അറുപതിനായിരം വർഷം പിന്നിലുള്ള ഇടം; ലോകത്തിലെ ഏറ്റവും അപകടകരമായ ഇന്ത്യൻ ദ്വീപ്!

April 3, 2024

പോയാൽ പിന്നൊരു തിരിച്ചുവരവില്ല.. മരണമല്ലാതെ മറ്റൊന്നും സംഭവിക്കാനുമില്ല.. പറയുന്നത് ഒരു യുദ്ധഭൂമിയെക്കുറിച്ചല്ല. ഭീകരമായ ഒരു ദ്വീപിനെക്കുറിച്ചും അവിടുത്തെ അന്തേവാസികളെക്കുറിച്ചുമാണ്. മാത്രമല്ല, ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം ഇന്ത്യയിൽ തന്നെയുമാണ്. ബംഗാൾ ഉൾക്കടലിൽ
ആൻഡമാൻ ദ്വീപസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന നോർത്ത് സെൻ്റിനൽ ദ്വീപ് ഭൂമിയിലെ തന്നെ ഏറ്റവും ദുരൂഹമായ ഇടമാണ്.

ഇവിടുത്തെ അന്തേവാസികളായ സെൻ്റിനലീസ് ഗോത്രവർഗക്കാർ, പുറം ലോകവുമായുള്ള ബന്ധങ്ങളൊന്നുമില്ലാതെ ജീവിക്കുന്നവരാണ്. ഈ ഒറ്റപ്പെടൽ അവരെ കൊണ്ടുനിർത്തിയിരിക്കുന്നത് അറുപതിനായിരത്തോളം വർഷങ്ങൾ പുറകിലാണ്. ഈ ഏകാന്തവാസം അവരെ ലോകത്തിലെതന്നെ ഏറ്റവും അപകടകാരികളായ മനുഷ്യരാക്കി മാറ്റി. ദ്വീപ് ആരും സന്ദർശിച്ചിട്ടില്ല എന്നല്ല, കഴിഞ്ഞ 200 വർഷത്തിനിടയിൽ, പുറത്തുനിന്നുള്ളവർ നിരവധി തവണ ദ്വീപ് സന്ദർശിച്ചിട്ടുണ്ട്.. പക്ഷെ ആ സന്ദർശനമൊന്നും നന്നായി അവസാനിച്ചിട്ടില്ല എന്നുമാത്രം..

എന്തുകൊണ്ട് ഇവർ ഇത്രയും അപകടകാരികളായി മാറി എന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. പ്രധാനകാരണം അതിന്റെ ഭൂമിശാസ്ത്രപരമായ അവസ്ഥ തന്നെ. കടലിന് നടുവിൽ കൊടുംകാട്. ആ കാടിനുള്ളിൽ നിന്നും അവർ പുറത്തുവരുന്നത് പ്രധാന ഭക്ഷണമായ മീൻ പിടിക്കാൻ മാത്രമാണ്. അതിനപ്പുറത്തേക്ക് അവർക്ക് ഒരു ലോകമില്ല. എന്നാൽ, ഒറ്റപ്പെട്ട അവരുടെ ജീവിതത്തെ ക്രൂരമായി വേദനിപ്പിച്ച പുറംലോകത്തോടുള്ള പ്രതികാരത്തിന്റെ കഥ അറിയേണ്ടതുണ്ട്.

2011-ലെ ഒരു സെൻസസ് അനുസരിച്ച്, നോർത്ത് സെൻ്റിനൽ ദ്വീപിൽ 80-നും 150-നും ഇടയിൽ ആളുകൾ ഉണ്ടായിരിക്കാം എന്നതാണ് നിഗമനം. ആൻഡമാൻ ദ്വീപുകളിലെ മറ്റു ഭാഷകൾ പോലെ അല്ല സെൻ്റിനലീസ് ഗോത്രത്തിന്റേത്. മറ്റ് ആൻഡമാൻ ദ്വീപവാസികൾക്ക് പോലും മനസ്സിലാക്കാൻ കഴിയാത്തത്ര ഒറ്റപ്പെട്ട ഭാഷയാണ് അവർ ഉപയോഗിക്കുന്നത്.

1771-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു കപ്പൽ സെൻ്റിനൽ ദ്വീപ് കടന്ന് പോയപ്പോൾ കരയിൽ വെളിച്ചം തിളങ്ങുന്നത് കണ്ടിരുന്നു. എന്നാൽ അവിടെ നിർത്താൻ കഴിയുന്ന സാഹചര്യമല്ലായിരുന്നതിനാൽ പിന്നെയും ഈ ദ്വീപ് ആരും അറിയാതെ കഴിഞ്ഞു. പിന്നീട് നിനവേ എന്ന് വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ വ്യാപാരക്കപ്പൽ പാറക്കെട്ടിൽ കുടുങ്ങി ദ്വീപിന് സമീപം നിലച്ചതോടെയാണ് ഈ ഗോത്രത്തെക്കുറിച്ച് ലോകം അറിഞ്ഞത്. 86 യാത്രക്കാരും 20 ജീവനക്കാരും മൂന്നുദിവസത്തോളം അക്രമിക്കപെടാതെ കപ്പലിൽ കഴിഞ്ഞെങ്കിലും പിന്നീട് ഇവിടെ ഭീകരമായ ഏറ്റുമുട്ടലാണ് ഉണ്ടായത്.

യാത്രക്കാരെ രക്ഷിയ്ക്കാൻ ഒരു റോയൽ നേവി കപ്പൽ എത്തുന്നതുവരെ ഇരുപക്ഷവും ഒരു അമ്പുകളും കല്ലുകളുംകൊണ്ട് ആക്രമണം തുടർന്നു. ആ സമയത്ത് ബ്രിട്ടീഷുകാർ സെൻ്റിനൽ ദ്വീപിനെ ബ്രിട്ടൻ്റെ കൊളോണിയൽ ഹോൾഡിംഗിൻ്റെ ഭാഗമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് മൗറീസ് വിഡാൽ പോർട്ട്മാൻ എന്ന റോയൽ നേവി ഉദ്യോഗസ്ഥൻ ആൻഡമാൻ നിക്കോബാറിൻ്റെ ചുമതല ഏറ്റെടുത്തത്. 1880-ൽ അദ്ദേഹം നോർത്ത് സെൻ്റിനൽ ദ്വീപിൽ ഒരു വലിയ സംഘം നാവിക ഉദ്യോഗസ്ഥർ, ഗ്രേറ്റ് ആൻഡമാൻ ദ്വീപിലെ പീനൽ കോളനിയിൽ നിന്നുള്ള ആളുകളുമൊക്കെയായി എത്തി.

ഇവർ ഒഴിഞ്ഞ വീടുകൾ മാത്രമാണ് കണ്ടത്. കാരണം ആളുകൾ ഓടിപോയിരുന്നു. നിർഭാഗ്യവശാൽ ഗോത്രത്തിലെ ഒരു വൃദ്ധ ദമ്പതികളും നാല് കുട്ടികളും ഇവരുടെ പിടിയിലായി. അവരെ പിടികൂടി സൗത്ത് ആൻഡമാൻ ദ്വീപിലെ കൊളോണിയൽ തലസ്ഥാനമായ പോർട്ട് ബ്ലെയറിലേക്ക് കൊണ്ടുപോയി. താമസിയാതെ, തട്ടിക്കൊണ്ടുപോയ ആറ് സെൻ്റിനലീസുകാരും തീവ്രരോഗികളായി. പോർട്ട് ബ്ലെയറിൽ വെച്ച് ആ വൃദ്ധ ദമ്പതികൾ മരിച്ചു. ബാക്കിയായ കുട്ടികളെ ഒരു ചെറിയ സമ്മാനക്കൂമ്പാരത്തോടൊപ്പം നോർത്ത് സെൻ്റിനൽ കടൽത്തീരത്ത് ഇറക്കിവിട്ടു. പിന്നീട് എന്ത് സംഭവിച്ചു എന്നത് അജ്ഞാതമാണ്.

എന്നാൽ ഈ അനുഭവം തീർച്ചയായും പുറമെയുള്ള സന്ദർശകരോട് സെൻ്റിനലീസിന് വൈരാഗ്യമുണ്ടാക്കി. പലരും കൊലചെയ്യപ്പെട്ടു. ഇതോടെ ബ്രിട്ടീഷുകാർ വിവേകപൂർവ്വം സെൻ്റിനലീസിനെ സമാധാനത്തോടെ വിടാൻ തീരുമാനിച്ചു. നിനെവേ തകർന്ന് നൂറ് വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ത്രിനോക് നാഥ് പണ്ഡിറ്റിൻ്റെ നേതൃത്വത്തിലുള്ള നരവംശശാസ്ത്രജ്ഞരുടെ ഒരു സംഘം നോർത്ത് സെൻ്റിനൽ ദ്വീപിൽ എത്തി. അവരും ഉപേക്ഷിക്കപ്പെട്ട കുടിലുകൾ മാത്രമാണ് കണ്ടെത്തിയത്. ആളുകൾ വളരെ വേഗത്തിൽ ഓടി ഒളിച്ചിരുന്നു. എന്തായാലും പണ്ഡിറ്റും സംഘവും അവർക്കായി സമ്മാനങ്ങൾ നൽകി: തുണികൊണ്ടുള്ള ബോൾട്ടുകൾ, മിഠായികൾ, പ്ലാസ്റ്റിക് ബക്കറ്റുകൾ എന്നിവയൊക്കെയായിരുന്നു സമ്മാനം. ആരും ഇവരെ ഉപദ്രവിക്കാനും മുതിർന്നില്ല. എന്നാൽ പണ്ഡിറ്റിനെ അനുഗമിക്കുന്ന നാവിക ഉദ്യോഗസ്ഥരും ഇന്ത്യൻ പോലീസും സെൻ്റിനലീസിൽ നിന്ന് വീടുകളിൽ നിന്ന് വില്ലുകളും അമ്പുകളും കൊട്ടകളും മറ്റ് വസ്തുക്കളും മോഷ്ടിച്ചു. പിന്നീട് പോയ ആളുകളും കൊലചെയ്യപ്പെട്ടു.

Read also: വേഷവും വീട്ടുസാധനങ്ങളുമടക്കം പഴമയുടെ ടച്ച്; 1930- കളിൽ ജീവിച്ച് ദമ്പതികൾ!

1956ലെ ആൻഡമാൻ നിക്കോബാർ റെഗുലേഷൻപ്രകാരം ഈ മേഖലയിലെ സെൻ്റിനലീസികൾക്കും മറ്റ് തദ്ദേശീയ ഗോത്രങ്ങൾക്കും സംരക്ഷണം നൽകുന്നു. ആൻഡമാൻ നിക്കോബാർ ഭരണകൂടം 2005-ൽ സെൻ്റിനലീസിൻ്റെ ജീവിതശൈലിയിലോ ആവാസ വ്യവസ്ഥയിലോ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും അവരുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നതിനോ ദ്വീപ് ഭരിക്കുന്നതിനോ താൽപ്പര്യമില്ലെന്നും പ്രസ്താവിച്ചു. നോർത്ത് സെൻ്റിനൽ ദ്വീപ് നിയമപരമായി ഇന്ത്യയുടെ സ്വയംഭരണാധികാരമുള്ള ഒരു ഭരണവിഭാഗമല്ല. ഇതൊരു സ്വതന്ത്ര പ്രദേശമായാണ് കണക്കാക്കുന്നത്.

Story highlights- story of north sentinel island