കുറുമ്പിന് ശിക്ഷ നൽകാനല്ല, ജയിലിലിടാനുമല്ല; ചർച്ചയായി സ്വന്തമായി ജയിലുള്ള ഒരു വീട്!!

May 1, 2024

ഇന്നത്തെ ട്രെൻഡ് സ്റ്റാറിന്റെ ഭാഗമാണ് വീടുകൾ. നമ്മുടെ കയ്യിലെ ബഡ്ജറ്റിനനുസരിച്ച് തങ്ങളുടെ ആഗ്രഹങ്ങൾ കൂടി നിറവേറ്റിയാണ് ഇന്ന് വീടുകൾ ഒരുക്കുന്നത്. കണ്ട് ഇഷ്ടപെടുന്ന വീട്ടിലെ സൗകര്യങ്ങൾ സ്വന്തമായി പണിയുന്ന വീടുകളിൽ ഉൾപ്പെടുത്താനും ഇന്ന് ആളുകൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത് സ്വന്തമായി ഒരു ജയിലറയുള്ള വീടാണ്. യുകെയിലെ ഡഡ്‌ലി നഗരത്തിലാണ് കേട്ടുപരിചയമില്ലാത്ത പ്രത്യേകതയുമായി വീട് വാടകക്കാരെ കാത്തിരിക്കുന്നത്. ഫ്ലാറ്റിന്റെ ചിത്രങ്ങളും പരസ്യവും ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. (Old Police Station converted to studio flat with prison)

ഇത് ഒരു വെറൈറ്റിക്ക് പണിതതാണ് എന്ന് കരുതുന്നവർക്ക്, സംഭവം എന്നാൽ അങ്ങനെയല്ല. മുൻപ് പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന സ്ഥലം ഫ്ലാറ്റായി മാറ്റിയെടുത്തതാണ്. 2017 ലാണ് ഈ പോലീസ് സ്റ്റേഷൻ പ്രവർത്തനം അവസാനിപ്പിച്ചത്. പിന്നീട് അത് ഫ്ലാറ്റായി പണിയാൻ തീരുമാനിച്ചു. ആർക്കിടെക്ട് ആണ് സെൽ നിലനിർത്തികൊണ്ട് തന്നെ ഇത് ഫ്ലാറ്റാക്കി മാറ്റാമെന്നുള്ള ആശയത്തിലെത്തിയത്.

Read also: കേരളത്തിലെ അടുക്കളകളിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വര്‍ഷം!

അത്യാധുനിക രീതിയിലുള്ള ഫ്ലോറിങും മറ്റു സൗകര്യങ്ങളും ഉൾപ്പെടുത്തി പണിത ഫ്ലാറ്റിൽ ഗ്രൗണ്ട് ഫ്ലോറിൽ സ്ഥിതിചെയ്യുന്ന ഫ്ലാറ്റിന്റെ ലിവിങ് റൂമിലാണ് ജയിൽ. വീടിന്റെ ഭംഗി നഷ്ടപ്പെടുത്താതെ തന്നെയാണ് സെൽ നിലനിർത്തിയിരിക്കുന്നത്. ഓപ്പൺ പ്ലാനിൽ ആധുനിക ശൈലിയിൽ നിർമ്മിച്ച അടുക്കള, ഷവർ റൂം സ്യൂട്ട്, ഇൻ്റർകോം സംവിധാനം എന്നിവയെല്ലാം വീട്ടിലുണ്ട്. അൺ ഫർണിഷ്ഡായാണ് വീട് കൈമാറ്റം ചെയ്യുന്നത്. ഈ വീടിന്റെ വാടക എത്രയെന്നല്ലേ? 750 പൗണ്ട്. അതായത് 78000 രൂപ പ്രതിമാസ വാടക.

ഫ്ലാറ്റിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ ഈ വീട് ഇപ്പോൾ ഹിറ്റാണ്. വീടിനകത്ത് ഈ ജയിൽ കൊണ്ട് എന്താണ് ഉപകാരമെന്ന് ചോദിക്കുന്നവർക്ക് നൽകാനുള്ള മറുപടിയും തയ്യാറാണ്. വീടിനുള്ളിൽ ഒരു ഓഫിസ് സ്പേസോ ഒന്നിലധികം നായകളെ വളർത്താനോ ഈ സെൽ പ്രയോജനപ്പെടുത്താം.

Story highlights: Old Police Station converted to studio flat with prison