‘കാടും മരങ്ങളും സംരക്ഷിച്ച് 10 കൊല്ലങ്ങൾ’; ഉത്തരാഖണ്ഡിന്റെ പർവ്വ പുത്രൻ!
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന പാഠങ്ങൾ കേട്ട് വളർന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. വരും തലമുറയെ പറഞ്ഞു പഠിപ്പിക്കുന്ന പാഠങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ഭാഗവും ഇതുതന്നെയാണ്. എന്നാൽ പരിസ്ഥിതിസംരക്ഷണത്തിന്റെ ഒരു ജീവിക്കുന്ന മാതൃക നമുക്കിടയിൽ കഴിയുന്നുണ്ട്. നൈനിറ്റാൾ സ്വദേശിയായ ചന്ദൻ നയാലാണ് പ്രകൃതി സംരക്ഷണത്തിന്റെ അതിമനോഹരമായ മാതൃക തീർക്കുന്നത്. (The Story of Uttarakhand’s Mountain Man)
ഒഖൽകണ്ട സ്വദേശിയായ ചന്ദൻ അമ്മാവൻ്റെ മാർഗനിർദേശപ്രകാരം പഠനം തുടരുന്നതിനായി രാംനഗറിലേക്ക് താമസം മാറ്റി. പിന്നീട് ലോഹഘട്ടിൽ നിന്ന് എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ അദ്ദേഹം കുറച്ചുകാലം രുദ്രാപൂരിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
തൻ്റെ അധ്യാപന കാലത്തുടനീളം ചന്ദൻ മരങ്ങളുടെയും വനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ സജീവമായി ബോധവൽക്കരിച്ചു. വിദ്യാർത്ഥികളുടേയും മറ്റ് കൂട്ടാളികളുടെയും സഹായത്തോടെ അദ്ദേഹം മരത്തൈകൾ നട്ടു പിടിപ്പിക്കുന്ന സംരംഭങ്ങളിൽ സജീവമായി പങ്കെടുത്തു. നഗര ജീവിതം പരിചിതമായിരുന്നെങ്കിലും, പ്രകൃതിയോടും അതിൻറെ സംരക്ഷണത്തോടുമുള്ള ചന്ദൻ്റെ അഭിനിവേശം അല്പം പോലും കുറഞ്ഞില്ല.
കഴിഞ്ഞ പത്ത് കൊല്ലങ്ങൾക്കിടയിൽ ഏകദേശം 60,000 മരങ്ങളാണ് അദ്ദേഹം നട്ടുപിടിപ്പിച്ചത്. യുവാക്കളുടെയും വനിതാ സപ്പോർട്ട് സംഘങ്ങളുടെയും സഹായത്തോടെ ചന്ദൻ തൻ്റെ നാല് ഹെക്ടർ നിലത്ത് മിശ്രവനങ്ങൾ വികസിപ്പിക്കുന്നു.
Read also: പ്രജകൾക്ക് ജലമെത്തിക്കാൻ സ്വന്തം ആഭരണങ്ങൾ വിറ്റ മൈസൂരിന്റെ മഹാറാണി!
തൈകൾ നടുന്നതിനായി, തൻ്റെ നഴ്സറിയിൽ പ്രതിവർഷം 40,000 ത്തോളം ചെടികളാണ് അദ്ദേഹം തയ്യാറാക്കുന്നത്. ഇതുവരെ 83,000 ചെടികൾ അയാൾ വിതരണം ചെയ്തു. മരങ്ങൾ സംരക്ഷിക്കുന്നതിനായി തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം തൻ്റെ ശരീരം മരണ ശേഷം ഹൽദ്വാനി മെഡിക്കൽ കോളേജിന് സംഭാവന ചെയ്തിരിക്കുകയാണ്. ശരീരം ദാനം ചെയ്യുന്നതിലൂടെ, തൻ്റെ മരണശേഷവും അന്ത്യകർമങ്ങൾക്കായി ഒരു മരം പോലും മുറിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ, മഴവെള്ള സംഭരണത്തിലൂടെ 6,000-ലധികം മൈക്രോ ചെക്ക് ഡാമുകൾ നിർമ്മിച്ച് അദ്ദേഹത്തിന്റെ സംഘവും ഗ്രാമീണരും ചേർന്ന് വറ്റിപ്പോയ ജലസ്രോതസ്സുകളും, വൃക്ഷങ്ങളും വനങ്ങളും പുനരുജ്ജീവിപ്പിച്ചു.
ഓരോ വർഷവും ആയിരക്കണക്കിന് ഫലവൃക്ഷത്തൈകളും മുളത്തൈകളും നയാൽ വിതരണം ചെയ്യുകയും നടുകയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ നൈനിറ്റാൾ ജില്ലയിലുടനീളം ജനങ്ങൾക്കിടയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇരുന്നൂറോളം സ്കൂളുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പരിസ്ഥിതി പാഠങ്ങൾ നൽകുകയും പരിസ്ഥിതി സംരക്ഷണത്തിൻ്റെ സന്ദേശം അറിയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
‘മൻ കി ബാത്ത്’ പരിപാടിയിൽ ചന്ദൻ്റെ പരിസ്ഥിതി പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. 2021 ജൂലൈ 23-ന് ഇന്ത്യാ ഗവൺമെൻ്റിൻ്റെ ജലശക്തി മന്ത്രാലയം അദ്ദേഹത്തെ ‘വാട്ടർ ഹീറോ അവാർഡ്’ നൽകി ആദരിച്ചു. ഇതിനുപുറമെ, ഉത്തരാഖണ്ഡ് രത്നയും സുന്ദറും ഉൾപ്പെടെ നിരവധി അവാർഡുകൾ നയാൽ നേടിയിട്ടുണ്ട്. അങ്ങനെ, പർവ്വതങ്ങളുടെയും കാടിന്റെയും മകനായി നയാൽ തൻ്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
Story highlights: The Story of Uttarakhand’s Mountain Man