്ടിലേക്ക് പോകുകയാണ്. എങ്ങനെയായിരിക്കും ആ നാട് ആ വിടപറയൽ ഏറ്റെടുക്കുക? ചൈനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രിയപ്പെട്ട ഭീമൻ പാണ്ടയോട് വിടപറയാൻ ദക്ഷിണ കൊറിയയിലെ അമ്യൂസ്മെൻ്റ് പാർക്കിൽ ഒരു കൂട്ടം ആളുകൾ മഴ പോലും വകവൽക്കാതെ എത്തിയതാണ് ഇപ്പോൾ ശ്രദ്ധനേടുന്ന കാഴ്ച.
സിയോളിനടുത്തുള്ള എവർലാൻഡ് തീം പാർക്കിൽ 2016-ൽ ചൈനയിൽ നിന്ന് 15 വർഷത്തെ പാട്ടത്തിനെടുത്ത പാണ്ടകളായ ഐ ബാവോയുടെയും ലെ ബാവോയുടെയും മകനായി 2020-ൽ ജനിച്ച ഫു ബാവോ ആണ് ചൈനയിലേക്ക് യാത്രയായത്. പാർക്കിലെ ഒരു പ്രധാന ആകർഷണമായിരുന്നു ഈ കുഞ്ഞൻ.
ചൈന പാണ്ടകളെ വിദേശത്തേക്ക് അയക്കാറുണ്ട്. എന്നാൽ മൃഗങ്ങളുടെയും അവയുടെ കുഞ്ഞുങ്ങളുടെയും ഉടമസ്ഥത ചൈന നിലനിർത്തുന്നുമുണ്ട്. പതിറ്റാണ്ടുകളായി ഇങ്ങനെയുള്ള ശ്രമങ്ങൾ മൃഗങ്ങളെ വംശനാശത്തിൽ നിന്ന് രക്ഷിച്ചു. അങ്ങനെ ഒരേ സമയം 1,000-ൽ താഴെയുള്ള അംഗസംഖ്യയിൽ നിന്നും 1,800-ലധികമായി മാറുകയും ചെയ്തു.
Read also: വേഷവും വീട്ടുസാധനങ്ങളുമടക്കം പഴമയുടെ ടച്ച്; 1930- കളിൽ ജീവിച്ച് ദമ്പതികൾ!
അങ്ങനെ തിരികെ പോകാനുള്ള സമയമായി ഫു ബാവോയ്ക്കും. ദക്ഷിണ കൊറിയയിലെ നിരവധി പാണ്ട ആരാധകർ എവർലാൻഡ് പാർക്കിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ പങ്കെടുക്കാനെത്തി. ഫു ബാവോയും വഹിച്ചുകൊണ്ട് ഒരു ട്രക്ക് മഴയത്ത് പതിയെ ചൈനയിലേക്ക് യാത്ര തുടങ്ങിയപ്പോൾ, റെയിൻ കോട്ടും കുടയുമൊക്കെയായി നിരവധി സന്ദർശകർ പതാക വീശിയും വിടവാങ്ങൽ സന്ദേശങ്ങൾ പറഞ്ഞും, യാത്രയാക്കി. ചിലർ ഉറക്കെ കരയുകയും ചെയ്തു. ’10 വർഷം കഴിഞ്ഞാലും 100 വർഷം കടന്നാലും നീ ഞങ്ങളുടെ കുഞ്ഞ് പാണ്ടയാണ്,’ മൃഗശാലാ സൂക്ഷിപ്പുകാരൻ കാങ് ചിയോൾ-വോൺ വിടവാങ്ങൽ ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
Story highlights- South Koreans emotional farewell to beloved panda