അപകടത്തിൽ കാൽ നഷ്ടപ്പെട്ടു; ശേഷം ഇന്ത്യയുടെ ആദ്യ വനിത ബ്ലേഡ് റണ്ണർ!

April 4, 2024

2011 ഡിസംബറിൽ, ഇൻഫോസിസ് ജീവനക്കാരിയായ കിരൺ കനോജിയ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാൻ ഫരീദാബാദിലേക്കുള്ള വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. പ്രിയപെട്ടവരെ കാണാൻ കൊതിയോടെ കിരൺ ട്രെയിനിൻ്റെ വാതിലിനരികിൽ ഇരുന്നു. എന്നാൽ ആ യാത്ര അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. (Story of India’s First Female Blade Runner)

അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ, കിരൺ ഒരു ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. തൻ്റെ ബാഗ് തട്ടിയെടുക്കാനുള്ള ശ്രമത്തിൽ, ട്രെയിനിൽ നിന്ന് അവളെ തള്ളിയിട്ട രണ്ട് ആളുകളുടെ മുഖം മാത്രം അവ്യക്തമായി അവളുടെ ഓർമകളിൽ ഉണ്ടായിരുന്നു. പിറന്നാൾ ദിവസം വൈകിട്ട്, അപകടത്തിന്റെ അനന്തരഫലമായി കിരണിന്റെ കാലുകൾ മുറിച്ച് മാറ്റാനുള്ള സംസാരങ്ങളാണ് അവൾ ചുറ്റും കേട്ടത്. അപ്പോഴാണ് തനിക്ക് എന്താണ് നഷ്ടപ്പെട്ടത് എന്ന തിരിച്ചറിവ് അവൾക്കുണ്ടാക്കുന്നത്.

അപകടത്തെത്തുടർന്ന് കാൽ മുറിച്ചുമാറ്റുന്നതിനായി അവൾ ഹൈദരാബാദിലേക്ക് താമസം മാറി. ദക്ഷിൺ റീഹാബിലിറ്റേഷൻ സെൻ്ററിൽ അവൾ കൃത്രിമ കാൽ സ്വീകരിച്ച് ക്രമേണ ഒരു പുതിയ ജീവിതരീതി സ്വീകരിക്കാൻ തുടങ്ങി. സ്വന്തം ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കുന്നത് അവൾക്കിഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ കിരൺ ഓട്ടം പരിശീലിക്കാൻ തുടങ്ങി. ആ റിഹാബിലിറ്റേഷൻ സെന്റർ അവളുടെ ജീവിതം തന്നെ മാറ്റി.

Read also: ‘ഒരിക്കൽ തൂപ്പുകാരി, ഇന്ന് ഡെപ്യൂട്ടി കളക്ടർ’; സ്വപ്നങ്ങൾക്ക് ചിറക് നൽകിയ ആശ!

ആദ്യം ഓടുമ്പോൾ കിരണിന് അതികഠിനമായ വേദന അനുഭവപ്പെട്ടു. എന്നാൽ പതിയെ അവൾ മറ്റുള്ളവർക്കൊപ്പം മുന്നേറാൻ തുടങ്ങി. പിന്നീടാണ് അവൾ കാലിൽ ബ്ലേഡുകൾ ഘടിപ്പിച്ചത്. ആദ്യം ഉപയോഗിച്ചിരുന്ന കൃത്രിമ കാലുകളെ അപേക്ഷിച്ച് അവയുടെ ഭാരം വളരെ കുറവായിരുന്നു. അതിനാൽ അതുപയോഗിച്ച് നടക്കാൻ കഴിയുമോ എന്നുപോലും കിരണിന് സംശയമായിരുന്നു. പക്ഷെ പതിയെ അതുമായി അവൾ പൊരുത്തപ്പെട്ടു തുടങ്ങി.

പിന്നീട് കിരണിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2014ൽ ഹൈദരാബാദ് എയർടെൽ മാരത്തണിൽ അവൾ ആദ്യമായി മെഡൽ നേടി. ഇന്ന് കിരൺ ഒരു ചാമ്പ്യൻ ബ്ലേഡ് റണ്ണറാണ്. കൂടാതെ, മാരത്തണുകൾ ഓടാനും ഫ്ലാഗ് ഓഫ് ചെയ്യാനും ഡൽഹിയിലേക്കും മുംബൈയിലേക്കും അവൾ ക്ഷണിക്കപ്പെടുന്നു.

ക്ഷണിക്കപ്പെടാത്ത നേരം കടന്നു വന്ന അപകടം കിരണിനെ ഒരു വലിയ പാഠം പഠിപ്പിച്ചു. അത്ഭുതങ്ങൾ സംഭവിക്കാൻ കാത്തു നിൽക്കാതെ ജീവിക്കാൻ തുടങ്ങുകയാണെങ്കിൽ നമ്മൾ നിനയ്ക്കുന്നതിനുമപ്പുറം സുന്ദരമായി ജീവിതം മാറും എന്ന തിരിച്ചറിവായിരുന്നു അത്.

Story highlights: Story of India’s First Female Blade Runner