ഇഷ്ടമില്ലാത്ത വിവാഹത്തിന് വഴങ്ങാതെ വീട് വിട്ടു; ഏഴ് വർഷങ്ങൾക്ക് ശേഷം പിസിഎസ് ഓഫീസറായി മടക്കം!

April 9, 2024

തനിക്കിഷ്ടമില്ലാത്ത ജീവിതം കഷ്ടപ്പെട്ട് ജീവിക്കാൻ സഞ്ജു റാണി വർമ തയ്യാറായിരുന്നില്ല. ഏഴ് വർഷത്തോളം കഴിക്കാൻ ഭക്ഷണമോ തല ചായ്ക്കാൻ ഒരിടമോ ഇല്ലാതെ അവർ വല്ലാതെ ബുദ്ധിമുട്ടി. ജീവിതം വഴിമുട്ടിയ അവസ്ഥയിലും തൻ്റെ സ്വപ്നങ്ങളും ഉള്ളിൽ സൂക്ഷിച്ചിരുന്ന ആഗ്രഹങ്ങളും അവർ മറന്നില്ല. (Woman Who Escaped Forced Marriage Becomes PCS Officer)

2013-ൽ, അമ്മയുടെ മരണശേഷം, സഞ്ജുവിന്റ് ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കാൻ കുടുംബത്തിൽ നിന്നും കടുത്ത സമ്മർദ്ദം നേരിട്ടിരുന്നു. എന്നിരുന്നാലും, മുന്നിൽ കൃത്യമായ പാതകൾ ഒന്നും ഇല്ലാതിരുന്നിട്ടും വലിയ സ്വപ്‌നങ്ങളും അവ നിറവേറ്റാനുള്ള ധൈര്യവും അവർക്കുണ്ടായിരുന്നു. നിശ്ചയദാർഢ്യവും ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാനുള്ള ഇച്ഛാശക്തിയും അവരെ വീട് വിടാൻ പ്രേരിപ്പിച്ചു.

വീട് വിട്ടിറങ്ങുമ്പോൾ മുൻപോട്ട് എന്ത് എന്ന കൃത്യമായ ധാരണ സഞ്ജുവിന് ഇല്ലായിരുന്നെങ്കിലും വീട്ടിൽ തുടർന്നാൽ സംഭവിക്കാൻ പോകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അവർക്ക് വ്യക്തതയുണ്ടായിരുന്നു. സഹായത്തിന് മറ്റാരും ഇല്ലാതിരുന്ന അവർ ഡൽഹിയിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് വരുമാനത്തിനായി കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി. സ്വകാര്യ സ്‌കൂളുകളിൽ ടീച്ചറായും സഞ്ജു പാർട്ട് ടൈം ജോലി നോക്കി.

Read also: വീടിനുള്ളിൽ അതിക്രമിച്ച് കയറി കുരങ്ങന്മാർ; ‘അലെക്‌സ’യുടെ സഹായത്താൽ എല്ലാവരെയും രക്ഷിച്ച് പതിമൂന്നുകാരി

പോരാട്ടത്തിലുടനീളം, സഞ്ജുവിന്റെ പ്രധാന ലക്ഷ്യം സിവിൽ സർവീസ് പരീക്ഷ പാസാകുക എന്നതായിരുന്നു. പട്ടിണിയും, ദാരിദ്ര്യവും, ഒറ്റപ്പെടലുമൊന്നും സ്വപ്ന സാക്ഷാത്കാരത്തിൽ നിന്ന് അവരെ പിന്നോട്ട് വലിച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, അവൾ ഉത്സാഹത്തോടെ സിവിൽ സർവീസ് യാത്ര തുടർന്നു.

എന്നാൽ പ്രതിസന്ധികൾ അവിടെയും അവസാനിച്ചില്ല. പരീക്ഷയ്ക്ക് ഏതാനും മാസങ്ങൾ ബാക്കി നിൽക്കെ അവർക്ക് ചിക്കൻ പോക്‌സ് ബാധിച്ചു. എങ്കിലും പരീക്ഷ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സഞ്ജു. അവരുടെ ദൃഢനിശ്ചയം ഫലം കാണുകയും വെല്ലുവിളി നിറഞ്ഞ യുപിപിസിഎസ് പരീക്ഷയിൽ സഞ്ജു വിജയിക്കുകയും ചെയ്തു.

ഇന്ന്, അവർ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്. നിശ്ചയദാർഢ്യത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും ശക്തി പ്രകടിപ്പിക്കുന്ന മാതൃക കൂടെയാണവർ.

തൻ്റെ പോരാട്ടത്തിൻ്റെ നാളുകളിൽ പിന്തുണ നൽകാതിരുന്ന കുടുംബത്തോട് സഞ്ജുവിന് ദേഷ്യമില്ല. ഭൂതകാല ഓർമകളെ പഴയതായി തന്നെ ശേഷിക്കാൻ അനുവദിച്ച് അവർ മുന്നോട്ട് നീങ്ങുന്നു. അവരുടെ ജീവിതയാത്ര തന്നെപ്പോലെയുള്ളവർക്ക് പ്രചോദനം മാത്രമല്ല, സ്വപ്‌നങ്ങൾ ജീവിക്കാനുള്ള പ്രേരണ കൂടെയാണ്.

Story highlights: Woman Who Escaped Forced Marriage Becomes PCS Officer