അവസാന ഗാനം മകനുവേണ്ടി സമർപ്പിച്ചു; ഗായിക ക്യാറ്റ് ജാനിസ് യാത്രയായി

March 1, 2024

അവസാനഗാനം ഏഴ് വയസുകാരനായ മകന്‍ ലോറനായി സമര്‍പ്പിച്ച് വൈറല്‍ ഗായിക ക്യാറ്റ് ജാനിസ് അന്തരിച്ചു. 31-കാരിയായ ഗായിക സര്‍കോമെയര്‍ കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജാനിസ് ടിക് ടോകിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ആരോഗ്യനില കൂടുതല്‍ വഷളാകുന്നു എന്ന കാര്യം അറിയിക്കുന്നത്. ഇതോടൊപ്പം തന്നെ തന്റെ അവസാന ഗാനവും ജാനിസ് ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു. ഈ ഗാനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും തന്റെ ഏഴ് വയസുകാരനായ മകനുള്ളതാണെന്നും ജാനിസ് പറഞ്ഞിരുന്നു. ( Singer Cat Janice dies after dedicating last song for son )

ബുധനാഴ്ച രാവിലെയായിരുന്നു ജാനിസിന്റെ വിയോഗം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ കുടുംബാംഗങ്ങളാണ് ഗായികയുടെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. ‘കുട്ടിക്കാലം അവള്‍ വളര്‍ന്ന വീട്ടില്‍, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ജാനിസ് തന്റെ സ്വര്‍ഗീയ സ്രഷ്ടാവിന്റെ വെളിച്ചത്തിലേക്കും സ്‌നേഹത്തിലേക്കും സമാധാനപരമായി പ്രവേശിപ്പിക്കപ്പെട്ടു’ – എന്നാണ് ജാനിസിന്റെ അടുത്ത ബന്ധു കുറിച്ചത്.

രോഗത്തോട് മല്ലിട്ടിരുന്ന അവസാന നാളുകളില്‍ തന്റെ മകനെക്കുറിച്ച് മാത്രമായിരുന്നു ജാനിസ് ആവലാതിപ്പെട്ടിരുന്നത്. അവളുടെ പാട്ടുകളിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും മകനുവേണ്ടി മാറ്റിവയ്ക്കണമെന്നും പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി. റേഡിയേഷന്‍ കഴിഞ്ഞതോടെ ജാനിസിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു. ഇതോടെ ഗാനത്തിന്റഎ റിലീസിങ് കാണാന്‍ തനിക്കു സാധിക്കില്ലെന്നും മരണത്തോട് അടുക്കുകയാണെന്നും ജാനിസ് പറഞ്ഞിരുന്നു. ഈ പോസ്റ്റ് പങ്കിട്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ക്യാറ്റ് ജാനിസിന്റെ വിയോഗം.

Read Also : അമ്മയ്ക്ക് ഇത് മധുരപ്പതിനേഴ്- നാല് വർഷത്തിലൊരിക്കൽ മാത്രമുള്ള പിറന്നാൾ ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

2022 ലാണ് ക്യാറ്റ് ജാനിസിന് സാര്‍കോമെയര്‍ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചത്. കഴുത്തില്‍ ചെറിയ മുഴ വന്നതോടെയായിരുന്നു അസുഖത്തിന്റെ തുടക്കം. തുടര്‍ന്ന് ശസ്ത്രക്രിയ, കീമോതെറപ്പി, റേഡിയേഷന്‍ അടക്കമുള്ള ചികിത്സകള്‍ക്ക് വിധേയയായി. തുടര്‍ന്ന് ജാനിസ് അര്‍ബുദത്തില്‍ നിന്നും മുക്തി നേടിയെന്ന മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയിലാണ് തനിക്ക് വീണ്ടും അര്‍ബുദം ബാധിച്ചതായി ജാനിസ് വെളിപ്പെടുത്തിയത്. രോഗവസ്ഥയില്‍ തുടരുന്ന സമയത്തും ജാനിസ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാറുണ്ടായിരുന്നു. ഗായികയുടെ മരണവാര്‍ത്ത ആരാധകരെ ഏറെ തളര്‍ത്തിയിരിക്കുകയാണ്.

Story highlights : Singer Cat Janice dies after dedicating last song for son