കടൽമഞ്ഞ് ഉരുകി തീരുന്നു; ഗുരുതര ഭീഷണി നേരിട്ട് അന്റാർട്ടിക്കയിലെ എംപറർ പെൻഗ്വിനുകൾ
മഞ്ഞിന്റെ പറുദീസയാണ് അന്റാർട്ടിക്ക. അവിടുത്തെ ആവാസവ്യവസ്ഥയും ആ മഞ്ഞിന്റെ തുലനാവസ്ഥയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാൽ, ലോകം നേരിടുന്ന ആഗോളതാപനവും പരിസ്ഥിതി മാറ്റങ്ങളും വലിയ തോതിലാണ് അന്റാർട്ടിക്കയിൽ ബാധിച്ചിരിക്കുന്നത്. അതിന്റെ പ്രധാന ഇരകളാണ് എംപറർ പെൻഗ്വിനുകൾ.
കടൽ മഞ്ഞിന്റെ നില താഴുന്നത് ഇവയെ ഭീകരമായ അവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. 2023-ൻ്റെ അവസാനത്തിൽ റെക്കോർഡ് നിലയിൽ താഴ്ന്ന കടൽ മഞ്ഞ് അൻ്റാർട്ടിക്കയിലെ പെൻഗ്വിൻ കോളനികളിൽ അഞ്ചിലൊന്ന് പ്രജനന പരാജയത്തിലേക്ക് നയിച്ചതായി ബ്രിട്ടീഷ് അൻ്റാർട്ടിക് സർവേയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ പെൻഗ്വിൻ ഇനമാണ് ഇവ. അൻ്റാർട്ടിക്കയിൽ മാത്രം കാണപ്പെടുന്ന രണ്ടുവിഭാഗങ്ങളിൽ ഒന്നുകൂടിയായാണ്. മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും തീരത്ത് ഉറച്ചുനിൽക്കുന്ന കടൽ മഞ്ഞിനെ ആശ്രയിചാണ് അവയുടെ പ്രജനനം നടക്കുന്നത്. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുംമുമ്പ് ഐസ് പൊട്ടുകയോ ഉരുകുകയോ ചെയ്താൽ, വാട്ടർ പ്രൂഫ് തൂവലുകൾ പൂർണ്ണമായി വരുന്നതിന് മുമ്പ് കുഞ്ഞുങ്ങൾ കടലിലേക്ക് ഇറങ്ങേണ്ടിവരും.
ബ്രിട്ടീഷ് അൻ്റാർട്ടിക് സർവേയുടെ ഒരു പുതിയ പഠനമനുസരിച്ച്, 2023 അവസാനത്തോടെ അൻ്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ റെക്കോർഡ് താഴ്ന്ന നിലയിലേക്ക് പോയി. ഇങ്ങനെ കടലിലേക്ക് പോകേണ്ടിവരുന്ന കുഞ്ഞുങ്ങൾക്ക് തണുത്തുറഞ്ഞോ വെള്ളത്തിൽ മുങ്ങിയോ മരണവും സംഭവിക്കുന്നു. കഴിഞ്ഞ വർഷം അൻ്റാർട്ടിക്കയിലെ 66 എംപറർ പെൻഗ്വിൻ കോളനികളിൽ 14 എണ്ണത്തിലും ഈ അവസ്ഥ ഉണ്ടായി. അൻ്റാർട്ടിക്കിലെ കടൽ ഹിമത്തിൻ്റെ വ്യാപ്തി റെക്കോർഡ് താഴ്ന്ന നിലയിലേക്ക് ചുരുങ്ങിയപ്പോഴായിരുന്നു ഇത്. ഇത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന താപനിലയെ തുടർന്നാണ് സംഭവിക്കുന്നത്. പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.
മുൻവർഷങ്ങളിലെ കണക്കെടുത്താൽ, കഴിഞ്ഞ ഏഴുവർഷത്തിനിടെ അൻ്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള കടൽ ഹിമത്തിൻ്റെ വ്യാപ്തി ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളിലാണ് ഏറ്റവും ഭീതീതമായ രീതിയിൽ കുറഞ്ഞത്. പക്ഷികളുടെ ചലനങ്ങളും പ്രജനന പരാജയങ്ങളും സർവേ നടത്തിയ ഫ്രെറ്റ്വെൽ പറയുന്നതനുസരിച്ച് 2022-ൽ ഹിമമുരുകിയ ആറോളം കോളനികളിലെ പെൻഗ്വിനുകൾ അവയുടെ പ്രജനന സ്ഥലങ്ങൾ മാറ്റുകയും ചെയ്തു. ചിലത് മെച്ചപ്പെട്ട മഞ്ഞുള്ള ഭാഗങ്ങളിലേക്ക് നീങ്ങി. ചിലത് കൂടുതൽ സ്ഥിരതയുള്ള ഐസ് ഷെൽഫുകളിലേക്കോ വലിയ മഞ്ഞുമലകളിലേക്കോ കയറി മോശമായ അവസ്ഥകൾ ഒഴിവാക്കാൻ ശ്രമിച്ചു.
Read also: കുറുമ്പിന് ശിക്ഷ നൽകാനല്ല, ജയിലിലിടാനുമല്ല; ചർച്ചയായി സ്വന്തമായി ജയിലുള്ള ഒരു വീട്!!
സാഹചര്യങ്ങളുമായി വളരെവേഗത്തിൽ പൊരുത്തപ്പെടാൻ ഇവ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇങ്ങനെ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലം കടൽ മഞ്ഞ് കുറയുന്നത് തുടരുകയാണെങ്കിൽ, ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ 99% എംപറർ പെൻഗ്വിനുകൾ നഷ്ടപ്പെടുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നുണ്ട്.
Story highlights- Emperor penguins suffered mass breeding failures due to low sea ice