10,000 കോടിയുടെ ബിസിനസ് സാമ്രാജ്യം; രാജ്യം പത്മശ്രീ നൽകി ആദരിച്ച ‘ഇന്ത്യയുടെ ട്രാക്ടർ റാണി’

April 25, 2024

സമൂഹത്തിന്റെ വിവിധ മേഖലകകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതോടെ ബിസിനസ് അടക്കമുള്ള മേഖലകളില്‍ വിജയം നേടിയ നിരവധി വനിത സംഭരകരുടെ കഥകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി അറിയാറുണ്ട്. എന്നാല്‍ സ്ത്രീ ശാക്തീകരണം വലിയ ചര്‍ച്ചയാകുന്നതിനു ഏറെ മുന്നെ ആഗോള ബിസിനസ് ഭൂപടത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഇന്ത്യന്‍ ബിസിനസ് പ്രതിഭയാണ് മല്ലിക ശ്രീനിവാസന്‍. അശ്രാന്ത പരിശ്രമത്തിനൊടുവില്‍ തന്റെ കമ്പനിയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ട്രാക്ടര്‍ നിര്‍മാതാവാക്കി മാറ്റാന്‍ അവര്‍ക്കായി. ‘ഇന്ത്യയുടെ ട്രാക്ടര്‍ റാണി’ എന്ന പേരില്‍ അറിയപ്പെടുന്ന മല്ലികയുടെ കമ്പനിയുടെ ആസ്തി 10,000 കോടി രൂപയാണ്. ( Success story of ‘Tractor Queen’ Mallika Srinivasan )

ഇന്ത്യന്‍ കോടീശ്വരന്‍ വേണു ശ്രീനിവാസന്റെ ഭാര്യയാണ് മല്ലിക ശ്രീനിവാസന്‍. നിലവില്‍ ട്രാക്ടേഴ്സ് ആന്‍ഡ് ഫാം എക്യുപ്‌മെന്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ പദവിയും മല്ലികയാണ് വഹിക്കുന്നത്. ബിസിനസ് എന്നത് പുരുഷന്‍മാര്‍ക്ക് മാത്രമല്ല, വനിത സംരംഭകര്‍ക്കും അനായാസം വിജയം നേടാമെന്ന യാഥാര്‍ഥ്യമാണ് മല്ലിക ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്തത്.

1959-ല്‍ മദ്രാസിലാണ് ജനനം. പഠനത്തില്‍ മിടുക്കിയായിരുന്ന അവര്‍ ചെറുപ്പത്തില്‍ തന്നെ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നു ഗോള്‍ഡ് മെഡലോടെ എകണോമെട്രിക്‌സില്‍ ബിരുദം നേടി. തുടര്‍ന്ന് പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് എംബിഎ കരസ്ഥമാക്കി. തുടര്‍ന്നാണ് 1986-ലാണ് അന്തരിച്ച പ്രശസ്ത വ്യവസായി എസ് അനന്തരാമകൃഷ്ണന്‍ ആരംഭിച്ച കുടുംബ ബിസിനസിലേക്ക്് മല്ലിക എത്തുന്നത്. ചെന്നൈ നഗരത്തെ ‘ഡിട്രോയിറ്റ് ഓഫ് ഇന്ത്യ (Detroit if India) എന്ന പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം. നഗരത്തിലെ പ്രധാന ഓട്ടോമൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകളും അനുബന്ധ വ്യവസായങ്ങളുമാണ് ഈ പേര് ലഭിക്കാന്‍ കാരണം.

64-കാരിയായ മല്ലിക, കോടികളുടെ നിര്‍മാണ സാമ്രാജ്യത്തിന്റെ ചുമതല വഹിക്കുന്ന ചുരുക്കം ചില വനിത വ്യവസായികളില്‍ ഒരാളാണ്. കമ്പനിയില്‍ നടപ്പാക്കിയ സങ്കേതിക പരിവര്‍ത്തനത്തിനും, വളര്‍ച്ചയ്ക്കുമുള്ള ബഹുമാനാര്‍ഥം 2014-ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കിയാണ് രാജ്യം ആദരിച്ചത്. മല്ലികയുടെ നേതൃത്വത്തിലാണ് ട്രാക്ടേഴ്സ് ആന്‍ഡ് ഫാം എക്യുപ്‌മെന്റ് ലിമിറ്റഡ് ലോകത്തിലെ മൂന്നാമത്തെ വലിയ ട്രാക്ടര്‍ നിര്‍മാതാക്കളായി ഉയര്‍ന്നത്.

Read Also ; ജെസിബിയുടെയും ട്രക്കിന്റെയും വളയം പിടിക്കുന്ന ഈ അമ്മൂമ്മയ്ക്ക് എന്ത് സ്പോർട്സ് കാർ..!

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – ചെന്നൈ, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് – ഹൈദരാബാദ്, എ.ജി.സി.ഒ, ടാറ്റ സ്റ്റീല്‍, ടാറ്റ, ഗ്ലോബല്‍ ബിവറേജസ് എന്നിവയുടെ ബോര്‍ഡുകളിലും മല്ലിക ശ്രീനിവാസന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Story highlights : Success story of ‘Tractor Queen’ Mallika Srinivasan