നേടിയെടുത്ത കഴിവുകൾക്കൊപ്പം ഇൻസ്റാഗ്രാമിലും താരമായ അന്ധനായ കായികതാരം- വിഡിയോ

May 21, 2024

കാഴ്ച ശക്തിയാണോ ഒരാളുടെ പരിധി തീരുമാനിക്കുന്നത്? ഒരിക്കലുമല്ല. അതിനുള്ള ഉദാഹരണമാണ് ആന്റണി ഫെരാരോ എന്ന യുവാവ്. അന്ധനായ ഈ വ്യക്തി തന്റെ ദൈനംദിന ജോലികൾ കൃത്യതയോടെയും വാളരെയധികം കണക്കുകൂട്ടലോടെയും മറ്റാരുടെയും സഹായമില്ലാതെ ചെയ്യുകയാണ്.

പതിവ് പരിശീലനത്തിലൂടെ, ദൈനംദിന ജോലികളും അന്ധരായവർക്ക് അനായാസമായി തീരും. എന്നാൽ ആന്റണി ചെയ്യുന്നത് അസാധാരണമായ കാര്യങ്ങളാണ്. ഇൻസ്റാഗ്രാമിലൂടെ ഇതെങ്ങനെ എന്ന് കാണിച്ചുതരികയാണ് ആന്റണി ഫെരാരോ. ദൈനംദിന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ആന്റണി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വിഡിയോകളിൽ കാണാം.

ജൂഡോയിൽ യുഎസ്എയെ പ്രതിനിധീകരിക്കുന്ന ഒരു പാരാലിമ്പിക് അത്ലറ്റാണ് ആന്റണി. 2020 ടോക്കിയോ പാരാലിമ്പിക് ഗെയിംസിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി 2017 ജനുവരിയിൽ അദ്ദേഹം ജൂഡോ പരിശീലനം ആരംഭിച്ചിരുന്നു.

സോഷ്യൽ മീഡിയയിലും ആന്റണി ഒരു നേട്ടം കൈവരിച്ചു. എങ്ങനെയാണു അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ട് പോകുന്നത് എന്ന് കൃത്യമായി വിഡിയോയിൽ പകർത്തി പങ്കുവയ്ക്കുകയാണ് അദ്ദേഹം. കോണിപ്പടികൾ കയറാനും ഇറങ്ങാനും തന്റെ വെള്ള ചൂരൽ ഉപയോഗിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം കാണിക്കുന്നു. ബ്രെയ്‌ലി ലിപി ഉപയോഗപ്പെടുത്തുന്നതും കാണിക്കുന്നു.

Read also: പ്ലാസ്റ്റിക് കുപ്പികളിൽ തീർത്ത പോപ്പി പുഷ്പങ്ങൾ- അമ്പരപ്പിച്ച് 53-കാരിയുടെ കരവിരുത്

എന്നാൽ അടിസ്ഥാന കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ആന്റണിയുടെ ജീവിതം. ആന്റണി ഒരു സ്കേറ്റ്ബോർഡർ, മോട്ടിവേഷണൽ സ്പീക്കർ, ഗിറ്റാറിസ്റ്റ് എന്നീ നിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. ന്യൂയോർക്കിലെ പ്രധാന റോഡുകളിലും പൊതുസ്ഥലങ്ങളിലും വളർത്തുനായക്കൊപ്പം ഒരു സാധാരണക്കാരനെപോലെ നടക്കാൻ പോകാറുമുണ്ട് അദ്ദേഹം. മറ്റുകാര്യങ്ങളെല്ലാം തനിയെ ചെയ്യുന്ന ആന്റണി ഭാര്യ കെല്ലിയുടെ സഹായത്തോടെയാണ് വിഡിയോ ഒരുക്കുന്നത്.

Story highlights- Blind pro athlete and TikTok star Anthony Ferraro