തട്ടിപ്പിന്റെ മറ്റൊരു മുഖം; കരുതിയിരിക്കാം, വാട്ട്‌സ്ആപ്പ് വേരിഫിക്കേഷൻ കോളുകൾ അറ്റൻഡ് ചെയ്യുമ്പോൾ!

June 17, 2024

തട്ടിപ്പുകൾ പലവിധം സമൂഹത്തിൽ സജീവമാണ്. ഫോണുമായി ബന്ധപ്പെട്ട ഒന്നും തന്നെ വിശ്വസിക്കാൻ പറ്റില്ല എന്നതാണ് ഏറ്റവും പ്രധാനം. ഇപ്പോൾ OTP നമ്പർ വഴിയുള്ള തട്ടിപ്പുകളാണ് അധികവും. അങ്ങനെ വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വരുന്ന OTP വഴിയുള്ള തട്ടിപ്പിനെക്കുറിച്ച് എല്ലാവരും ജാഗരൂകരായിരിക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് വിശദമായി പങ്കുവയ്ക്കുകയാണ് കേരളാ പോലീസ്.

കുറിപ്പിന്റെ പൂർണരൂപം

വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന് ആറക്ക OTP ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന SMS അല്ലെങ്കിൽ കോൾ വഴിയാണ് OTP വെരിഫൈ ചെയ്യേണ്ടത്. നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.
അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്ട്‌സ്ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു.


കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന OTP കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു. നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പിൽ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ OTP യും ഉണ്ട്. തട്ടിപ്പുകാർ OTP എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.
മറ്റൊരു രീതിയിൽ, തട്ടിപ്പുകാർ എന്തെങ്കിലും കാര്യത്തിന് OTP ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങൾ വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു.


ചില തട്ടിപ്പുകാർ തെറ്റായ OTP എന്റർ ചെയ്ത് നിങ്ങളുടെ WhatsApp അക്കൗണ്ട് 12 അല്ലെങ്കിൽ 24 മണിക്കൂർ മരവിപ്പിക്കും. ഇതിനർത്ഥം ആ കാലയളവിൽ നിങ്ങൾക്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല എന്നാണ്. ഇത്തരത്തിൽ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു.

Read also: വേറിട്ട ഗെറ്റപ്പിൽ സുരാജ് വെഞ്ഞാറമൂട്; ‘ED – എക്സ്ട്രാ ഡീസന്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി


ഇത്തരം തട്ടിപ്പുകൾക്കെതിരെ പരമാവധി ജാഗ്രത പുലർത്തണം. ഡിജിറ്റൽ ലോകത്തിൽ ഇടപെടൽ നടത്തുമ്പോൾ കണ്ണും മനസ്സും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Story highlights- whats app verification call frauds