ലോകത്തിലെ എല്ലാ അമ്മമാർക്കുമായി ഒരുദിനം; മാതൃദിനത്തിന് തുടക്കംകുറിച്ച വ്യക്തിയെക്കുറിച്ചറിയാം..

May 11, 2024

എന്നും സ്നേഹത്തിന്റെ പ്രതിരൂപമാണ് അമ്മമാർ. നാളെയാണ് അന്താരാഷ്ട്ര മാതൃദിനം ആഘോഷിക്കപ്പെടുന്നത്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് അന്താരാഷ്ട്ര മാതൃദിനമായി ആചരിക്കുന്നത്. ജന്മം നല്‍കി, കരുതലും സ്‌നേഹവും പകര്‍ന്ന് നല്‍കുന്ന ഓരോ അമ്മമാരേയും മാതൃത്വത്തേയും ആദരിക്കുകയാണ് ഈ ദിവസത്തില്‍. എന്നാല്‍ കേവലം ഒരു ദിവസം കൊണ്ട് മാത്രം ഓര്‍ത്തേടുക്കേണ്ടതല്ല മാതൃത്വത്തിന്റെ മഹനീയത.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അമേരിക്കയിലാണ് അമ്മമാര്‍ക്കായി ഒരു ദിനം എന്ന ആശയത്തിന്റെ പിറവി. അക്കാലത്ത് ചിലര്‍ മാതൃത്വത്തെ ആദരിക്കാന്‍ ഒരുദിവസം വേണമെന്ന് വാദിച്ചിരുന്നുവെങ്കിലും ശക്തമായ വാദം ഉയര്‍ന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അന്ന ജാര്‍വിസ് എന്ന വനിതയാണ് ഈ ആശയത്തിന് തുക്കം കുറിച്ചതെന്ന് പറയാം.

അന്ന ജാര്‍വിസിന്റെ അമ്മയായ അന്ന റീവ്‌സ് ജാര്‍വിസിന്റെ മരണത്തെ തുടര്‍ന്നായിരുന്നു മാതൃദിന പ്രചരണത്തിന്റെ തുടക്കം. അക്കാലത്ത് നടന്ന ചില ആഭ്യന്തര യുദ്ധങ്ങളുടെ സമയത്ത് മുറിവേറ്റ പട്ടാളക്കാര്‍ക്ക് സുരക്ഷയൊരുക്കി അമ്മയെപ്പോലെ അവരെ പരിചരിച്ചിരുന്ന സ്ത്രീയാണ് അന്ന റീവ്‌സ് ജാര്‍വിസ്. അവര്‍ മണപ്പെട്ടപ്പോള്‍ നിരവധിപ്പേര്‍ മകള്‍ അന്ന ജാര്‍വിസിന്റെ ദുഃഖത്തില്‍ പങ്കുചേരാനെത്തി. ആശ്വസിപ്പിച്ചുകൊണ്ട് കത്തുകള്‍ എഴുതി. ഇതെല്ലാം കണ്ടപ്പോഴാണ് മാതൃത്വത്തെ ആദരിക്കാന്‍ ഒരു ദിനം വേണമെന്ന് അന്ന ജാര്‍വിസ് വാദിച്ചത്.

അങ്ങനെ 1908-ല്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മയുടെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് മാതൃദിനം എന്ന ദിവസത്തിന് അന്ന ജാര്‍വിസ് തുടക്കം കുറിച്ചു. അന്ന് പ്രാര്‍ത്ഥാന ചടങ്ങുകള്‍ നടന്ന വിര്‍ജീനിയയിലെ ഗ്രാഫ്റ്റണിലുള്ള സെന്റ് ആന്‍ഡ്രൂസ് മെത്തിഡിസ്റ്റ് ദേവാലയം അന്താരാഷ്്ട്ര മാതൃദിന ദേവാലയം എന്നും അറിയപ്പെടുന്നു. 1914-ല്‍ ആണ് മാതൃദിനത്തെ കലണ്ടറില്‍ അവധിയായി പ്രഖ്യാപിച്ചത്. അക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സണ്‍ ആണ് മെയ് മാസത്തിലെ രണ്ടാമത്തെ ജായറാഴ്ച പൊതുഅവധിദിനമായി അംഗീകരിച്ചുകൊണ്ട് ഒപ്പുവെച്ചു.

Read also: മൃഗശാലയിൽ മൃഗങ്ങൾക്കൊപ്പം പ്രദർശനവസ്തുവായി മാറിയ യുവാവ്; ഒടുവിൽ സ്വയം നിറയൊഴിച്ച് മരണം

മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പം അമ്മയ്ക്ക് വേണ്ടി ചെലവഴിക്കണമെന്നതായിരുന്നു അന്ന ജാര്‍വിസിന്റെ വിലയിരുത്തല്‍. എന്നാല്‍ പലയിടങ്ങളിലും ഈ ദിവസം വെറും ആഘോഷങ്ങള്‍ക്ക് വേണ്ടി മാത്രമായി മാറിയപ്പോള്‍ അന്ന അത്തരം നിലപാടുകളെ എതിര്‍ക്കുകയും ചെയ്തു. എന്തിനേറെ പറയുന്നു മാതൃദിനം കച്ചവടവത്കരിക്കപ്പെട്ടപ്പോള്‍ കലണ്ടറില്‍ നിന്നും ഈ ദിനം നീക്കം ചെയ്യണമെന്ന് അന്ന ജാര്‍വിസ് വാദിച്ചു. അവരുടെ മരണം വരെ ആ വാദം തുടര്‍ന്നു.

Story highlights: The real story behind International Mothers Day