മഞ്ഞുമ്മല്‍ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി; നടപടിക്ക് കോടതി സ്റ്റേ
യഥാര്‍ഥ സംഭവത്തെ ആധാരമാക്കി ചിദംബരം സംവിധാനം നിര്‍വഹിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിയിരുന്നു. അതിനിടയിൽ മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരായ ആരോപണവും ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ, നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ ലഭിച്ചിരിക്കുകയാണ്. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ ഷൗബിൻ്റേയും ഷോൺ ആൻ്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു.
സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു സിറാജ് വലിയ തറയുടെ പരാതി. എന്നാൽ ഇതൊരു സിവിൽ കേസാണെന്നും ക്രിമിനൽ നടപടികൾക്ക് പ്രസക്തിയില്ലെന്നുമായിരുന്നു ഷൗബിൻ്റെ പിതാവും കുറ്റാരോപിതരിൽ ഒരാളുമായ ഷാഹിർ ബാബുവിൻ്റെ വാദം.ജസ്റ്റിസ് വിജു എബ്രഹാം ആണ് ഒരു മാസത്തേക്ക് ഇത് സംബന്ധിച്ച നടപടികൾക്ക് സ്റ്റേ നൽകിയത്.
സിറാജ് വലിയതറ എന്ന പരാതിക്കാരൻ സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരിക്കുകയും, അത് മൂലം കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നും ആയിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും,ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്നും അവർ കോടതിയെ അറിയിച്ചു.
Read also: താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തൊണ്ണൂറുലക്ഷം വീടുകൾ; ജപ്പാനിൽ സംഭവിക്കുന്നത്..
ഇരുന്നൂറ് കോടിയോളം രൂപ നേടി ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യത നേടി. ഫെബ്രുവരി 22 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളുടെ വേഷത്തിലെത്തിയിട്ടുള്ളത്.
Story highlights- Complainant’s move against Manjummel Boyz producers backfired