ജെസിബിയുടെയും ട്രക്കിന്റെയും വളയം പിടിക്കുന്ന ഈ അമ്മൂമ്മയ്ക്ക് എന്ത് സ്പോർട്സ് കാർ..!

February 17, 2024

അറുപതും എഴുപതും വയസ് കഴിഞ്ഞാൽ പിന്നെ പുരുഷനായാലും സ്ത്രീയായാലും സ്വയം ഒതുങ്ങിക്കൂടുന്ന ഒരു സ്വഭാവമാണ് നമ്മുടെ തലമുറയിലുള്ളത്. സ്വപ്നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്ന നിരവധിയാളുകളെ നമുക്ക് കാണാനാകും. എന്നാൽ പ്രായം എന്നത് വെറുമൊരു അക്കമായി കണ്ട് ജീവിതം ആഘോഷമാക്കുന്നവരുമുണ്ട്. അത്തരത്തിൽ പ്രായം ഒന്നിനും തടസമല്ലെന്ന് തെളിയിക്കുകയാണ് കൊച്ചി തോപ്പുംപടി സ്വദേശി രാധാമണി അമ്മ. ( 72 year old Radhamani driving BMW sports car )

പ്രായം 72 കഴിഞ്ഞെങ്കിലും ജെസിബി അടക്കം 11 ക്ലാസ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ ഒരാളാണ് ഈ മുത്തശ്ശി. ഇത്തരത്തിൽ വ്യത്യസ്തമായ നേട്ടം സ്വന്തമാക്കിയ രാധാമണി അമ്മ പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോൾ ബിഎംഡബ്ല്യു ZS 4 കൺവേർട്ടബിൾ സ്‌പോർട്‌സ് കാർ ഓടിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏതായാലും ഈ കൊച്ചുമക്കളോടൊപ്പം വർത്തമാനവും പറഞ്ഞിരിക്കേണ്ട സമയത്ത് വ്യത്യസ്തമായി പാതയിൽ സഞ്ചരിക്കുന്ന ഈ അമ്മൂമ്മ എല്ലാവർക്കും പ്രചോദനമാണ്.

കൊച്ചിയിലെ A2Z ഡ്രൈവിങ് സ്കൂൾ ഉടമയാണ് രാധാമണി. 1970-ൽ ഭർത്താവാണ് ഈ ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചത്. 1981-ൽ തന്റെ 30 വയസിലാണ് രാധാമണി ആദ്യമായി കാർ ഓടിക്കാൻ പഠിക്കുന്നത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഡ്രൈവിങ് പഠിക്കുന്നതെങ്കിലും പിന്നീട് ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറുകയായിരുന്നു. തുടർന്ന് ഹെവി വാഹനങ്ങളും ജെസിബിയും പോലുള്ള എല്ലാ വാഹനങ്ങളുടെ വളയം പിടിച്ച രാധാമണി അമ്മ 11 വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള ലൈസൻസും നേടി. എക്‌സ്‌കവേറ്റർ, ഫോർക്ക്‌ലിഫ്റ്റ്, ക്രെയിൻ, റോഡ് റോളർ, ട്രാക്ടർ, കണ്ടെയ്‌നർ ട്രെയിലർ ട്രക്ക്, ബസ്, ലോറി അടക്കമുള്ള എല്ലാ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസാണ് ഈ മുത്തശ്ശി സ്വന്തമാക്കിയിട്ടുള്ളത്.

Read Also : 82-ാം വയസിലും ‘ഫിറ്റ് ആൻഡ് ഫൈൻ’; കയ്യടി നേടി വിരമിച്ച നഴ്സിങ് സൂപ്രണ്ടിന്റെ വർക്കൗട്ട് വീഡിയോ..!

2004-ൽ ഒരു അപകടത്തിൽ ഭർത്താവ് മരണപ്പെട്ടതോടെ ഡ്രൈവിംഗ് സ്കൂൾ നടത്തിക്കൊണ്ടുപോകേണ്ടതിന്റെ ഉത്തരവാദിത്തം രാധാമണി അമ്മയ്ക്കായി. എന്നാൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതിന് അവർ പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഉടമസ്ഥർക്കോ ഇൻസ്ട്രക്ടർമാർക്കോ ലൈസൻസ് ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. ഇതോടെയാണ് രാധാമണിയമ്മ ഈ ലൈസൻസുകളെല്ലാം നേടുന്നത്. ഈ ഹെവി വാഹനങ്ങളും കാറുകളും ഓടിക്കാനുള്ള ലൈസൻസ് കൈവശമുണ്ടെങ്കിലും ടൂ വീലറുകളാണ് ഈ അമ്മയുടെ ഇഷ്ടവാഹനം. 1993-ലാണ് രാധാമണി ടൂവീലർ ലൈസൻസ് സ്വന്തമാക്കുന്നത്.

Story highlights : 72 year old Radhamani driving BMW sports car