നൂറോളം ഷാംപെയ്ൻ ബോട്ടിലുകൾ ഉൾപ്പെടെ ചരിത്ര വസ്തുക്കളുമായി 19-ാം നൂറ്റാണ്ടിലെ ഒരു തകർന്ന കപ്പൽ കണ്ടെത്തി
ചരിത്രപരമായ പുരാവസ്തുക്കളുമായി 19-ാം നൂറ്റാണ്ടിലെ ഒരു തകർന്ന കപ്പൽ സ്വീഡൻ തീരത്ത് നിന്ന് മുങ്ങൽ വിദഗ്ധരുടെ സംഘം കണ്ടെത്തി.100 കുപ്പി ഷാംപെയ്ൻ ഉൾപ്പെടെ നിരവധി വസ്തുക്കളാണ് കണ്ടെത്തിയത്. സ്വീഡിഷ് തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയുള്ള ബാൾട്ടിക് കടലിൽ, ബാൾട്ടിടെക് ഗ്രൂപ്പിലെ പോളിഷ് സാങ്കേതിക മുങ്ങൽ വിദഗ്ധരുടെ ഒരു സംഘമാണ് കപ്പൽ അവശിഷ്ടം കണ്ടെത്തിയത്.
കണ്ടുപിടിത്തം നടത്തിയ ബാൾട്ടിടെക് ടീമിൻ്റെ പ്രസ്താവന പ്രകാരം, പുരാതന കപ്പൽ ഷാംപെയ്ൻ, വൈൻ, മിനറൽ വാട്ടർ, പോർസലൈൻ എന്നിവയോടെ വശങ്ങളിലേക്ക് ചെരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്.
കപ്പലിൽ എന്തെല്ലാമുണ്ടെന്ന് കൃത്യമായി നിർണയിക്കാൻ മുങ്ങൽ വിദഗ്ധർക്ക് ബുദ്ധിമുട്ടായിരുന്നു. കണ്ടെത്തിയ നൂറോളം ഷാംപെയ്ൻ കുപ്പികൾ ആയിരുന്നില്ല മുങ്ങൽ വിദഗ്ധരിൽ കൗതുകം സൃഷ്ടിച്ചത്. മറിച്ച് കളിമൺ കുപ്പികളിലെ മിനറൽ വാട്ടർ ആയിരുന്നു, ഇത് 19-ാം നൂറ്റാണ്ടിൽ ഏതാണ്ട് മരുന്ന് പോലെയാണ് കണക്കാക്കിയിരുന്നതെന്നും രാജകീയ മേശകളിലേക്ക് ഉള്ള പാക്കിങ് ആയിരിക്കണമെന്നും അവർ പറയുന്നു.
ജർമ്മൻ ബ്രാൻഡായ സെൽറ്റേഴ്‌സിൽ നിന്നുള്ള മിനറൽ വാട്ടറിലെ സ്റ്റാമ്പ് 1850 നും 1867 നും ഇടയിൽ നിർമ്മിച്ചതാണെന്ന് ചരിത്രകാരന്മാർ നിർണ്ണയിച്ചു. വെള്ളം കുപ്പിയിലാക്കിയ മൺപാത്ര ഫാക്ടറിയും നിലവിലുണ്ട്, കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് എന്നാണ് ടീമംഗങ്ങൾ പറയുന്നത്.
Story highlights- 19th century shipwreck discovered