കാടിനുള്ളിൽ തിമിംഗലങ്ങളെ പോലെ മൂന്നു പാറകൾ- വേറിട്ട കാഴ്ച
കാഴ്ചകൾകൊണ്ട് സമ്പന്നമാണ് തായ്ലൻഡ്. അതുകൊണ്ടുതന്നെ എല്ലാ വർഷവും ഏകദേശം 34 ലക്ഷം ആളുകൾ ഇവിടേക്ക് വിനോദസഞ്ചാരത്തിന്റെ ഭാഗമായി എത്താറുണ്ട്. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ട സ്ഥലമായതുകൊണ്ട് പൗരാണികമായതും പ്രകൃതി ഒരുക്കിയതുമായ വിസ്മയങ്ങൾ വളരെയധികം കരുതലോടെ തായ്ലൻഡ് ഭരണകൂടം കാത്തുസൂക്ഷിക്കാറുണ്ട്. ഇങ്ങനെ കാഴ്ചകൊണ്ട് അമ്പരപ്പ് സൃഷ്ടിച്ച് പ്രസിദ്ധമായ ഒരിടമാണ് ത്രീ വെയ്ൽ റോക്ക്.
തായ്ലൻഡിലെ ഏറ്റവും പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ത്രീ വെയ്ൽ റോക്ക്. പത്തുവർഷം മാത്രമായതേയുള്ളു ഈ സ്ഥലം സഞ്ചാരികളുടെ ശ്രദ്ധകവർന്നിട്ട്. പേരുപോലെ ആകാശ കാഴ്ച്ചയിൽ കടലിൽ നീന്തുന്ന മൂന്നു തിമിംഗലങ്ങളെ പോലെയാണ് ഈ പാറകളും. എന്നാല, നീലക്കടലിന് പകരം പച്ചവിരിച്ച വനമാണെന്നു മാത്രം.
ഹിൻ സാം വാൻ എന്നാണ് പ്രാദേശിക ഭാഷയിൽ ഈ സ്ഥലത്തിന് പേര്. പര്‍വതങ്ങൾക്ക് നടുവിൽ തല ഉയർത്തി പിടിച്ചു നിൽക്കുന്ന ഈ തിമിംഗല പാറകൾക്ക് 75 ദശലക്ഷം പഴക്കമുണ്ട്. ബയൂങ് കാൻ പ്രവിശ്യയിലുള്ള ഫൂ സിംഗ് വനത്തിനുള്ളിലാണ് ഈ പാറകൾ സ്ഥിതി ചെയ്യുന്നത്.
കാടിനുള്ളിലേക്ക് നടക്കുമ്പോൾ വൈവിധ്യമാർന്ന സസ്യലോകവും, വെള്ളച്ചാട്ടവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുമുണ്ട്. ഉള്ളിലെത്തുമ്പോൾ പാറയിലേക്ക് കയറാൻ ഒൻപത് വഴികളും ഉണ്ട്. പാറയിൽ നിൽക്കുമ്പോൾ മെക്കോംഗ് ബീച്ചും പക്കാഡിംഗ് ജില്ലയും ഫു വാ വനവുമെല്ലാം കാണാം. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമാണ് ത്രീ വെയ്ൽ പാറയിലേക്കുള്ള യാത്ര.
Story highlights- three whale rock