‘എന്റെ കുഞ്ഞുവാവക്ക് പല്ലുവന്നു, എത്ര സന്തോഷമുള്ള ദിവസമാണ്’- ശ്രദ്ധനേടി മൂന്നാം ക്ലാസുകാരന്റെ കുറിപ്പ്

July 2, 2024

മനുഷ്യന് സന്തോഷം എന്നാൽ വലിയ കാര്യങ്ങളാണ്. പ്രായം കൂടുംതോറും ഒരാളുടെ സന്തോഷം അയാളുടെ നേട്ടങ്ങളെ അപേക്ഷിച്ച് മാറിക്കൊണ്ടിരിക്കും. എന്നാൽ, കൊച്ചുകുട്ടികൾക്ക് അങ്ങനെയല്ല. ചെറിയ കരങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ അവർക്ക് കഴിയും. അല്ലെങ്കിലും നമ്മുടെ ബാല്യകാലവും അങ്ങനെത്തന്നെയായിരുന്നില്ലേ?

മണ്ണാർക്കാടിലെ കുമരംപുത്തൂർ ​ഗവ. എൽപി സ്കൂൾ വിദ്യാർത്ഥിയായ മുസമ്മിൽ എന്ന മൂന്നാം ക്ലാസുകാരന്റെ സന്തോഷം ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അവനെ സന്തോഷവാനാക്കിയ ഒരു കാര്യത്തെ കുറിച്ച് കുട്ടി എഴുതിയ കുറിപ്പ് അധ്യാപികയായ സൗമ്യ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടിയത്. വീട്ടിലെ കുഞ്ഞുവാവയ്ക്ക് പല്ലുവന്നതാണ് മുസമ്മിലിനെ സന്തോഷവാനാക്കിയ കാര്യം.

തന്റെ ഡയറിയിലാണ് മുസമ്മിൽ ആ സന്തോഷം കുറിച്ചിരിക്കുന്നത്. ‘ഇന്ന് എനിക്ക് സന്തോഷമുള്ള ദിവസമായിരുന്നു. ഞങ്ങളുടെ കുഞ്ഞുവാവക്ക് പല്ലുവന്നു. ഞാൻ കുഞ്ഞിവാവയുടെ വായിൽ എന്റെ വിരൽ കൊണ്ട് തൊട്ടുനോക്കി. അപ്പോൾ എന്റെ വിരലിൽ കടിച്ചു’ എന്നാണ് മുസമ്മിൽ എഴുതിയിരിക്കുന്നത്.

Read also: മരിച്ചവരുടെ നഗരത്തിൽ കണ്ടെത്തിയത് 1400 മമ്മികൾ; ആ ദുരൂഹ മരണങ്ങളുടെ കഥ പുറത്ത്!

‘ക്യൂട്ട്നസ് ഓവർലോഡഡ്..അവന്റെ വാവയ്ക്ക് പല്ലുവന്നുപോലും..എന്റെ ക്ലാസ്സിലെ മുസമ്മിൽ എഴുതിയത്’ എന്ന കുറിപ്പിനൊപ്പമാണ് ടീച്ചറായ സൗമ്യ മുസമ്മിലിന്റെ ഡയറികുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നോക്കൂ. മുതിർന്നവരും അവരുടെ ചുറ്റുമുള്ള കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയിരുന്നെങ്കിൽ, അല്ലെ?

Story highlights- diary of a third standard kid