ഒരേ മാവിൽ 300 തരം മാമ്പഴങ്ങൾ, കൂട്ടത്തിൽ ഐശ്വര്യയും, സച്ചിനും, മോദിയും; പിന്നിൽ ഇന്ത്യയുടെ മാംഗോ മാൻ!

April 28, 2024

ഐശ്വര്യ റായ്, സച്ചിൻ ടെണ്ടുൽക്കർ, പോലീസ്, ഡോക്ടർ എന്നൊക്കെ പേരുള്ള മാങ്ങകൾ… അവിടെയും തീരുന്നില്ല, ഒരേ മരത്തിൽ നിന്ന് 300 വ്യസ്ത്യസ്ത തരം മാങ്ങകൾ ഉണ്ടാകുന്നതിനെ പറ്റി ചിന്തിക്കാൻ സാധിക്കുമോ? എന്നാൽ ഇതൊന്നും കഥയല്ല. ഒരു 84-കാരൻ വിതച്ചെടുത്ത നേട്ടങ്ങളാണ്. (The Tale of India’s Mango Man)

ഹാജി കലീമുള്ളാ ഖാൻ കേവലം ഒരു മാമ്പഴ പ്രേമിയല്ല. 8 ഏക്കറിലുള്ള തൻ്റെ തോട്ടത്തിൽ 1,600 മാമ്പഴങ്ങളുടെ അമ്പരപ്പിക്കുന്ന ശേഖരമുള്ള ഒരു ജീവിക്കുന്ന ഇതിഹാസമാണ്. ലക്‌നൗകാരനായ അദ്ദേഹത്തിന്റെ മാമ്പഴത്തോടുള്ള അടങ്ങാത്ത പ്രിയമാണ് അതികായമായ ഒരു മാംഗോ യൂണിവേഴ്സിറ്റി എന്നുപോലും വിശേഷിപ്പിക്കാവുന്ന തോട്ടത്തിന്റെ പിറവിക്ക് പിന്നിൽ.

മലിഹാബാദിൽ ജനിച്ച ഖാൻ വളർന്നത് മാമ്പഴത്തോട്ടങ്ങൾക്ക് ചുറ്റുമാണ്. കഴിഞ്ഞ നാല് തലമുറകളായി കുടുംബത്തിന്റെ പാരമ്പര്യത്തിൻ്റെ ഭാഗമാണ് ഈ തോട്ടങ്ങൾ. അദ്ദേഹത്തിന്റെ പൂർവ്വികർ രാജകുടുംബങ്ങൾക്ക് വേണ്ടി മനോഹരമായ മാമ്പഴ ഹൈബ്രിഡ് ഇനങ്ങൾ തോട്ടങ്ങളിൽ വളർത്തിയിരുന്നു.

കുട്ടിക്കാലത്ത് ഭൂരിഭാഗം സമയവും തോട്ടത്തിലായിരുന്നു അദ്ദേഹം ചെലവഴിച്ചിരുന്നത്. ഖാനും സഹോദരങ്ങളും തോട്ടത്തിൽ ഒളിച്ചു കളിക്കും. ക്ഷീണിക്കുമ്പോൾ പടുകൂറ്റൻ മരങ്ങളുടെ തണലിൽ വിശ്രമിക്കും. ഓരോ കളി കഴിയുമ്പോഴും മാവിൽ കയറി മഞ്ഞ വർണ്ണങ്ങളിൽ പഴുത്ത നിൽക്കുന്ന മാമ്പഴ മധുരം നുണയും.

Read also: 60-ാം വയസിൽ സുന്ദരിപ്പട്ടം; ചരിത്രമായി അലെഹാന്ദ്ര!

ചെറുപ്പം മുതൽ ഖാൻ പഠനത്തിൽ വലിയ താല്പര്യമൊന്നും കാണിച്ചിരുന്നില്ല. തോട്ടത്തിൽ ജോലി ചെയ്ത അദ്ദേഹം ജീവിതാനുഭവങ്ങളിൽ നിന്നാണ് കൂടുതൽ പാഠങ്ങളും പഠിച്ചത്. ഏഴാം ക്ലാസിൽ തോറ്റ അദ്ദേഹം പിന്നീടങ്ങോട്ട് തൻ്റെ യഥാർത്ഥ പ്രണയത്തെ പിന്തുടരുകയായിരുന്നു. പഴങ്ങളെ സ്നേഹിച്ച് അവയോട് കൂട്ടുകൂടി കഴിയുക…

17-ാം വയസ്സിൽ, ഏഴിനം മാങ്ങകൾ നിറഞ്ഞ തൻ്റെ ആദ്യത്തെ മാവ് അയാൾ വിളവെടുത്തു. അവയ്‌ക്കെല്ലാം വ്യത്യസ്ത രുചികളുമായിരുന്നു. അതിനുശേഷം, ഗ്രാഫ്റ്റിംങ്ങ് ടെക്‌നിക്കിലൂടെ വിവിധതരം മാമ്പഴങ്ങൾ വികസിപ്പിച്ചെടുത്ത് ഇന്ത്യയുടെ മാംഗോ മാൻ തൻ്റെ യാത്ര തുടങ്ങുകയായിരുന്നു.

ഇന്ന്, അദ്ദേഹത്തിൻ്റെ തോട്ടത്തിൽ 120 വർഷം പഴക്കമുള്ള ഒരു മാവുണ്ട്. അതിൽ വ്യത്യസ്ത രുചിയും, നിറവും ഘടനയും, മണവുമുള്ള 300 ഇനം മാമ്പഴങ്ങളുമുണ്ട്. ഏറെ വ്യത്യസ്തയുള്ള ഈ മാവ് അദ്ദേഹത്തിന്റെ പ്രിയമുള്ള കൂട്ടുകാരിൽ ഒരാളാണ്. ഹോർട്ടികൾച്ചർ മേഖലയിലെ സംഭാവനകൾക്കും വിവിധയിനം മാമ്പഴങ്ങൾ സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾക്കും 2008-ൽ രാജ്യം ഖാനെ പത്മശ്രീ നൽകി ആദരിച്ചു.

ഐശ്വര്യ റായ്, സച്ചിൻ ടെണ്ടുൽക്കർ, പ്രധാന മന്ത്രി നരേന്ദ്ര മോദി, എന്നിവരുടെ പേരുകളിൽ കൗതുകമുണർത്തുന്ന മാമ്പഴ വൈവിധ്യങ്ങൾ ഖാന്റെ തോട്ടത്തിലുണ്ട്. പോരാത്തതിന് കൊവിഡ് കാലത്ത് മുന്നണി പോരാളികളോടുള്ള ആദര സൂചകമായി പോലീസ്, ഡോക്ടർ എന്നീ വിളിപ്പേരുകളും അദ്ദേഹം പുത്തൻ മാമ്പഴയിനങ്ങൾക്ക് നൽകി.

ഖാനെ സംബന്ധിച്ചിടത്തോളം മാമ്പഴം പോലെയുള്ളൊരു ഫലം വളർത്തുന്നത് ഏറെ പവിത്രമാണ്. ഒരാൾ മധുരമുള്ള മാമ്പഴം കഴിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് ലഭിക്കുന്ന ആനന്ദം സമാനതകളില്ലാത്തതാണ്. ലോകത്ത് സന്തോഷവും മധുരവും വിളമ്പുക എന്നതാണ് തൻ്റെ ലക്ഷ്യമെന്നും അതിന് മാമ്പഴത്തെക്കാൾ മികച്ചതായി മറ്റൊന്നില്ലെന്നും അദ്ദേഹം പറയുന്നു.

Story highlights: The Tale of India’s Mango Man