കേരളാ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2023; ഇരട്ടി മധുരമുള്ള വിജയതിളക്കവുമായി ‘ഗരുഡൻ’
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയുടെ കെട്ടുറപ്പോടെയാണ് ഗരുഡൻ പ്രേക്ഷക ഹൃദയങ്ങളിൽ പറന്നിറങ്ങിയത്. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടായിരുന്നു. ഇപ്പോഴിതാ, 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിൽ ഇരട്ടി വിജയത്തിന്റെ മധുരത്തിലാണ് ഗരുഡൻ. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ബിജുമേനോൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ സിനിമയും ഗരുഡൻ തന്നെയാണ്.
നവംബർ 3നായിരുന്നു ഗരുഡൻ റിലീസായത്. സുരേഷ് ഗോപി – ബിജു മേനോൻ, അഭിരാമി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. മിഥുൻ മാനുവൽ തിരക്കഥ എഴുതി അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് ഗരുഡൻ. 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഗംഭീര പ്രകടനങ്ങൾ കൊണ്ടും, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും ഗരുഡൻ പ്രേക്ഷക പ്രീതി നേടിയതിനൊപ്പം തന്നെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട കോംബോ ആയി മാറിയിരുന്നു. റിലീസ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ചാംപാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കിയ ത്രില്ലർ ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന് വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മാജിക് ഫ്രെയിമ്സിന്റെ ബാനറിൽ വൻ മുതൽ മുടക്കിലാണ് ഒരുക്കിയത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ജേക്സ് ബിജോയ് വീണ്ടും സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഗരുഡൻ’. ചിത്രത്തിന്റെ കഥ ജിനേഷ് എം. ആണ്. എഡിറ്റർ ശ്രീജിത്ത് സാരംഗ്.
Read also: മൃഗശാലയിൽ മൃഗങ്ങൾക്കൊപ്പം പ്രദർശനവസ്തുവായി മാറിയ യുവാവ്; ഒടുവിൽ സ്വയം നിറയൊഴിച്ച് മരണം
ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട് സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ എന്നിവരായിരുന്നു മറ്റു അണിയറ പ്രവർത്തകർ.
Story highlights- Garudan movie wins 2 awards at Film Critics Award 2023