60-ാം വയസിൽ സുന്ദരിപ്പട്ടം; ചരിത്രമായി അലെഹാന്ദ്ര!

April 27, 2024

“പ്രായമെത്രയെന്നാ വിചാരം? ഇവർക്കൊക്കെ വീട്ടിലിരുന്നൂടെ?” നാട്ടിൽ കേട്ടുകേൾവിയുള്ള സ്ഥിരം പല്ലവിയാണിത്. ആര് എന്ത് ചെയ്യാൻ പുറപ്പെട്ടാലും ഇങ്ങനെ ഒളിഞ്ഞും മറഞ്ഞും പല അഭിപ്രായങ്ങൾ പൊട്ടിപ്പുറപ്പെടും. ഇങ്ങനെയുള്ള കമെന്ററികൾ കാറ്റിൽ പറത്തി വിജയക്കൊടി പാറിച്ചിരിക്കുകയാണ് അർജന്റീനയിൽ നിന്നുള്ള ഈ 60-കാരി. (60 Year Old Wins Miss Universe Buenos Aires Beauty Pageant)

60-ാം വയസിൽ സുന്ദരിപ്പട്ടം ചൂടുന്ന ആദ്യത്തെ വനിതയാണ് അലെഹാന്ദ്ര മാരിസ റോഡ്രിഗസ്. കാലങ്ങളുടെ വാർപ്പുമാതൃകകളെ തകർത്തെറിഞ്ഞ് ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ വിശ്വസുന്ദരി പട്ടം കരസ്ഥമാക്കി ചരിത്രപുസ്തകങ്ങളിൽ തൻ്റെ പേരെഴുതി ചേർത്തിരിക്കുകയാണ് അവർ. അലെഹാന്ദ്രയുടെ ഈ വിജയം അവരുടെ ആത്മവിശ്വാസത്തിന്റെ മാത്രമല്ല വൈവിധ്യങ്ങളെ ചേർത്തുപിടിക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൻ്റെ മികവിനെ അടിവരയിടുകയും ചെയ്യുന്നു.

അർജൻ്റീനയിലെ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ തലസ്ഥാന നഗരിയായ ലാ പ്ലാറ്റയിൽ നിന്നുള്ള റോഡ്രിഗസ് ഒരു സൗന്ദര്യ റാണി മാത്രമല്ല, പരിചയസമ്പന്നയായ അഭിഭാഷകയും പത്രപ്രവർത്തകയും കൂടെയാണ്. തടസ്സങ്ങളെ മറികടന്ന്, പ്രായത്തിന്റെയും സൗന്ദര്യത്തിന്റെതുമായ പരമ്പരാഗത സാമൂഹ്യ സങ്കല്പങ്ങളെയെല്ലാം തിരുത്തിയെഴുതി പുതിയ നിർവചനം നൽകിയിരിക്കുകയാണ് അവരുടെ വിജയം.

Read also: 15-ാം വയസിൽ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു; ഇന്ന് കോടികൾ ആസ്തിയുള്ള ബിസിനസുകാരി!

പല മാതൃകകളെയും തകർക്കാൻ സാധിക്കുമെന്നും സൗന്ദര്യത്തിന് പ്രായമൊരു മാനദണ്ഡമല്ലെന്ന് എല്ലാ സ്ത്രീകളെ അറിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അലെഹാന്ദ്ര പറയുന്നു. മത്സരത്തിനായി അവർ നന്നായി വ്യായാമം ചെയ്യുകയും തൻ്റെ ആത്മവിശ്വാസവും കഴിവുകളും വളർത്താൻ പരിശ്രമിക്കുകയും ചെയ്തെന്ന് വിജയകിരീടം ചൂടിയ നിമിഷത്തിൽ അവർ പറഞ്ഞു.

2024 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്സ് അർജൻ്റീനയ്‌ക്കുള്ള ദേശീയ തിരഞ്ഞെടുപ്പിൽ ബ്യൂണസ് അയേഴ്‌സിനെ പ്രതിനിധീകരിക്കാൻ തയ്യാറെടുക്കുകയാണ് അലെഹാന്ദ്രയിപ്പോൾ. മത്സരത്തിൽ വിജയിച്ചാൽ, 2024 സെപ്റ്റംബർ 28-ന് മെക്സിക്കോയിൽ മിസ് യൂണിവേഴ്‌സ് വേൾഡ് മത്സരത്തിൽ റോഡ്രിഗസ് ആഗോള വേദിയിൽ അർജൻ്റീനയുടെ പതാക ഉയർത്തും.

കഴിഞ്ഞ വർഷമാണ് മത്സരാർത്ഥികൾക്ക് ഇനി പ്രായപരിധിയില്ലെന്ന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ പ്രഖ്യാപിച്ചത്. 18-28 വയസ് പ്രായമുള്ള സ്ത്രീകൾക്ക് മാത്രമേ മുൻപ് മത്സരത്തിൽ പ്രവേശനം ഉണ്ടായിരുന്നുള്ളു. ഈ വർഷം മുതൽ, 18 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരത്തിൽ പങ്കെടുക്കാം.

Story highlights: 60 Year Old Wins Miss Universe Buenos Aires Beauty Pageant