ട്രെയിനിൽ അവൾ ആദ്യായിട്ടാണ്, ഒരു ഫോട്ടോ എടുത്ത് തരാമോ?- ഹൃദ്യമായൊരു ചിത്രവും കഥയും

April 29, 2024

ഹൃദ്യമായ ചില കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ വളരെവേഗത്തിൽ ശ്രദ്ധനേടാറുണ്ട്. മിക്കപ്പോഴും ആ ചിത്രങ്ങൾക്ക് ഒരു കഥ പറയാനുണ്ടാകും. മനസ്സിൽ തട്ടുന്ന ചില കഥകൾ..അത്തരത്തിൽ ഒരു അനുഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒരു ട്രെയിൻ യാത്രയ്ക്കിടെ തനിക്ക് പകർത്താൻ ഇടവന്ന ഒരു കുടുംബചിത്രവും അതിന് പിന്നിലെ മനോഹരമായ കഥയും പങ്കുവയ്ക്കുകയാണ് ജേർണലിസ്റ്റായ രാധിക. ഇൻസ്റാഗ്രാമിലാണ് അവർ വിഡിയോ സഹിതം പങ്കുവെച്ചത്.

ഭാര്യക്കൊപ്പം ആദ്യമായി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഒരു മധ്യവയസ്കൻ. തന്റെ ഫോണിൽ ഭാര്യയുടെ ഒരു ചിത്രം പകർത്തി തരാമോ എന്ന് അദ്ദേഹം സഹയാത്രികയായ രാധികയോട് ആവശ്യപ്പെട്ടു. അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

‘വേണാട് എക്സ്പ്രസാണ്, കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര. തിരക്ക് കുറഞ്ഞു തുടങ്ങിയത്കൊണ്ട് വിൻഡോ സീറ്റിലേക്ക് ഒതുങ്ങി ഹെഡ്‌സെറ്റിൽ പാട്ടൊക്കെ കേട്ട് ഇരുന്നു. പെട്ടെന്ന് അടുത്തേക്കൊരു ‘അമ്മാവൻ’ എത്തുന്നു, സ്ഥിരം ശല്യക്കാരിൽ ഒരാളായിരിക്കും എന്ന് വിചാരിച്ചു ഒട്ടും താല്പര്യം ഇല്ലാതെ ഹെഡ്സെറ്റ് മാറ്റിയപ്പോൾ പുള്ളിക്കാരൻ ചോദിച്ചു, ‘മാഡം ഒരു ഫോട്ടോ എടുത്തു തരാമോ?’ ആദ്യം സംഗതി മനസിലായില്ല, ‘എന്താ ?’ എന്ന് ചോദിച്ചപ്പോൾ നിഷ്കളങ്കമായ ചിരിയോടെ അദ്ദേഹം ഭാര്യയെ പരിചയപ്പെടുത്തി, “മാഡം ഇതെന്റെ ഭാര്യയാണ്, അവൾ ആദ്യമായിട്ടാണ് ട്രെയ്നിൽ കേറുന്നത്. അത്കൊണ്ട് ഒരു ഫോട്ടോ എടുത്തു തരാമോ?’. മനസ് നിറഞ്ഞൊരു സന്തോഷം തോന്നി ആ ചോദ്യം കേട്ടപ്പോൾ. ‘പിന്നെന്താ ചേട്ടാ, ചേട്ടനും കൂടെ നില്ക്കു, ഞാൻ എന്റെ ഫോണിൽ തന്നെ എടുക്കാം,’ എന്ന് പറഞ്ഞു ഞാനും എഴുനേറ്റു. ആദ്യമൊന്നു നാണിച്ചെങ്കിലും ഭാര്യക്കൊപ്പം ആളും കയറിനിന്നു എന്റെ ഫ്രയിമിലേക്കു. ഭാര്യയുടെ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത സന്തോഷം ചേട്ടന്റെ മുഖത്തും ഒരു ചെറു നാണത്തോടെയുള്ള ചിരി അമ്മയ്ക്കും.

ഫോട്ടോ എടുത്തു, ഉടനെ തന്നെ വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാമോ എന്ന് ചോദിച്ചു, ഇളയ മകൻ ഡാനിക്ക് അയക്കാനാണത്രെ. പിന്നെ വിശേഷങ്ങളാണ്, ശ്രീനാഥ്, ഭാര്യ വിക്ടോറിയ, രണ്ടു ആൺമക്കൾ വിദേശത്താണ്, മകൾ തിരുവനന്തപുരത്തും. മകളെ മാമ പയ്യന് കല്യാണം കഴിച്ചു കൊടുത്ത കഥയും, തിരുവനന്തപുറത്തുകാരൻ ശ്രീനാഥ് തിരുച്ചിറപ്പള്ളികാരി വിക്ടോറിയയെ ‘കാതലിച്ച’ കഥയും കേട്ടിരുന്നപ്പപ്പോൾ മകൻ ഡാനിയുടെ ഫോൺ വന്നു. ഫോട്ടോ എടുത്തു കൊടുത്ത എന്നെയും പരിചയപ്പെടുത്തി ഡാനിക്ക്.

Read also: സ്ത്രീകൾ മാത്രമുള്ള ലോകത്തിലെ ഏക അടുക്കള; അസ്മ ഖാന്റെ ‘ഡാർജിലിങ്ങ് എക്‌സ്പ്രസ്’!

ഓടുന്ന ട്രെയിനിലെ, ഷെയിക്കായ, ലൈറ്റ് പെർഫെക്റ്റ് അല്ലാത്ത, ഈ പടത്തോളം ഭംഗിയുള്ള ഒരു ചിത്രം ഇതിനുമുൻപ് ഞാൻ എടുത്തിട്ടുണ്ടോ എന്ന് അറിയില്ല. ആ ഫ്രെയിമിൽ എല്ലാം ഉണ്ടായിരുന്നു ഇഷ്ടം, പ്രണയം, കരുതൽ, കൂട്ട്, കുടുംബം, അങ്ങനെ എല്ലാം. ഞാൻ ട്രെയ്നിൽ നിന്ന് ഇറങ്ങുമ്പോഴും അവർ ആ ഫോട്ടോ നോക്കി പരസ്പരം ചിരിക്കുന്നുണ്ടായിരുന്നു’.

ഒട്ടേറെ ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടത്. നിരവധി കമന്റുകളും ചിത്രത്തിന് ലഭിച്ചു.

Story highlights- Story behind a cute train click