നാട്ടിലെ മാമ്പഴ ഓർമകൾക്കിടയിൽ ബിന്നിയ്ക്ക് സർപ്രൈസ്; പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി സഹോദരങ്ങൾ പാട്ടുവേദിയിൽ
സംഗീതത്തിന്റെ മാസ്മരിക ലോകം തീർക്കുന്ന ജനപ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഹൃദ്യസംഗീതത്തിലൂടെ മലയാളികളുടെ മനം കവർന്ന പാട്ടുവേദിയിൽ മത്സരാർത്ഥികൾക്കൊപ്പം വിധികർത്താക്കളും അതുല്യ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. ,ഇപ്പോഴിതാ, ഗായിക ബിന്നി കൃഷ്ണകുമാറിന് ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് പാട്ടുവേദി.
ബിന്നിയുടെ പിറന്നാൾ ദിനത്തിൽ സഹോദരങ്ങളെ വേദിയിൽ എത്തിച്ചാണ് സർപ്രൈസ് നൽകിയത്. ഇത്തവണ തൊടുപുഴയിലെ വീട്ടിൽ പോകാൻ പറ്റിയില്ലെന്നും അവിടെ ജൂലൈ വരെ മാങ്ങയുടെ സീസൺ ആണെന്നുമൊക്കെ പറയുകയാണ് ബിന്നി കൃഷ്ണകുമാർ. ചെന്നൈയിൽ മാങ്ങാ തേടി അലഞ്ഞ് മടുത്തെന്നുമൊക്കെ പറയുമ്പോൾ പെട്ടെന്നാണ് കുഞ്ഞി എന്നൊരു വിളി കേൾക്കുന്നത്. ആകെ അമ്പരന്നുപോയി ബിന്നിയുടെ മുന്നിലേക്ക് സഹോദരനും മൂന്നു സഹോദരിമാരുംകൂടി എത്തുകയാണ്. വളരെ വൈകാരികമായ കാഴ്ചയാണ് വേദിയിൽ പിറന്നത്.
1989-ൽ കലാതിലകപട്ടം നേടിയ ബിന്നി കൃഷ്ണകുമാർ ഒരു സംഗീത കുടുംബത്തിൽ നിന്നാണ്. സഹോദരൻ വയലിൻ അധ്യാപകനാണ്. ബിന്നിയുടെ മൂന്ന് സഹോദരിമാരും സംഗീത അധ്യാപകരാണ്. കർണാടക സംഗീതം, പാരായണം, നൃത്തം, മോണോആക്ട് എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചിരുന്ന ബിന്നി തൊടുപുഴ സ്റ്റാർ എന്നാണ് അറിയപ്പെട്ടിരുന്നത്.
Read also: ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്
സംഗീത ലോകത്തെ ശ്രദ്ധേയ ദമ്പതികളാണ് കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും. സൂര്യ ഫെസ്റ്റിവലിലെയും നവരാത്രി ആഘോഷങ്ങളിലെയും സജീവ സാന്നിധ്യമായ ഇവർ പിന്നണി ഗാനരംഗത്തും ശ്രദ്ധേയരാണ്. മകൾ ശിവാംഗിയും സംഗീത ലോകത്തെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. പിന്നണി ഗായികയായ ബിന്നി കൃഷ്ണകുമാർ ചെറുപ്പംമുതൽതന്നെ സംഗീതത്തെ ഉപാസിക്കുന്ന കലാകാരിയാണ്.
Story highlights- binni krishnakumar’s birthday surprise