ഇതാണ് യഥാർത്ഥ ദൈവത്തിന്റെ കരസ്പർശം; മിന്നൽ നീക്കത്തിൽ യാത്രികന്റെ ജീവൻ രക്ഷിച്ച് കണ്ടക്ടർ

June 7, 2024

ദൈവത്തിന്റെ അപൂർവ കരസ്പർശം എന്ന പ്രയോഗം കേട്ടിട്ടില്ലേ. തിരികെ കിട്ടില്ല എന്നുകരുതുന്ന ഒരു ജീവിതമോ അനുഭവമോ ഒക്കെ നിമിഷനേരത്തിൽ സാധ്യമാകുന്ന ചില അവസരങ്ങളാണവ. ഇവിടെ ദൈവമാകുന്നതാകട്ടെ, അവസരോചിതമായി പ്രവർത്തിക്കുന്ന മനുഷ്യരും. കഴിഞ്ഞ ദിവസമായിരുന്നു, തൃശൂരിൽ കെഎസ്ആർടിസി ബസ്സിൽ ഒരു യുവതി കുഞ്ഞിന് ജന്മം നൽകിയത്. അന്ന് ഒരുപാട് പേരുടെ കൂട്ടായ പ്രവർത്തനമാണ് അവിടെ അത്ഭുതം സൃഷ്ടിച്ചത്. വീണ്ടും കേരളത്തിൽ ഒരു ഹൃദ്യമായ കാഴ്ച ശ്രദ്ധേയമാകുകയാണ്.

ഇതിനകം 1.6 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടിയ ഒരു വിഡിയോയിൽ കേരളത്തിലെ ഒരു ബസ് കണ്ടക്ടർ ഓടുന്ന ബസിൽ നിന്ന് ഒരു യാത്രക്കാരനെ വീഴുന്നതിൽ നിന്ന് രക്ഷിക്കുന്നത് കാണാം. വിഡിയോയിൽ, ബസിൻ്റെ പിൻവശത്തെ വാതിലിനു സമീപം നിൽക്കുന്ന ഒരു യുവാവ്, ബാലൻസ് നഷ്ടപ്പെട്ട്, ഡോർ തള്ളിത്തുറന്ന് ബസിൽ നിന്ന് ഏകദേശം വീഴുന്ന അവസ്ഥയിൽ എത്തി. സമീപത്ത് നിന്ന കണ്ടക്ടർ വേഗം കൈപിടിച്ച് രക്ഷിക്കുകയായിരുന്നു. കണ്ടക്ടറുടെ വേഗത്തിലുള്ള നീക്കം എല്ലാവരെയും അമ്പരപ്പിച്ചു.

കാരണം, കണ്ടക്ടർ വീഴുന്ന മനുഷ്യനെ തിരിഞ്ഞ് പോലും നോക്കാതെയാണ് കൈയിൽ പിടിച്ച് അയാളെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ച് മാറ്റുന്നത്. ആരുടേയും നെഞ്ചിടിപ്പിക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Story highlights- Kerala bus conductor rescuing falling man