കൊല്ലം സുധിയുടെ ഓർമ്മകൾക്ക് ഒരുവയസ്!

June 5, 2024

കൊല്ലം സുധി ഹാസ്യലോകത്ത് നികത്താനാകാത്ത നഷ്ടമായി വിടപറഞ്ഞിട്ട് ഒരുവർഷം പൂർത്തിയാകുന്നു. ഒട്ടേറെ വേദികളിൽ ഇനിയും ചിരി നിറയ്ക്കാൻ ബാക്കിയാക്കി, ഒരുപാട് സ്നേഹിതർക്ക് നൊമ്പരമായാണ് അദ്ദേഹത്തിന്റെ വേർപാട്. ഫ്‌ളവേഴ്‌സ് ടി വിയിലെ സ്റ്റാർ മാജിക്കിലൂടെ ആരാധകരെ സമ്പാദിച്ച കൊല്ലം സുധി അവസാനമായി വേദി പങ്കിട്ടതും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം 24 കണക്റ്റ് സമാപന വേദിയിൽ ആയിരുന്നു.

പ്രേക്ഷകരെ ഹാസ്യത്തിലൂടെ കയ്യിലെടുത്ത സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി ജൂൺ അഞ്ചിനാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

സുധിക്കൊപ്പം സഞ്ചരിച്ച ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇരുവരും ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

Read also: രണ്ടുമാസത്തെ വേനലവധിയ്ക്ക് ശേഷം വിദ്യാർത്ഥികൾ സ്‌കൂളിലേക്ക്; പ്രവേശനോത്സവം

അതേസമയം, സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയാണ് സുധി യാത്രയായത്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ 24 കുടുംബം ഒപ്പം നിന്നു. 24 കണക്ടിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന വീടിന് വേണ്ടി ആംഗ്ലിക്കന്‍ ചര്‍ച്ച് ബിഷപ്പ് റൈറ്റ്. റവ. നോബിള്‍ ഫിലിപ്പ് അമ്പലവേലിലാണ് സൗജന്യമായി 7 സെന്റ് ഭൂമി നല്‍കിയത്. ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കേരള ഹോം ഡിസൈന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് വീടിന്റെ രൂപകല്‍പനയും നിര്‍മ്മാണവും സൗജന്യമായി നടത്തുന്നത്. വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്.

Story highlights- memories of kollam sudhi